സമസ്ത- ലീഗ് ഭിന്നത: വിവാദങ്ങള്‍ക്ക് വോട്ട് ചോര്‍ത്താനുള്ള മൂര്‍ച്ചയുണ്ടോ?

സമസ്ത- ലീഗ് ഭിന്നത: വിവാദങ്ങള്‍ക്ക് വോട്ട് ചോര്‍ത്താനുള്ള മൂര്‍ച്ചയുണ്ടോ?

സമസ്ത - മുസ്ലിം ലീഗ് ഭിന്നത പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി കെഎസ് ഹംസയെ എത്ര മാത്രം സഹായിക്കും?
Updated on
3 min read

മുസ്ലിം ലീഗിന് അവര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ പോലും വിജയിക്കുമെന്ന് ആത്മവിശ്വാസമുള്ള ലോക്‌സഭ മണ്ഡലങ്ങളാണ് മലപ്പുറവും പൊന്നാനിയും. എന്നാല്‍, എല്ലാ തവണത്തെയും പോലെയല്ല ഇത്തവണത്തെ കാര്യങ്ങള്‍. വോട്ട് ബാങ്കിന്റെ പ്രധാന ഘടകമായ സമസ്തയുമായുള്ള ചില അസ്വാരസ്യങ്ങള്‍ ഇത്തവണ ഇരു മണ്ഡലങ്ങളിലും ലീഗിന് തിരിച്ചടിയാകുമോ എന്നതാണ് തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും ഉരുത്തിരിയുന്ന ചര്‍ച്ച. മറ്റൊന്ന് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ഹംസ എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമാണ്.

പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറിനൊപ്പം പ്രചാരണത്തിൽ
പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറിനൊപ്പം പ്രചാരണത്തിൽ

സിഐസി വിവാദം തൊട്ട് പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനം വരെയുണ്ടായ വിവാദങ്ങള്‍ സമസ്തയെയും ലീഗിനെയും രണ്ട് ചേരികളിലാക്കി. ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധരായ യുവനേതാക്കളെ സാദിഖലി തങ്ങള്‍ മാറ്റിനിര്‍ത്തിയതിനു പിന്നാലെ സമസ്തയിലെ ലീഗ് വിരുദ്ധര്‍ തങ്ങള്‍ക്കെതിരെ നിരന്തരം സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങള്‍ നടത്തി. മാത്രവുമല്ല, സമസ്തയുടെ പൊതുവേദികളില്‍ പോലും പാണക്കാട് കുടുംബത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സമസ്തയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലീഗ് നേതാക്കള്‍ ഇടപെടുന്നുവെന്നതാണ് കാലങ്ങളായി സമസ്ത പരോക്ഷമായി ഉന്നയിക്കുന്ന കാര്യങ്ങളിലൊന്ന്. ഹൈദരലി തങ്ങളുടെ മരണശേഷം സാദിഖലി തങ്ങള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷമാണ് ഭിന്നത രൂക്ഷമാവുന്നത്.

പാണക്കാട് സാദിഖലി തങ്ങള്‍
പാണക്കാട് സാദിഖലി തങ്ങള്‍

ഇപ്പോള്‍ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ സമസ്തയിലെ ഒരു വിഭാഗം സിപിഎമ്മിന് അനുകൂലമായി കരുക്കള്‍ നീക്കുകയാണ്. മുന്‍ മുസ്ലിം ലീഗുകാരനും സമസ്തക്കാരനുമായിരുന്ന പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി കെഎസ് ഹംസ ഇപ്പോഴും സമസ്ത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളെ ഇഡിയുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊടുത്തത് കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു ഹംസ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെല്ലാം ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍. രണ്ടും മൂന്നും തവണ ഹംസ ഇതേകാര്യം ആവര്‍ത്തിച്ചിട്ടും ലീഗ് ക്യാമ്പില്‍നിന്ന് പ്രത്യാരോപണങ്ങളോ പ്രതികരണങ്ങളോ ഉണ്ടായില്ല. പികെ കുഞ്ഞാലിക്കുട്ടി പ്രചാരണ വേദികളിലെല്ലാം ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമാണ് പ്രസംഗിച്ചത്. പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിയും ഹംസയുടെ ആരോപണങ്ങള്‍ കേട്ട ഭാവം നടിച്ചില്ല.

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ
പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ

പിന്നീട് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം നല്‍കിയതിന്റെ പേരില്‍ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നത് സമസ്തയും-ലീഗും തമ്മിലുള്ള ഭിന്നതയെ തുറന്നുകാട്ടി. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയിലെ പ്രാദേശിക ലീഗ് നേതാവായിരുന്നു പത്രം കത്തിച്ചത്. വിവാദമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല.

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ച സുപ്രഭാതം ദിനപത്രം കത്തിക്കുന്ന തിരൂരങ്ങാടി കൊടിഞ്ഞിയിലെമുസ്സിം ലീഗ് പ്രാദേശിക നേതാവ്
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ച സുപ്രഭാതം ദിനപത്രം കത്തിക്കുന്ന തിരൂരങ്ങാടി കൊടിഞ്ഞിയിലെമുസ്സിം ലീഗ് പ്രാദേശിക നേതാവ്

പത്രം കത്തിച്ചതിനു പിന്നാലെ സമസ്ത നേതാവ് ഉമര്‍ഫൈസി മുക്കം ലീഗും സമസ്തയും തമ്മില്‍ ഭിന്നതയുണ്ടെന്ന് പറഞ്ഞത് ലീഗ് ക്യാമ്പിന് വലിയ തിരിച്ചടിയായി. സമസ്തയിലെ ഭൂരിപക്ഷം ലീഗ് അനുകൂലികളും വിവാദത്തോടെ പ്രതിസന്ധിയിലായി. ഇതോടെയാണു സമസ്തയും ലീഗും തമ്മിലുള്ള ബന്ധം വഷളാക്കുന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തരുതെന്നും സമസ്ത ഇത്തരം പ്രചാരണങ്ങള്‍ക്കായി ആരെയും നിയോഗിച്ചിട്ടില്ലെന്നും സമസ്തക്ക് കഴിഞ്ഞദിവസം വാര്‍ത്തക്കുറിപ്പ് ഇറക്കേണ്ടി വന്നത്.

സമസ്ത- ലീഗ് ഭിന്നത: വിവാദങ്ങള്‍ക്ക് വോട്ട് ചോര്‍ത്താനുള്ള മൂര്‍ച്ചയുണ്ടോ?
'ലീഗുമായുള്ള പ്രത്യേക ബന്ധത്തില്‍ തകരാറുണ്ടാക്കരുത്', വിവാദങ്ങളില്‍ കൈകഴുകി സമസ്ത

മാത്രവുമല്ല ലീഗ് അനുകൂലികളായ സമസ്തക്കാര്‍ വാര്‍ത്ത സമ്മേളനം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും സുപ്രഭാതം എല്‍ഡിഎഫ് പരസ്യം പ്രസിദ്ധീകരിച്ചതോടെ സമസ്ത-ലീഗ് ഭിന്നതയും എല്‍ഡിഎഫ് - സമസ്ത പിന്തുണയും ചര്‍ച്ചയാവുകയാണ്. നടത്താനിരുന്ന വാര്‍ത്ത സമ്മേളനം മാറ്റിവെച്ചതിനു പിന്നില്‍ ലീഗ് ഇടപെടലെന്നാണ് സൂചന.

സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ച എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം
സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ച എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം

ടീം സമസ്തയ്ക്ക് പിന്നിലാര്?

വിവാദങ്ങളെല്ലാം നിലനില്‍ക്കെ തന്നെ സമസ്ത വോട്ടുകള്‍ എവിടെയും പോവില്ലെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് നേതൃത്വം. ലീഗ്-സമസ്ത ബന്ധത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്ന് സമ്മതിക്കുന്നുണ്ട് പാണക്കാട് കുടുംബാംഗമായ മുനവറലി തങ്ങള്‍. കെ എസ് ഹംസയ്ക്കായി ടീം സമസ്ത എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ യഥാര്‍ത്ഥ സമസ്തക്കാരാണോ അതോ ഹംസയുടെ സിപിഎം സൈബര്‍ സ്‌ക്വാഡാണോ എന്നതും ചര്‍ച്ചാവിഷയമാണ്. സമസ്തയിലെ ലീഗ് വിരുദ്ധര്‍ (ഷജറകള്‍) എന്ന അറബി പദത്തിലാണ് അറിയപ്പെടാറുള്ളത്.

കെഎസ് ഹംസയെ അനുകൂലിച്ചും സാദിഖലി തങ്ങളെ പരിഹസിച്ചും ടീം സമസ്ത ചോദ്യാവലി പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ലീഗിന്റെ വഞ്ചനാപരമായ നീക്കങ്ങളില്‍ പ്രതിഷേധിച്ച് സമസ്ത പ്രവര്‍ത്തകരും കുടുംബാഗങ്ങളും ഹംസയ്ക്ക് വോട്ട് ചെയ്യണമെന്ന കുറിപ്പ് ഇറക്കിയിരിക്കുകയാണ് ടീം സമസ്ത പൊന്നാനി. എന്നാൽ സമസ്ത ഔദ്യോഗിക നേതൃത്വം ഇവരെ തള്ളിയിരിക്കുകയാണ്.

കെഎസ് ഹംസയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് ടീം-സമസ്ത പൊന്നാനി പുറപ്പെടുവിച്ച കുറിപ്പ്
കെഎസ് ഹംസയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് ടീം-സമസ്ത പൊന്നാനി പുറപ്പെടുവിച്ച കുറിപ്പ്

ഷജറകള്‍ എന്ന് പറയുന്നത് ചുരുങ്ങിയ എണ്ണം ആളുകള്‍ മാത്രമാണെന്നാണ് ലീഗ് അണികള്‍ക്കിടയിലെ സംസാരം. ഇത് തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നതാണ് ലീഗ് നേതൃത്വവും വിശ്വസിക്കുന്നത്.എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെല്ലാം മുഖ്യമന്ത്രി സിഎഎയെക്കുറിച്ചും ന്യൂനപക്ഷ വിഷയങ്ങളെ കുറിച്ചും സംസാരിച്ചത് ന്യൂനപക്ഷത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടത് ഇടപെടലുണ്ടെന്ന വികാരം ഉണ്ടാക്കിയോ എന്നതാണ് മറ്റൊരു കാര്യം. ആദ്യഘട്ടത്തില്‍ തന്നെ സിഎഎയ്‌ക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത് സിപിഎം തന്ത്രം വിലപ്പോവില്ലെന്ന് ലീഗിന് ആശ്വസിക്കാന്‍ കഴിയുന്ന കാര്യവുമാണ്.

മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിലെ സ്ഥാനാർത്ഥി ഡോ. എംപി അബ്ദുസമദ് സമദാനിയും
മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിലെ സ്ഥാനാർത്ഥി ഡോ. എംപി അബ്ദുസമദ് സമദാനിയും
സമസ്ത- ലീഗ് ഭിന്നത: വിവാദങ്ങള്‍ക്ക് വോട്ട് ചോര്‍ത്താനുള്ള മൂര്‍ച്ചയുണ്ടോ?
'അധിക്ഷേപ പ്രസംഗം നടത്തുന്ന പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നത് എങ്ങോട്ട്?'; മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ പത്രങ്ങൾ

കോട്ടക്കലും തിരൂരും സമദാനിയെ ചതിക്കുമോ?

സിറ്റിങ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്കും ഡോ. എംപി അബ്ദുസമദ് സമദാനി പൊന്നാനിയിലേക്കും സീറ്റുകള്‍ വച്ചുമാറിയത് എന്തിനാണെന്നതിന് കൃത്യമായ ഉത്തരം ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. പൊന്നാനിയില്‍ ഇ ടി വിരുദ്ധ വികാരമുണ്ടായതുകൊണ്ടാണ് മണ്ഡലം വെച്ചുമാറിയതെന്നാണ് സൂചന. അതേസമയം, അബ്ദുസമദ് സമദാനിക്കു പൊന്നാനി മണ്ഡലത്തില കോട്ടക്കല്‍, തിരൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ വേണ്ടത്ര പിന്തുണയില്ല. എംഎല്‍എയായിരുന്ന കാലത്ത് തന്നെ കോട്ടക്കലിലെ ലീഗുകാര്‍ക്കിടയില്‍ സമദാനി വിരുദ്ധരുണ്ടായിട്ടുണ്ട്. മുന്‍ മുസ്ലിം ലീഗുകാരനാണെന്ന വികാരവും സമസ്ത - ലീഗ് ഭിന്നതയും ഹംസയ്ക്കു വോട്ടാവുമങ്കില്‍ സമദാനിക്കത് തിരിച്ചടിയായേക്കും.

logo
The Fourth
www.thefourthnews.in