ചെറിയ അസ്വസ്ഥതകള്‍ സര്‍ക്കാരിനെ വീഴ്ത്താം, മൂന്നാം മോദി സര്‍ക്കാരിന് നിലനില്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വരും: രാഹുല്‍ ഗാന്ധി

ചെറിയ അസ്വസ്ഥതകള്‍ സര്‍ക്കാരിനെ വീഴ്ത്താം, മൂന്നാം മോദി സര്‍ക്കാരിന് നിലനില്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വരും: രാഹുല്‍ ഗാന്ധി

ജൂണ്‍ നാലിനുവന്ന തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപ്രകൃതി മാറ്റത്തിന് വിധേയമായി
Updated on
1 min read

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന് നിലനില്‍ക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 272 സീറ്റുകളുടെ കേവല ഭൂരിപക്ഷം നേടാന്‍ ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് മൂന്നാം ടേമില്‍ നിലനില്‍ക്കാന്‍ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.

ജൂണ്‍ നാലിനുവന്ന തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപ്രകൃതി മാറ്റത്തിന് വിധേയമായി. ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയിലെ ഇടങ്ങൾകൂടുതൽ തുറന്നിട്ടിരിക്കുകയാണ്- രാഹുല്‍ ഗാന്ധിയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സംബന്ധിച്ച് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാളും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 293 സീറ്റ് നേടയപ്പോള്‍ ഇന്ത്യ സഖ്യത്തിന് 234 സീറ്റുകള്‍ നേടാന്‍ സാധിച്ചു. ഇത് ലോക്‌സഭയിലെ പ്രതിപക്ഷ സ്ഥാനത്തേക്ക് മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിന്‌റെ മുന്‍നിരയിലേക്ക്കൂടിയാണ് രാഹുല്‍ഗാന്ധി എന്ന നേതാവിനെ കൊണ്ടുവന്നതെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ഈ സർക്കാരിന് ഭൂരിപക്ഷം കുറവാണ്, ചെറിയ അസ്വസ്ഥതകള്‍ സര്‍ക്കാരിനെ വീഴ്ത്തിയേക്കാം, ഒരു സഖ്യകക്ഷി മറ്റൊരു വഴിക്ക് തിരിഞ്ഞേക്കാം- രാഹുല്‍ അഭിമുഖത്തിൽ പറഞ്ഞു.

നിങ്ങള്‍ക്ക് വിദ്വേഷം പരത്താം, ദേഷ്യം പടര്‍ത്താം, അതിന്‌റെ നേട്ടം കൊയ്യാം- ഇതിനെയാണ് ഇന്ത്യന്‍ ജനത ഈ തിരഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും മുന്‍പത്തെ രണ്ട് ടേമുകളില്‍നിന്ന് വ്യത്യസ്തമായി 543 അംഗ സഭയില്‍ 272 എന്ന പകുതി കടക്കുന്നതിന് സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണെന്നും ഇത് രാഷ്ട്രീയമായ സാധ്യതകൾ വളരെയേറെ തുറന്നിടുന്നതാണെന്നും രാഹുൽ പറഞ്ഞു.

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുമെന്നും അവിടെ സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വയനാട്ടില്‍ പ്രിയങ്ക വിജയിക്കുകയാണെങ്കില്‍ ആദ്യമായാകും അവര്‍ പാര്‍ലമെന്‌റിലേക്ക് എംപിയായി എത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗാന്ധി കുടുംബാംഗങ്ങളായ സോണിയ ഗാന്ധിയും മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് പാര്‍ലമെന്‌റിലേക്ക് എത്തുന്നതും ആദ്യമായാകും.

logo
The Fourth
www.thefourthnews.in