'400 സീറ്റ് നേടുമെന്ന അവകാശവാദം അഹങ്കാരം'; നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെ വിമർശിച്ച് പ്രകാശ് രാജ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനെതിരെ നടന്‍ പ്രകാശ് രാജ്. 400 സീറ്റ് നേടുമെന്ന അവകാശവാദം അഹങ്കാരമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പിന്റെ വക്താക്കളാണ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെയോ നരേന്ദ്ര മോദിയെയോ പേരെടുത്ത് പറയാതെയായിരുന്നു വിമർശനവും പരിഹാസവും.
ഇതിനുപുറമെ ഒന്‍പത് ബോളിവുഡ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച് പ്രൊപ്പഗണ്ട ചിത്രങ്ങളെന്നും പ്രകാശ് രാജ് വിമർശിച്ചു. ഈ ചിത്രങ്ങളെ ഇലക്ടറല്‍ ബോണ്ട് സീരീസ് എന്ന് വിളിക്കാമോയെന്നാണ് പ്രകാശ് രാജ് ഉന്നയിച്ചിരിക്കുന്ന ചോദ്യം. ഇലക്ടറല്‍ ബോണ്ട് തട്ടിപ്പെന്നും ഹാഷ്‌ടാഗില്‍ നടന്‍ കുറിച്ചിട്ടുണ്ട്. സവർക്കർ, ജെഎന്‍യു, ദ വാക്സിന്‍ വാർ, ആക്സിഡെന്റ് ഓർ കോണ്‍സ്പിരസി ഗോദ്ര, ആർട്ടിക്കിള്‍ 370 തുടങ്ങിയവയാണ് പ്രകാശ് രാജ് പങ്കുവെച്ചതില്‍ പ്രധാനപ്പെട്ട പോസ്റ്ററുകള്‍.
ബിജെപിയുടേയും നരേന്ദ്ര മോദി സർക്കാരിന്റേയും സ്ഥിരം വിമർശകന്‍കൂടിയായ പ്രകാശ് രാജ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായായിരുന്നു അന്ന് പ്രകാശ് രാജ് മത്സരിച്ചത്. ബിജെപി സ്ഥാനാർഥി പി സി മോഹനന്‍ ആറ് ലക്ഷത്തിലധികം വോട്ടുനേടിയായിരുന്നു അന്ന് വിജയിച്ചത്. പ്രകാശ് രാജിന് ലഭിച്ചതാകട്ടെ 28,906 വോട്ടുകളും.