വിശ്വംകീഴടക്കിയവർ വിശ്വാസം നേടുമോ? നാലാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടി ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാൻ ലോകകപ്പ് ജേതാക്കളായ രണ്ട് ക്രിക്കറ്റ് താരങ്ങളും. പശ്ചിമ ബംഗാളിൽ നിന്നാണ് രണ്ടുപേരും തിരഞ്ഞെടുപ്പിന്റെ ഭാഗം ആവുന്നത്. 1983 ലോകകപ്പ് ജേതാക്കളായ 65 കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് ബർധമാൻ-ദുർഗാപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ അംഗമായ 41 കാരനായ യൂസഫ് പഠാൻ മുർഷിദാബാദിലെ ബഹരംപൂർ സീറ്റിലെ സ്ഥാനാർത്ഥിയാണ്.
ഇരുവരും തൃണമൂൽ കോൺഗ്രസിന്റെ ടിക്കറ്റിലാണ് മത്സരിക്കുന്നത്. മാത്രവുമല്ല മുതിർന്ന നേതാക്കളാണ് എതിരാളികൾ. ബിജെപി പശ്ചിമ ബംഗാൾ മുൻ അധ്യക്ഷൻ ദിലീപ് ഘോഷിനെതിരെയാണ് ബർധമാൻ-ദുർഗാപൂരിൽ കീർത്തി ആസാദ് മത്സരിക്കുന്നത്. ബഹരംപൂർ മണ്ഡലത്തിൽ അഞ്ച് തവണ കോൺഗ്രസ് എംപിയായ അധീർ രഞ്ജൻ ചൗധരിക്ക് എതിരെയാണ് പഠാൻ മത്സരിക്കുന്നത്.
ഇരുവരുടെയും സ്ഥാനാർഥിത്വം നേരത്തെ പശ്ചിമബംഗാളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സ്ഥാനാർഥികളെ നിർത്താനുള്ള ടിഎംസിയുടെ നീക്കമായിരുന്നു ചർച്ചകളുടെ മൂലകാരണം. എന്നിരുന്നാലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കൂടുതൽ സജീവമാക്കാൻ ഇരുവരും സഹായിച്ചിട്ടുണ്ട്.
സ്റ്റീൽ പ്ലാൻ്റുകൾ കൊണ്ട് സമ്പുഷ്ടമായ വ്യവസായ നഗരമാണ് ബർധമാൻ-ദുർഗാപൂർ. ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് ഏരിയയിൽ നിന്ന് സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്ന വിഷയമാണ് തൃണമൂൽ പ്രധാനമായും ചർച്ചയാകുന്നത്. “ഞാൻ മരിക്കും, പക്ഷേ നിങ്ങളെ നിങ്ങളുടെ ഭൂമിയിൽ നിന്ന് പുറത്താക്കാൻ അനുവദിക്കില്ല. ദിലീപ് ഘോഷിന് ധൈര്യമുണ്ടെങ്കിൽ, ജനങ്ങളെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കില്ലെന്ന് അദ്ദേഹം വന്ന് പറയണം,” തൻ്റെ പ്രചാരണ പരിപാടിയ്ക്കിടെ ആസാദ് പറഞ്ഞു. നേരത്തെ ബിജെപി എംഎൽഎയും എംപിയും ആയിരുന്നു കീർത്തി ആസാദ്. ശേഷം കോൺഗ്രസിലേക്കും ഇപ്പോൾ തൃണമൂലിലേക്കും കൂടുമാറുകയായിരുന്നു.
ഇന്ത്യൻ ടീമിലെ വലം കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമായിരുന്നു ആസാദ്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്‌പോർട്‌സ് കോംപ്ലക്‌സ് മയക്കുമരുന്നിന് അടിമകളായ ആളുകൾ കൈവശം വെച്ചിരിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കുന്നു.
അതേസമയം, ബഹരംപൂരിൽ നിന്ന് രാഷ്ട്രീയ അരങ്ങേറ്റം നടത്തുകയാണ് യൂസഫ് പഠാൻ. മുസ്ലിം ഭൂരിപക്ഷ മേഖലയായ മണ്ഡലത്തിൽ മമത ബാനർജി സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചാണ് പഠാൻ കൂടുതലായും സംസാരിക്കുന്നത്. മുസ്ലിം സമുദായത്തിൽ നിന്നുള്ള പഠാൻ ഇമാമുമാർക്കും മുഅസ്സിനുകൾക്കും ഓണറേറിയങ്ങൾ നൽകാനുള്ള തൃണമൂലിന്റെ പദ്ധതികളും മദ്രസകളും പത്താന്റെ പ്രചാരണത്തിൽ വിഷയമാകാറുണ്ട്. സ്പോർട്സിനെക്കുറിച്ച് പരാമർശിക്കാനും അദ്ദേഹം മറക്കാറില്ല. യുവാക്കളെ പരിശീലിപ്പിക്കാൻ ബഹരംപൂരിൽ പുതിയ സ്പോർട്സ് കോംപ്ലക്‌സ് പണിയുമെന്നാണ് യൂസഫ് പത്താന്റെ വാഗ്ദാനം.
രണ്ട് ക്രിക്കറ്റ് താരങ്ങളും പ്രചാരണ വേളയിൽ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കാറുണ്ട്. കായിക വിഷയത്തിൽ യുവാക്കളുമായുള്ള ബന്ധം അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ നിർണായക ഭാഗമാണ്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ബഹരംപൂരിലും ബർധമാൻ-ദുർഗാപൂരിലും മെയ് 13 ന് വോട്ടെടുപ്പ് നടക്കും.