'നേതാജിയായി' അഖിലേഷിന്റെ ഉദയം; യുപിയില്‍ ബിജെപിയെ തറപറ്റിച്ച് എസ്പി; 'ഇന്ത്യയുടെ' പടനായകന്‍

'നേതാജിയായി' അഖിലേഷിന്റെ ഉദയം; യുപിയില്‍ ബിജെപിയെ തറപറ്റിച്ച് എസ്പി; 'ഇന്ത്യയുടെ' പടനായകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലീഡ് നില പോലും വന്‍രീതിയില്‍ കുറയ്ക്കാന്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനായി.
Updated on
2 min read

ഉത്തര്‍പ്രദേശില്‍ ബിജെപിയെ വിറപ്പിച്ച് ഇന്ത്യ സഖ്യം. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള പോരാട്ടത്തില്‍ ബിജെപി കോട്ടകള്‍ തകര്‍ന്നുവീണു. അവസാന ഫല സൂചനകള്‍ പ്രകാരം, എസ്പി 37 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 32 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസ് ഏഴ് സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്ന അഞ്ചിലേറെ മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെയാണ് ലീഡ്. ഈ സീറ്റുകളില്‍ എന്തും സംഭവിക്കാം എന്ന സാഹചര്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലീഡ് നില പോലും വന്‍രീതിയില്‍ കുറയ്ക്കാന്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനായി. വോട്ടെണ്ണലിന്റെ രണ്ടാംഘട്ടത്തില്‍ വാരാണസിയില്‍ മോദി 6,000 വോട്ടിന് പിന്നില്‍ പോയത് ബിജെപിയെ ഞെട്ടിച്ചു. കോണ്‍ഗ്രസിന്റെ അജയ് റായ് മോദിയുടെ വോട്ട് ബാങ്കുകള്‍ പിടിച്ചുകുലുക്കി.

അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപി പിന്നിലായത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. എസ്പിയുടെ അവദേശ് പ്രസാദ് 14,118 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്റെ വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരി സംഭവം നടന്ന ഖേരി മണ്ഡലത്തില്‍ ബിജെപിക്ക് അടിപതറി. എസ്പിയുടെ ഉത്കര്‍ഷ് വെര്‍മ മാഥുര്‍ 19,996 വോട്ടിന് മുന്നിലാണ്.

'നേതാജിയായി' അഖിലേഷിന്റെ ഉദയം; യുപിയില്‍ ബിജെപിയെ തറപറ്റിച്ച് എസ്പി; 'ഇന്ത്യയുടെ' പടനായകന്‍
ആരാകും കിങ് മേക്കര്‍?; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍

അഖിലേഷ്; പുതിയ 'നേതാജി'

അഖിലേഷ് യാദവിന്റെ കൃത്യവും കണിശവുമായ നീക്കങ്ങളാണ് ഇന്ത്യ സഖ്യത്തിന് വലിയ മുന്നേറ്റം സാധ്യമാക്കാന്‍ സാധിച്ചത്. സീറ്റ് പങ്കിടല്‍ മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം വരെ കണിശമായ നീക്കങ്ങളാണ് എസ്പി നടത്തിയത്. ആദ്യം സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വിയോജിച്ചെങ്കിലും ആ എതിര്‍സ്വരങ്ങള്‍ ദേശീയനേതൃത്വം ഇടപെട്ട് ഇല്ലാതാക്കി. സമാജ് വാദി പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കാനായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനോട് ആവശ്യപ്പെട്ടത്. സഖ്യകക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പ്പോലും അഖിലേഷ് ജാഗ്രത പാലിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പഴയ ശൈലി മാറ്റിയതാണ് എസ്പിയെ തുണച്ച പ്രധാന ഘടകം. അഖിലേഷിന്റെ പിഡിഎ മുദ്രാവാക്യത്തില്‍ ഊന്നിനിന്നായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും നടത്തിയത്. പിന്നാക്ക, ദളിത്, ന്യൂനപക്ഷ ഐക്യം ലക്ഷ്യമിട്ടുള്ള മുദ്രാവാക്യമാണ് പിഡിഎ. തങ്ങളുടെ സ്ഥിരം വോട്ട് ബാങ്കായ യാദവ, മുസ്ലിം വോട്ടുകള്‍ക്ക് പുറമേ, ദളിത്, പിന്നാക്ക വിഭാഗത്തിന്റെ വോട്ടുറപ്പിക്കാനും എസ്പിക്കായി. അഞ്ച് യാദവ സ്ഥാനാര്‍ഥികള്‍ മാത്രമാണ് എസ്പി സ്ഥാനാര്‍ഥികളായത്. അതും അഖിലേഷിന്റെ കുടുംബത്തില്‍ നിന്ന്. മുലായം സിങ് യാദവിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയായിരുന്നു എസ്പിയുടെ പ്രചാരണം. അഖിലേഷ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയതും പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉണര്‍ത്തി.

'നേതാജിയായി' അഖിലേഷിന്റെ ഉദയം; യുപിയില്‍ ബിജെപിയെ തറപറ്റിച്ച് എസ്പി; 'ഇന്ത്യയുടെ' പടനായകന്‍
കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, രാഷ്ട്രീയക്കളിക്ക് ഒരുങ്ങി ' ഇന്ത്യ' മുന്നണിയും

എസ്പിയുടെ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും ദളിത്, പിന്നാക്ക വിഭാഗത്തില്‍ നിന്നായിരുന്നു. ഇത് ബിജെപിയുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു. മുസ്ലിം വോട്ട് ബാങ്ക് ഭിന്നിപ്പില്‍ ലക്ഷ്യമിട്ട് ബിഎസ്പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ മായാവതിയുടെ ശക്തിയായിരുന്ന ദളിത് വോട്ടുകള്‍ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ ഈ നീക്കത്തിലൂടെ എസ്പിക്ക് സാധിച്ചു.

'നേതാജിയായി' അഖിലേഷിന്റെ ഉദയം; യുപിയില്‍ ബിജെപിയെ തറപറ്റിച്ച് എസ്പി; 'ഇന്ത്യയുടെ' പടനായകന്‍
വലതു ചാഞ്ഞ്, ഇടതിനെ തള്ളി കേരളം, താമര വിരിയിച്ച് തൃശൂര്‍

അഖിലേഷിന് പിന്നില്‍ നടന്ന് രാഹുല്‍, പിടിച്ചെടുത്ത് ഇന്ത്യ സഖ്യം

കലഹങ്ങളൊന്നുമില്ലാതെ കോണ്‍ഗ്രസ് എസ്പിക്ക് പിന്നില്‍ അണിനിരന്നു. ഫലം, രാഹുലിനും കൂട്ടര്‍ക്കും യുപി മണ്ണിലേക്ക് തിരിച്ചുവരവിനുള്ള കളമൊരുങ്ങി. ബിജെപിയുടെ അപ്രമാദിത്യം കുറയുകയും മത്സരിച്ച പതിനേഴില്‍ ഏഴ് സീറ്റില്‍ വിജയിക്കുകയും ചെയ്തതോടെ, കോണ്‍ഗ്രസിന് യുപിയില്‍ നിവര്‍ന്നുനില്‍ക്കാനുള്ള ശേഷിയുണ്ടായി. വാരാണസിയില്‍ മോദിയെ വിറപ്പിച്ച അജയ് റായിയും അമേഠിയില്‍ സ്മൃതി ഇറാനിയെ വെള്ളം കുടിപ്പിച്ച കിഷോരിലാല്‍ ശര്‍മയും കോണ്‍ഗ്രസിന്റെ ഫയര്‍ ബ്രാന്‍ഡുകളായി യുപിയില്‍ ഉയര്‍ന്നുവരും.

രാമക്ഷേത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുപിയില്‍ ബിജെപിയുടെ പ്രചാരണം. എന്നാല്‍ ബിജെപിയുടെ ഏറ്റവും വലിയ ഹിന്ദുത്വ പരീക്ഷണ ശാലയായ യുപിയിലെ ജനങ്ങള്‍, ബിജെപിയെ കൈവിട്ടു. കൊടിയ വര്‍ഗീയ പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റേയും നേതൃത്വത്തില്‍ ബിജെപി യുപിയില്‍ നടത്തിയത്. യുപിയില്‍ നടത്തിയ എല്ലാ പ്രസംഗങ്ങളിലും മോദി രാമക്ഷേത്രം പരാമര്‍ശിക്കുകയും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

എന്നാല്‍, അയോധ്യ സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ പോലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്‍കൗണ്ടര്‍ കൊലകളും ബുള്‍ഡോസര്‍ രാഷ്ട്രീയവും ചര്‍ച്ചയാക്കുന്നതില്‍ എസ്പി വിജയിച്ചു. ഇന്ത്യ സഖ്യത്തിന്റെ പ്രചാരണത്തിന്റെ മുന്നണി പോരാളി അഖിലേഷ് ആയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ രാഹുല്‍ ഗാന്ധി യുപിയിലേക്ക് പോയതേയില്ല. പകരം, അഖിലേഷ് ആയിരുന്നു ക്യാമ്പയിന്‍ നേതൃസ്ഥാനത്ത്. റായ്ബറേലിയില്‍ രാഹുല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, അമേഠിയില്‍ പ്രിയങ്കയും ദിഗ്‌വിജയ് സിങ്ങുമായിരുന്നു പ്രചാരണത്തിന് മുന്നില്‍നിന്നത്. അഖിലേഷിന്റേയും രാഹുലിന്റേയും റാലിയിലേക്ക് ജനപ്രവാഹമുണ്ടായി. വേദിയിലേക്ക് ജനങ്ങള്‍ തള്ളിക്കയറിയത് കാരണം നേതാക്കള്‍ക്ക് സംസാരിക്കാന്‍ സാധിക്കാതെ സ്ഥലം വിടേണ്ട സാഹചര്യം വരെയുണ്ടായി. യുപിയില്‍ ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചിരിക്കുന്നു. അഖിലേഷ് യാദവ് എസ്പിയുടെ 'നേതാജി'യായി അവതരിച്ചിരിക്കുന്നു. എസ്പിയും അഖിലേഷ് യാദവുമാണ് യഥാര്‍ഥ ജയന്റ് കില്ലര്‍.

logo
The Fourth
www.thefourthnews.in