തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിന് സ്റ്റേ ഇല്ല; ഹർജികള്‍ വ്യാഴാഴ്ച പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിന് സ്റ്റേ ഇല്ല; ഹർജികള്‍ വ്യാഴാഴ്ച പരിഗണിക്കും

മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിങ് സന്ധുവിനേയും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഇന്നലെയാണ് നിയമിച്ചത്
Updated on
1 min read

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കമ്മീഷണർമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ 2023ലെ നിയമപ്രകാരം നിയമനം സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മാർച്ച് 21ന് കേസ് വീണ്ടും പരിഗണിക്കും.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത, അഗസ്റ്റിന്‍ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് റിട്ട് ഹർജികള്‍ പരിഗണിച്ചത്. കോണ്‍ഗ്രസ് നേതാവ് ജയാ താക്കുർ, അസോസിയേഷന്‍ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ് നിയമനത്തിന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിശ്ചയിക്കാനുള്ള മീറ്റിങ് നേരത്തെ വിളിച്ചു ചേർത്തതാണെന്നും വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് മറ്റൊരു ഹർജി സമർപ്പിക്കാനും സുപ്രീകോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് ഉപയോഗിച്ച് സാധാരണയായി നിയമനങ്ങള്‍ സ്റ്റേ ചെയ്യാറില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിങ് സന്ധുവിനേയും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഇന്നലെയാണ് നിയമിച്ചത്.

നേരത്തെ, പ്രധാനന്ത്രിയും ലോക്‌സഭ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ഉണ്ടായിരുന്നത്. സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടും പകരം മന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടും പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിന് സ്റ്റേ ഇല്ല; ഹർജികള്‍ വ്യാഴാഴ്ച പരിഗണിക്കും
ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, വിയോജിച്ച് അധിർ രഞ്ജൻ

1988 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, സഹകരണ വകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈവര്‍ഷം ജനുവരി 31-നാണ് വിരമിച്ചത്. 1998 പഞ്ചാബ് കേഡര്‍ ബാച്ച് ഉദ്യോഗസ്ഥനാണ് സുഖ്ബിര്‍ സിങ് സന്ധു. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ല്‍ പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹത്തെ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയായി നിയമിച്ചത്. നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. 2027 വരെ കാലാവധി ശേഷിക്കേയായിരുന്നു അരുണ്‍ ഗോയലിന്റെ രാജി. മറ്റൊരു കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ അവേശഷിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in