ബിഹാറില്‍ വോട്ട് വിഹിതത്തിൽ ഒന്നാംസ്ഥാനത്ത് ആര്‍ജെഡി; ബിജെപി, ജെഡിയു വോട്ട് ശതമാനത്തിലും ഭൂരിപക്ഷത്തിലും ഗണ്യമായ ഇടിവ്

ബിഹാറില്‍ വോട്ട് വിഹിതത്തിൽ ഒന്നാംസ്ഥാനത്ത് ആര്‍ജെഡി; ബിജെപി, ജെഡിയു വോട്ട് ശതമാനത്തിലും ഭൂരിപക്ഷത്തിലും ഗണ്യമായ ഇടിവ്

നാലു സീറ്റുകളില്‍ മാത്രമാണ് ആര്‍ജെഡി വിജയിച്ചത്. എന്നാല്‍, ബിഹാറിലെ വോട്ടിങ് ശതമാനക്കണക്കില്‍ ഒന്നാമതാണ് പാര്‍ട്ടി
Updated on
2 min read

ബിഹാറില്‍ 40 സീറ്റുകളില്‍ 31ഉം നേടി എന്‍ഡിഎ സഖ്യം മികച്ച വിജയം നേടിയെങ്കിലും വോട്ട് ശതമാനത്തിലും ഭൂരിപക്ഷത്തിലും ഗണ്യമായ കുറവ് സംഭവിച്ചെന്ന് കണക്കുകള്‍. 17 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് 12 സീറ്റുകള്‍ വിജയിക്കാനായപ്പോള്‍ 16 സീറ്റുകളില്‍ മത്സരിച്ച ജെഡിയുവും 12 സീറ്റുകളില്‍ ജയം കണ്ടെത്തി. എന്നാല്‍, ഈ ഇരുപാര്‍ട്ടികളേയും മറികടന്ന് ജനങ്ങളുടെ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡിക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വോട്ടിങ് ശതമാനക്കണക്കില്‍ നിന്നു വ്യക്തമാകുന്നു.

നാലു സീറ്റുകളില്‍ മാത്രമാണ് ആര്‍ജെഡി വിജയിച്ചത്. എന്നാല്‍, ബിഹാറിലെ വോട്ടിങ് ശതമാനക്കണക്കില്‍ ഒന്നാമതാണ് പാര്‍ട്ടി. ആകെ 95,883,65 വോട്ടുകള്‍ നേടിയ ആര്‍ജെഡിയുടെ വോട്ടിങ് ശതമാനം 22.14 ശതമാനമാണ്. 2019ലെ അപേക്ഷിച്ച് ആറു ശതമാനമാണ് ആര്‍ജെഡി ഉയര്‍ത്തിയത്. 2025ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ ശുഭസൂചന ആയാണ് പാര്‍ട്ടി ഇതിനെ കണക്കാക്കുന്നത്.

2019ല്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം 25 സീറ്റുകള്‍ വിജയിച്ചത് രണ്ടു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷത്തിനായിരുന്നു. 13 സീറ്റുകള്‍ മൂന്നു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷത്തിനും. എന്നാല്‍ ഇത്തവണ രണ്ടു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് നേടാനായത് രണ്ടു സീറ്റുകളില്‍ മാത്രം. അരാരിയ, മുസാഫര്‍പുര്‍ എന്നീ സീറ്റുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് രണ്ടു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നേടാനായത്. സരണ്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി രാജീവ് പ്രതാപ് റൂഡിക്കാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ലാലു പ്രസാദ് യാദവിന്റെ മകളും ആര്‍ജെഡി സ്ഥാനാര്‍ഥിയുമായ രോഹിണി ആചാര്യയെ 13,600 വോട്ടുകള്‍ക്കാണ് രാജീവ് പരാജയപ്പെടുത്തിയത്. മുസഫര്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി രാജ്ഭൂഷണ്‍ ചൗധരി കോണ്‍ഗ്രസിന്റെ അജയ് നിഷാദിനെതിരേ നേടിയ 2.35 ലക്ഷം വോട്ടാണ് സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം.

ബിഹാറില്‍ വോട്ട് വിഹിതത്തിൽ ഒന്നാംസ്ഥാനത്ത് ആര്‍ജെഡി; ബിജെപി, ജെഡിയു വോട്ട് ശതമാനത്തിലും ഭൂരിപക്ഷത്തിലും ഗണ്യമായ ഇടിവ്
'ഗ്യാരണ്ടി ഏറ്റില്ല'; മോദി പ്രചാരണം നടത്തിയ 77 സീറ്റുകളില്‍ എൻഡിഎയ്ക്ക് തോൽവി

2019നേക്കള്‍ 3.5 ശതമാനം വോട്ട് കുറഞ്ഞ് 20.5 ശതമാനമാണ് ഇത്തവണ ബിജെപിക്ക് നേടാനായത്. ജെഡിയുവിനാകട്ടെ 3.75 ശതമാനത്തിന്റെ കുറവുണ്ടായി. 18.52 ശതമാനമാണ് ജെഡിയുവിന്റെ ഇത്തവണത്തെ വോട്ടിങ് ശതമാനം. അതേസമയം, മത്സരിച്ച അഞ്ചു സീറ്റുകളും വിജയിച്ചെങ്കിലും എല്‍ജെപിക്കും വോട്ടിങ് ശതമാനത്തില്‍ ഇടിവുണ്ടായി. 2019ല്‍ എട്ട് ശതമാനമായത് 6.5ലേക്കാണ് താഴ്ന്നത്.

അതേസമയം, 2019ല്‍ 15.7 ശതമാനം വോട്ടുണ്ടായിരുന്നിടത്താണ് ആര്‍ജെഡി അത് 22.14ലേക്ക് ഉയര്‍ത്തിയത്. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയും ആര്‍ജെഡി തന്നെയാണ്. പൂജ്യം സീറ്റില്‍ നിന്നാണ് ആര്‍ജെഡി ഇത്തവണ നാലു സീറ്റ് നേടിയതെന്നതും ശ്രദ്ധേയമാണ്. അതേസമയം, ആര്‍ജെഡിക്കൊപ്പം സഖ്യമായി മത്സരിച്ച കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2019ലെ 7.9 ശതമാനമെന്നത് 9.2% ആണ് ഇത്തവണ.

logo
The Fourth
www.thefourthnews.in