സുപ്രീം കോടതി
സുപ്രീം കോടതി

'ഓരോ ബൂത്തിലെയും പോളിങ് കണക്കുകൾ പുറത്തുവിടണം'; ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

തിരഞ്ഞെടുപ്പിനിടയിൽ ഇത്തരം കാര്യങ്ങൾക്കു സാധ്യമായ ആൾബലം കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നു കോടതി
Updated on
1 min read

ഓരോ ബൂത്തിലെയും പോളിങ് കണക്കുകൾ പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. ഒരു ബൂത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ഫോം 17-സിയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

സുപ്രീം കോടതി
ലോക്‌സഭ തിരഞ്ഞെടുപ്പ്: ആറാംഘട്ടത്തിനുള്ള പരസ്യപ്രചാരണം അവസാനിച്ചു, ശനിയാഴ്ച ജനവിധി 58 സീറ്റുകളിലേക്ക്

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ വിമുഖത പ്രകടിപ്പിച്ച കോടതി ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് അത്തരം നിർദേശങ്ങൾ നൽകാൻ സാധ്യമല്ലെന്നു വ്യക്തമാക്കി. തിരഞ്ഞെടുപ്പിനിടയിൽ ഇത്തരം കാര്യങ്ങൾക്കു സാധ്യമായ ആൾബലം കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണു ഹർജി പരിഗണിച്ചത്. അവധിക്കാലത്തിനുശേഷമുള്ള ഉചിതമായ ബെഞ്ചിനു മുന്നിലേക്ക് ഹർജി ലിസ്റ്റ് ചെയ്തു. ആദ്യം കോടതി വിഷയത്തിൽ ഇടപെടാൻ വിമുഖത കാണിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടിക്കു വേണ്ടിയാണ് വീണ്ടും ലിസ്റ്റ് ചെയ്തത്. എൻജിഓസ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്‌ റിഫോംസ് ആൻഡ് കോമൺ കോസ് (എഡിആർ) ആണ് ഹർജി ഫയൽ ചെയ്തത്.

സുപ്രീം കോടതി
വീണ്ടും അശാന്തി പടരുന്ന നന്ദിഗ്രാം; ബിജെപി പ്രവര്‍ത്തക കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക സംഘര്‍ഷം, വോട്ടെടുപ്പ് നാളെ

തിരഞ്ഞെടുപ്പ് പ്രക്രിയകളിൽനിന്ന് കോടതി വിട്ടുനിൽക്കേണ്ടതുണ്ടെന്നും യാതൊരു തരത്തിലും തടസങ്ങളുണ്ടാക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇടക്കാല അപേക്ഷയിലെ ആവശ്യങ്ങളും 2019ൽ സമർപ്പിച്ച പ്രധാന റിട്ട് ഹർജിയിലെ ആവശ്യങ്ങളും ഒന്നുതന്നെയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇടക്കാല ഹർജിയിൽ പ്രധാന ഇളവ് നേടാനാവില്ലെന്നും പ്രധാന ഹർജിയോടൊപ്പം തന്നെ ഇടക്കാല ഹർജിയും കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

2019 ൽ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയാണ് ഇത് സംബന്ധിച്ച പ്രധാന ഹർജി ഫയൽ ചെയ്തത്. 2019 പൊതു തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ കണക്കിൽ കൃത്രിമത്വം കാണിച്ചുവെന്ന് മഹുവ ആരോപിച്ചിരുന്നു. ഈ ഹർജിയും ഇതിനോടൊപ്പം പരിഗണിച്ചിരുന്നു.

സുപ്രീം കോടതി
നരേന്ദ്ര മോദിയുടെ നിഴലിൽ മായുന്ന നിതീഷ് പ്രഭ

എന്നാൽ ഹർജിയിൽ ഉന്നയിച്ചിരുന്ന പ്രശ്നങ്ങൾ ഇവിഎം - വിവിപാറ്റ്‌ കേസിലെ വിധിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഹർജി നിലനിൽക്കുന്നതാണോയെന്ന് ഇസിഐക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് കോടതിയിൽ ചോദിച്ചിരുന്നു. മഹുവയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്‌‌വിയാണ് ഹാജരായത്. എഡിആറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും ഹാജരായി.

logo
The Fourth
www.thefourthnews.in