രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്; പ്രമേയം പാസാക്കി പ്രവര്‍ത്തക സമിതി, വയനാടിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഐകകണ്‌ഠേനയാണ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ച രാഹുല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകണം എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലില്ലായ്മ, ഭരണഘടനാ സംരക്ഷണം, വിലക്കയറ്റം, അഗ്നിവീര്‍ അടക്കമുള്ള നിരവധി വിഷയങ്ങളാണ് രാഹുല്‍ പ്രചാരണ വേളയില്‍ ചര്‍ച്ചയാക്കിയത്. ഈ വിഷയങ്ങളെല്ലാം ഇനിയും പ്രാധാന്യത്തോടെ ഉയര്‍ത്തണമെങ്കില്‍ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉണ്ടാകണം എന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യ സഖ്യം നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന ജെഡിയുവിന്റെ അവകാശവാദത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, വയനാട്ടിലും റായ്ബറേയിലും നിന്ന് മത്സരിച്ച് ജയിച്ച രാഹുല്‍ ഏത് മണ്ഡലം ഒഴിയും എന്നതിനെ കുറിച്ച് പതിനേഴാം തീയതിക്ക് മുന്‍പ് തീരുമാനമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ തുടരണമെന്ന് യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നു. റായ്ബറേലിയില്‍ രാഹുല്‍ തുടരുന്നത് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് ഊര്‍ജം നല്‍കുമെന്നും വിലയിരുത്തലുണ്ടായി.
രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ഇന്ത്യ മുന്നണിയിലും ആവശ്യമുയര്‍ന്നിരുന്നു. പതിനേഴാം ലോക്‌സഭയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയായിരുന്നു കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. അതേസമയം, നരേന്ദ്ര മോദി നാളെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 7.30-നാണ് സത്യപ്രതിജ്ഞ. കഴിഞ്ഞദിവസം നരേന്ദ്ര മോദിയെ സര്‍ക്കാരുണ്ടാക്കാനായി രാഷ്ട്രപതി ക്ഷണിച്ചിരുന്നു.