നിർദേശം പ്രായോഗികമല്ല, പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണില്ലെന്ന് കമ്മിഷൻ; ഇന്ത്യ സഖ്യത്തിന്റെ ആശങ്കയ്ക്ക് കാരണമെന്ത് ?
പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്ന ഇന്ത്യ സംഖ്യത്തിന്റെ നിർദേശം തള്ളി തിരഞ്ഞടുപ്പ് കമ്മിഷൻ. പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണുകയെന്നത് പ്രായോഗികമല്ലന്നും വോട്ടുകൾ സൂക്ഷിച്ചുവെക്കാൻ വ്യവസ്ഥയുണ്ടെന്നും കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമ്മിഷൻ പറഞ്ഞു.
എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യ മുന്നണി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദർശിച്ചത്. ഫോം 17 സിയിൽ ബൂത്ത് തിരിച്ചുള്ള വോട്ടിങ് കണക്കുകൾ ലഭ്യമാക്കണമെന്നും ഇന്ത്യമുന്നണി ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മിഷനെ സമീപിച്ചത്.
വോട്ടെണ്ണൽ പ്രക്രിയ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിക്കണമെന്നും അവ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
മുതിർന്ന പൗരന്മാർക്കും (85 വയസും അതിനുമുകളിലും പ്രായമുള്ളവർ) ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ അനുമതി നൽകിയതിനാൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായും ഇന്ത്യമുന്നണി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ പറഞ്ഞു.
ഫലം അട്ടിമറിക്കാൻ ജില്ല കളക്ടർമാരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടുവിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷനെ അപമാനിക്കാൻ ഇന്ത്യമുന്നണി ശ്രമിക്കുകയാണെന്ന് കാണിച്ച് ബിജെപി നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിട്ടുണ്ട്.
എന്താണ് ഇന്ത്യ മുന്നണിയുടെ ആശങ്കയ്ക്ക് കാരണം ?
2019 വരെയുള്ള കാലഘട്ടത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി പൂർത്തിയായശേഷം മാത്രമായിരുന്നു വോട്ടിങ് മെഷിനിലെ വോട്ടുകൾ എണ്ണാറുണ്ടായിരുന്നത്. വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ തപാൽ വോട്ടുകൾ എണ്ണുകയും തുടർന്ന് അരമണിക്കൂറിനുശേഷം വോട്ടിങ് മെഷീൻ എണ്ണാൻ ആരംഭിക്കുകയുമായിരുന്നു പതിവ്.
തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷം മാത്രമേ ഇലക്ടോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണാൻ തുടങ്ങുകയുള്ളൂ. ഒരു കാരണവശാലും, തപാൽ ബാലറ്റ് കൗണ്ടിങ് അന്തിമമാക്കുന്നതിന് മുമ്പ് ഇവിഎം എണ്ണലിന്റെ എല്ലാ റൗണ്ടുകളുടെയും ഫലങ്ങൾ പ്രഖ്യാപിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരുന്ന ഹാൻഡ് ബുക്കിലെ നിർദേശം.
എന്നാൽ തപാൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് 2019 ൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ മാർഗനിർദേശങ്ങൾ പുറത്തുവന്നു. തപാൽ വോട്ടുകളുടെ എണ്ണം വർധിച്ചതും വിവിപാറ്റുകൾ കൂടി എണ്ണേണ്ടതിനാലുമായിരുന്നു പുതിയ നിർദേശം വന്നത്. തപാൽ ബാലറ്റുകളുടെ എണ്ണൽ പൂർത്തിയായശേഷം മാത്രമേ ഇവിഎം എണ്ണലിന്റെ അവസാന റൗണ്ട് തുടങ്ങാവൂയെന്ന നിർദേശമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചത്. 'തപാൽ ബാലറ്റ് എണ്ണൽ ഘട്ടം പരിഗണിക്കാതെ തന്നെ ഇവിഎം എണ്ണൽ തുടരാം'. ഇവിഎം എണ്ണൽ പൂർത്തിയായാൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാം' എന്നുമായിരുന്നു പുതിയ നിർദ്ദേശം.
തപാൽ ബാലറ്റുകൾ വീണ്ടും എണ്ണുന്നതിനുള്ള ചട്ടവും കമ്മിഷൻ പരിഷ്‌കരിച്ചിരുന്നു. നേരത്തെ, വിജയത്തിന്റെ മാർജിൻ മൊത്തം പോസ്റ്റൽ ബാലറ്റുകളുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണിയിരുന്നു.
പുതിയ നിർദ്ദേശത്തിൽ വോട്ടെണ്ണൽ സമയത്ത് അസാധുവാണെന്ന് നിരസിച്ച തപാൽ ബാലറ്റുകളുടെ മാർജിൻ അത്തരം ബാലറ്റുകളുടെ എണ്ണത്തേക്കാൾ കുറവാണെങ്കിൽ വീണ്ടും പരിശോധിക്കും.
പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് വോട്ടെണ്ണൽ പ്രക്രിയയിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. 2019 മേയിലെ കത്ത് പിൻവലിക്കാനും റിട്ടേണിങ് ഓഫീസർ ആദ്യം തപാൽ ബാലറ്റ് പേപ്പറുകൾ കൈകാര്യം ചെയ്യണമെന്ന് പറയുന്ന 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ 54 എ ചട്ടത്തിന് അനുസൃതമായി നിർദേശങ്ങൾ നൽകാനുമാണ് ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.