കോൺഗ്രസിലേക്കില്ലെന്ന് സദാനന്ദ ഗൗഡ; കുടുംബാധിത്യത്തെ എതിർക്കും, മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ പിന്തുണ
ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം തള്ളി കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ. ബെംഗളൂരുവിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഒരാഴ്ചയായി പരക്കുന്ന അഭ്യൂഹത്തിനു വിരാമമിട്ട് ബിജെപി വിടാനില്ലെന്നു സദാനന്ദ ഗൗഡ വ്യക്തമാക്കിയത്. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് സദാനന്ദ ഗൗഡ ബിജെപിതൃത്വവുമായി ഇടഞ്ഞതിനെത്തുടർന്നായിരുന്നു പാർട്ടി വിടുമെന്ന അഭ്യൂഹമുയർന്നത്.
താന്‍ സിറ്റിങ് എംപിയായ ബെംഗളൂരു നോര്‍ത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നിരാശ തോന്നിയതായി സദാനന്ദ ഗൗഡ പറഞ്ഞു. ആ സീറ്റ് മറ്റൊരാൾക്ക് നൽകിയത് താൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. കോൺഗ്രസിൽനിന്ന് ക്ഷണമുണ്ടായിരുന്നു. പക്ഷേ താൻ കോൺഗ്രസിൽ ചേരുന്നില്ലെന്നും സദാനന്ദ ഗൗഡ വിശദീകരിച്ചു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി ബിജെപിക്കൊപ്പം നിലകൊള്ളാനാണ് തീരുമാനം. പാർട്ടിയിലെ കുടുംബാധിപത്യത്തെയാണ് താൻ ചോദ്യം ചെയ്തത്. നരേന്ദ്ര മോദിയും കുടുംബാധിപത്യത്തെ എതീർക്കുന്നയാളാണ്.
അതേസമയം, ബിജെപിയിലെ കുടുംബാധിപത്യത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് സദാനന്ദ ഗൗഡ ഒഴിഞ്ഞുമാറി. കുടുംബാധിപത്യത്തിനെതിരെയുളള ഒറ്റയാൾ പോരാട്ടം തുടരുമെന്നും തിരഞ്ഞെടുപ്പ് കാലമായതിനാൽ മറ്റു കാര്യങ്ങൾ പറയാനില്ലെന്നുമായിരുന്നു ഗൗഡയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന നേതാക്കള്‍ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ടിക്കറ്റ് മറ്റൊരാൾക്ക് നൽകിയെന്ന് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി. തനിക്ക് ടിക്കറ്റ് നിഷേധിച്ചതിന് പിന്നിലുള്ളവർ ആരെന്നു പേര് പറഞ്ഞു പരാമർശിക്കാതെയായിരുന്നു സദാനന്ദ ഗൗഡയുടെ പ്രതികരണം.
ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ സിറ്റിങ് എം പിയായ സദാനന്ദ ഗൗഡ പാർട്ടി നിർദേശ പ്രകാരമായിരുന്നു മാസങ്ങൾക്കു മുൻപ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചത്. അദ്ദേഹത്തിന് വീണ്ടും മത്സരിക്കണമെന്ന മോഹമുണ്ടായത് തിരഞ്ഞെടുപ്പ് കാലമായതോടെയായിരുന്നു. ഇതോടെ നേതൃത്വത്തെ സമീപിച്ചെങ്കിലും മണ്ഡലം രാഷ്ട്രീയ നീക്കുപോക്കിന്റെ ഭാഗമായി മറ്റൊരു സ്ഥാനാർഥിക്കു നൽകാൻ ബിജെപി നിശ്ചയിക്കുകയായിരുന്നു.
എന്നാൽ ആ സ്ഥാനാർത്ഥിക്ക് പകരം ഉഡുപ്പി - ചിക്കമഗളൂരു മണ്ഡലത്തിലെ സിറ്റിങ് എംപി ശോഭ കരന്തലജെയെ നോർത്തിൽ സ്ഥാനാർത്ഥിയായി. ഇതോടെയായിരുന്നു സദാനന്ദ ഗൗഡ പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. നേരത്തെ കർണാടകയിൽ ബിജെപി - ജെഡിഎസ് ബാന്ധവത്തെ എതിർത്തും സദാനന്ദ ഗൗഡ പരസ്യ നിലപാടെടുത്തിരുന്നു.
സദാനന്ദ ഗൗഡക്കു മൈസൂർ - കുടക് മണ്ഡലത്തിൽ ടിക്കറ്റ് നൽകി ബിജെപി സ്ഥാനാർഥി യദുവീർ കൃഷ്ണരാജ വോഡയാർക്കെതിരെ മത്സരിപ്പിക്കാനുള്ള നീക്കമായിരുന്നു കോൺഗ്രസ് നടത്തിയത്. എന്നാൽ ബിജെപിയിൽനിന്നുള്ള അതൃപ്തരെ സ്വീകരിച്ച് മത്സരിപ്പിക്കുന്നതിനോട് മുഖ്യമന്ത്രി സിദ്ധരാമയ്യ വിയോജിച്ചു. ഇതോടെ കെപിസിസി നേതൃത്വം സദാനന്ദ ഗൗഡയെ ചിക്കബല്ലാപുര മണ്ഡലത്തിൽ പരിഗണിച്ചു വരികയായിരുന്നു. ഇക്കാര്യമറിഞ്ഞ ബിജെപി നേതൃത്വം സദാനന്ദ ഗൗഡയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തി കോൺഗ്രസ് പ്രവേശത്തിന് തടയിടുകയായിരുന്നു. സദാനന്ദ ഗൗഡയെ പിടിച്ചുനിർത്താനായത് ബിജെപിയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് കാലത്ത് വലിയ നേട്ടമാണ്.