മോക്‌പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട്  സുപ്രീംകോടതി

മോക്‌പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

കാസർക്കോട് മണ്ഡലത്തില്‍ നടന്ന മോക്‌പോളിനെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം
Updated on
1 min read

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മോക്‌പോളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) ബിജെപിക്ക് അധികവോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. കാസര്‍കോട് മണ്ഡലത്തിലെ മോക്‌പോളിനെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം.

ഇവിഎം- വിവിപാറ്റ് കേസിന്റെ വാദത്തിനിടെ, മാധ്യമവാർത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സംഭവം അന്വേഷിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയുമടങ്ങുന്ന ബഞ്ച് വാക്കാല്‍ ഉത്തരവിട്ടത്.

കുറഞ്ഞത് നാല് ഇലക്ട്രോണിക് മെഷീനുകളെങ്കിലും ബിജെപിക്ക് അനുകൂലമായി അധിക വോട്ട് രേഖപ്പെടുത്തിയെന്ന് എല്‍ഡിഎഫും യുഡിഎഫും കാസർക്കോട് കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍, യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്റുമാരാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.

മോക്‌പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട്  സുപ്രീംകോടതി
2019 തിരഞ്ഞെടുപ്പ്: ഇവിഎമ്മുകളിൽ ഉയർന്ന പരാജയ നിരക്ക് കണ്ടെത്തി; കമ്മീഷന്റെ ആശങ്ക സ്ഥിരീകരിച്ച് രേഖകൾ

മോക്‌പോളിന്‌റെ ആദ്യറൗണ്ടില്‍ 190 മെഷീനുകളാണ് പരിശോധിച്ചത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ പരീക്ഷിച്ചപ്പോള്‍ നാലു മെഷീനുകളില്‍ ബിജെപിക്ക് രണ്ട് വോട്ട് ലഭിച്ചതായി പറയുന്നു. ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും വോട്ട് രേഖപ്പെടുത്തിയതായി കാണിച്ചു. തുടര്‍ന്ന് മെഷീനുകള്‍ മാറ്റണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെടുകയായിരുന്നു.

വോട്ടര്‍ വെരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ സ്ലിപ്പുകളുടെ(വിവിപാറ്റ്‌സ്) 100 ശതമാനം സ്ഥിരീകരണം ആവശ്യമുള്ള ഹര്‍ജികളാണ് ബഞ്ച് ഇന്ന് പരിഗണിക്കുന്നത്.

എന്നാല്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളില്‍ ഒരു സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇതിനു പിന്നാലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് കാസര്‍ഗോഡ് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. തിരഞ്ഞെടുപ്പിനായി ഇവിഎം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍(ബെല്‍) നിന്നുള്ള എന്‍ജിനീയര്‍മാരാണ് ഇത് നിര്‍വഹിക്കുന്നത്. സ്ഥാനാര്‍ഥികളുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് കമ്മീഷനിങ് പ്രക്രിയ നടക്കുന്നത്. ഇത് പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നുമുണ്ട്.

കാസര്‍ഗോഡ് മണ്ഡലത്തില്‍ നടന്ന കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. യന്ത്രങ്ങള്‍ സജ്ജമാക്കിയതിന് ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രിന്റ് എടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. ഈ സ്ലിപ്പില്‍ നോട് ടു ബി കൗണ്ടഡ് (കണക്കു കൂട്ടേണ്ടതില്ലാത്തത്) എന്ന് രേഖപ്പെടുത്തിയിരുന്നു. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഡണ്‍, വിവിപാറ്റ് സീരിയല്‍ നമ്പര്‍ എന്നും രേഖപ്പെടുത്തിയിരുന്നു. മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുള്ള സ്ലിപ്പുമാണിത്. പ്രാഥമിക പരിശോധനക്കുള്ള സ്ലിപ്പാണ് മോക്പോളിനിടെ ലഭിച്ചതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വോട്ടെടുപ്പ് യന്ത്രങ്ങളും പൂര്‍ണമായും സുരക്ഷിതവും കുറ്റമറ്റതുമാണെന്നും യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in