'ഇവിടെ കോണ്‍ഗ്രസ് മരിക്കുമ്പോള്‍ പാകിസ്താന്‍ കരയുന്നു'; പ്രതിപക്ഷത്തെ ലക്ഷ്യം വച്ച് വീണ്ടും മോദി

'ഇവിടെ കോണ്‍ഗ്രസ് മരിക്കുമ്പോള്‍ പാകിസ്താന്‍ കരയുന്നു'; പ്രതിപക്ഷത്തെ ലക്ഷ്യം വച്ച് വീണ്ടും മോദി

മുംബൈ ഭീകരാക്രമണം പോലുള്ള സാധ്യമാകുന്ന തരത്തില്‍ 2014-ന് മുമ്പുണ്ടായിരുന്ന പോലത്തെ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു
Updated on
1 min read

കോണ്‍ഗ്രസിനെതിരേ വീണ്ടും കടന്നാക്രമണം നടത്തി പ്രധാനമന്ത്രി നര്രേന്ദ മോദി. ഗുജറാത്തില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ പാകിസ്താന്‍ അനുകൂലികളെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ പ്രതാപം അവസാനിക്കുമ്പോള്‍ വിഷമിക്കുന്നത് പാകിസ്താനാണെന്നും മോദി പറഞ്ഞു. മുംബൈ ഭീകരാക്രമണം പോലുള്ള സാധ്യമാകുന്ന തരത്തില്‍ 2014-ന് മുമ്പുണ്ടായിരുന്ന പോലത്തെ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

''കോണ്‍ഗ്രസ് ഇവിടെ മരിക്കുമ്പോള്‍ അവിടെ പാകിസ്താന്‍ കരയുകയാണ്. പാകിസ്താന്റെ വിശ്വസ്ത അനുയായികളാണ് ഇന്ത്യയിലെ കോണ്‍ഗ്രസ്. മുംബൈ ഭീകരാക്രമണം പോലുള്ള സാധ്യമാകണമെങ്കില്‍ 2014-ന് മുമ്പുണ്ടായിരുന്നതു പോലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ വരണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്,'' മോദി പറഞ്ഞു.

ഇതാദ്യമായല്ല കോണ്‍ഗ്രസിന് പാകിസ്താനുമായി നിഗൂഡബന്ധമുണ്ടെന്ന് മോദി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിലും കോണ്‍ഗ്രസിന് പാകിസ്താനുമായി ബന്ധമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

കേരളത്തില്‍ എസ്‌ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെയാണ് മോദി വിമര്‍ശിച്ചത്. ''വയനാട് സീറ്റില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ സ്വീകരിച്ചു. പിഎഫ്ഐ ഒരു ദേശവിരുദ്ധ സംഘടനയാണ്. തീവ്രവാദപ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. ഒരു സീറ്റില്‍ ജയിക്കാന്‍ വേണ്ടി അവര്‍ രാജ്യ താല്പര്യത്തെയാണ് ഹനിക്കുന്നത്,'' മോദി ആരോപിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരേ വ്യക്തിപരമായ ആക്രമണവും മോദി അഴിച്ചുവിട്ടു. രാഹുലിന്റെ പേരെടുത്തു പറയാതെന്ന 'കോണ്‍ഗ്രസിന്റെ രാജകുമാരന്‍' എന്നു വിശേഷിപ്പിച്ചായിരുന്നു വിമര്‍ശനം.

''കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഹൈന്ദവ രാജവംശത്തിലെ രാജാക്കന്മാരെയെല്ലാം അവരുടെ ചെയ്തികളുടെ പേരില്‍ അപമാനിക്കുന്നു. എന്നാല്‍ മുസ്ലീം രാജവംശത്തില്‍പ്പെട്ട നവാബുമാരും നൈസാമുകളും സുല്‍ത്താന്മാരും ഈ നാട്ടിലെ ജനങ്ങളോട്, പ്രത്യേകിച്ച് ഹൈന്ദവരോടും അവരുടെ ആരാധനാലയങ്ങളോടും കാട്ടിയ അതിക്രമങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടില്ല. മുഗള്‍ രാജാവായ ഔറംഗസേബ് ചെയ്ത ക്രൂരതകളെക്കുറിച്ച് മിണ്ടില്ല. കാരണം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അവര്‍ക്ക് ഔറംഗസേബിനെ തുണയ്ക്കുന്ന പാര്‍ട്ടികളുടെ പിന്തുണ വേണം. ഹിന്ദുക്കളെ കൊന്നൊടുക്കിയ, ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ത്തവരെക്കുറിച്ച് പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തകരും,'' മോദി വിമര്‍ശിച്ചു.

logo
The Fourth
www.thefourthnews.in