വോട്ടര്‍മാരുടെ 'ഹൃദയം കൊള്ളയടിക്കാന്‍' വീരപ്പൻ മകൾ വിദ്യാറാണി
പ്രചാരണവാഹനത്തിൽ ചന്ദനക്കൊള്ളക്കാരൻ വീരപ്പന്റെയും എൽ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെയും ചിത്രം. തിരഞ്ഞെടുപ്പ് ചിഹ്‌നം മൈക്ക്. നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥി വിദ്യാറാണി വീരപ്പന്റെ പ്രചാരണവാഹനം തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ മുക്കിലും മൂലയിലും എത്തുകയാണ്. വിദ്യാറാണിയെന്ന മുപ്പത്തിനാലുകാരിക്കിത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നി അങ്കം.
''നമതു ചിഹ്നം 'ഒളി വാൻകി' (മൈക്ക്). ഒളി വാൻകി ചിഹ്നത്തിൽ വിദ്യാറാണി വീരപ്പനുക്ക് വാക്കളിപ്പീർകൾ (മൈക്ക് ചിഹ്നത്തിൽ വിദ്യാറാണി വീരപ്പനു വോട്ടു ചെയ്യുവിൻ),'' വിദ്യാറാണി വാഹനത്തിൽനിന്ന് കൈകൂപ്പി വോട്ടുതേടുകയാണ്. നിരത്തിൽ നിൽക്കുന്നവർക്ക് ആകർഷകമായി തോന്നുംവിധമാണ് പ്രചാരണവാഹനം അലങ്കരിച്ചിരിക്കുന്നത്. പ്രചാരണവാഹനത്തിന്റെ മുൻവശത്ത് നാം കണ്ട് പരിചയിച്ച വീരപ്പന്റെ കൊമ്പൻ മീശയുള്ള ഫോട്ടോയും വലിയ ഫ്‌ളെക്‌സും. വീരപ്പന്റെ പല പോസിലുള്ള ചിത്രങ്ങൾ പോസ്റ്ററുകളായി അണികളുടെ കയ്യിലും. ഒരുകാലത്ത് കാടിനെ വിറപ്പിച്ച, കാട്ടുകള്ളനെന്നു കുപ്രസിദ്ധി നേടിയ വീരപ്പന്റെ മുഖം തെരുവുകൾതോറും എത്തുകയാണ്, കാടിറങ്ങി നാട്ടിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്ന വീരപ്പനെ അധികാരികൾ കെണിയിൽപെടുത്തി എന്നെന്നേക്കുമായി ഇല്ലാതാക്കിയ കഥ വിവരിച്ചാണ് വിദ്യാറാണി കൃഷ്ണഗിരിക്കാരെ കയ്യിലെടുക്കുന്നത്.
"ഞാൻ എന്റെ അച്ഛനെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. അച്ഛനെന്നും എനിക്ക് പ്രചോദനമാണ്. അവസാന നാളുകളിൽ കാടിറങ്ങണമെന്നും സമൂഹത്തിലിറങ്ങി പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് നടന്നില്ല. അച്ഛൻ ആഗ്രഹിച്ചത് പൂർത്തിയാക്കാനാണ് ഞാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരിക്കുന്നത്. അച്ഛനോട് ഇവിടത്തുകാർക്കു സ്നേഹവും ആദരവുമാണ്. അതെനിക്കും അവർ തരുന്നുണ്ട്,"വിദ്യാറാണി വീരപ്പൻ ദ ഫോർത്തിനോട് പറഞ്ഞു.
ഉച്ചവെയിൽ തിളച്ചുരുകുകയാണ്. കൃഷ്ണഗിരി ന്യൂ ബസ് സ്റ്റാൻഡിനു മുന്നിൽ പ്രചാരണവാഹനം നിർത്തി വിദ്യാറാണി അകത്തേക്ക്. നിലക്കടല വിൽക്കാനിരുന്ന പ്രഭാവതി എന്ന വൃദ്ധക്ക് നാം തമിഴർ കക്ഷിയുടെ പോസ്റ്റർ കണ്ടപ്പോൾ സംശയം. സ്ഥാനാർത്ഥിയുടെ മുഖത്തേക്കും പോസ്റ്ററിലേക്കും മാറിമാറി നോക്കുന്നു. ഇത് വീരപ്പൻ അല്ലേയെന്ന് ചോദ്യം. അതെ വീരപ്പനാണ് ഞാൻ വീരപ്പന്റെ മകളാണെന്ന് വിദ്യാറാണിയുടെ മറുപടി. വോട്ടുറപ്പാക്കി വിദ്യാറാണി അടുത്ത വോട്ടറിലേക്ക്.
പഴയ തലമുറയ്ക്ക് വീരപ്പനോട് ബഹുമാനവും സ്നേഹവുമാണ്. പുതിയ തലമുറയാകട്ടെ വീരപ്പൻ കഥകൾ കേട്ട് വളർന്നവരും. മിക്കവർക്കും വീരപ്പൻ പാവങ്ങളുടെ പടത്തലവനാണ്. സത്യമംഗലം കാട് അടക്കിവാണിരുന്ന കാലത്ത് വനപാലകരുടെയും ദൗത്യസംഘത്തിന്റെയും കണ്ണുവെട്ടിച്ച് കൃഷ്ണഗിരിയിലും മറ്റും വീരപ്പനെത്തിയിട്ടുണ്ട്. ആ ഓർമകൾ പങ്കിട്ടു ചില വോട്ടർമാർ. തമിഴ് മാസികകളിൽ പഴയകാലത്ത് അച്ചടിച്ചുവന്ന വിദ്യാറാണിയുടെയും സഹോദരി പ്രഭയുടെയും അമ്മ മുത്തുലക്ഷ്മിയുടെയും ചിത്രങ്ങളും ഫീച്ചറുകളും കണ്ട കുറേപേർ വട്ടം കൂടി.
"അച്ഛനും അമ്മയും കാട്ടിലായിരുന്നപ്പോൾ ഞങ്ങൾ മക്കൾ രണ്ടു പേരെയും സംരക്ഷിച്ചത് കുറേ ഗ്രാമീണരാണ്. മാതാപിതാക്കൾ അടുത്തില്ലാത്ത വേദന മറക്കാൻ അവരുടെ സ്നേഹലാളനകൾ സഹായിച്ചു. നന്ദിസൂചകമായി അവർക്ക് തിരിച്ച് എന്തെങ്കിലും ചെയ്തുകൊടുക്കണം. അതിനാണ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്," വിദ്യാറാണി വിശദീകരിച്ചു.
ബിജെപിയിലൂടെയായിരുന്നു വിദ്യയുടെ രാഷ്ട്രീയപ്രവേശം. കുറച്ചുനാൾ യുവമോർച്ചയുടെ തമിഴ്നാട് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. പ്രാദേശികമായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പ്രാദേശിക പാർട്ടിയിൽ തുടരുന്നതാണ് നല്ലതെന്ന ചിന്ത വന്നപ്പോൾ ബിജെപി വിട്ടു. അങ്ങനെയാണ് തീവ്ര തമിഴ് വികാരം കൊണ്ടുനടക്കുന്ന നാം തമിഴർ കക്ഷിയുടെ ക്ഷണവുമായി നേതാവ് സീമാൻ എത്തുന്നത്. കൃഷ്ണഗിരിയിൽ ലോക്‌സഭാ ടിക്കറ്റ് നൽകാമെന്ന വാഗ്ദാനമുണ്ടായതോടെ പാർട്ടിയിൽ ചേരുകയായിരുന്നു വിദ്യാറാണി.
ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകളുടെ മുന്നേറ്റത്തിനായി നിരവധി പദ്ധതികളാണ് വിദ്യാറാണിയുടെ മനസിലുള്ളത്. "സ്ത്രീകളുടെ ഉന്നമനമാണ് പാർട്ടിയുടെ ലക്ഷ്യം. സാമ്പത്തികമായി അവരെ സ്വയം പര്യാപ്തരാക്കണം. വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത ഗ്രാമങ്ങളിൽ പോയി പെൺകുട്ടികളെ ബോധ്യപ്പെടുത്തും. സ്ത്രീ- പുരുഷ തുല്യത എന്ന ആശയം അവരിൽ വളർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യും. അന്തസോടെ സ്ത്രീകൾ സമൂഹത്തിൽ ജീവിക്കണം,"-വിദ്യാറാണി സ്വപനങ്ങൾ പങ്കുവച്ചു.
"അച്ഛനെ ഇപ്പോഴും തീവ്രവാദിയെന്നും കൊള്ളക്കാരനെന്നും വിളിക്കുന്നവരുണ്ട്. അച്ഛന് മുൻപ്, ചന്ദനമരം മുറിച്ചുകടത്തിയവരും ആനക്കൊമ്പ് വിറ്റവരും ഉണ്ടായിരുന്നില്ലേ? മാനസാന്തരം വന്ന അച്ഛനെ സമൂഹത്തിൽ ജീവിക്കാൻ ഭരണാധികാരികൾ അനുവദിക്കണമായിരുന്നു. അവരതൊന്നും ചെയ്തില്ല, ഞങ്ങൾ മൂന്നു സ്ത്രീകളെ സമൂഹത്തിനു മുന്നിൽ പഴി കേൾക്കാൻ ഇട്ടുകൊടുത്തിട്ട് അവർ വീരപ്പനെ കൊലപ്പെടുത്തി. അച്ഛന്റെ ചരിത്രം എന്നെ ബാധിക്കുന്നില്ല. അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ ഓർക്കുന്നവർ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയാണ് തമിഴ്‌നാട്ടിൽ," -വിദ്യയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം.
തമിഴ്നാട്, കർണാടക, കേരള അതിർത്തികളിലെ വനപ്രദേശത്ത് ചന്ദനക്കടത്തും ആനക്കൊമ്പ് വേട്ടയുമായി 20 വർഷത്തോളം അധികൃതർക്ക് തലവേദന സൃഷ്‌ടിച്ച വീരപ്പൻ 2004-ലായിരുന്നു ദൗത്യസംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ബിൽഗിരിരങ്കണ ബെട്ട, മാലെ മഹദേശ്വര ബെട്ട, സത്യമംഗലം ഗുണ്ടിയാൽ വനമേഖല എന്നിവിടങ്ങളിലായിരുന്നു വീരപ്പന്റെ വിഹാരം. മൂന്നു സംസ്ഥാനങ്ങളിലെയും പോലീസും വനപാലകരും അടങ്ങുന്ന വൻ സംഘമായിരുന്നു 'ഓപ്പറേഷൻ കൊക്കൂണിൽ ' പങ്കെടുത്തത്.
വീരപ്പനെ ഒരു തവണ മാത്രമാണ് വിദ്യാറാണിയെന്ന മകൾ നേരിൽ കണ്ടിട്ടുള്ളത്. നന്നായി പഠിക്കണം ഡോക്ടറാകണം എന്നായിരുന്നു വീരപ്പൻ മകളെ അന്ന് ഉപദേശിച്ചത്. എം ബി ബി എസ് പഠനത്തിനുള്ള പ്രവേശനപ്പരീക്ഷ എഴുതി കിട്ടിയെങ്കിലും സിവിൽ സർവീസ് മോഹം മനസിലുണ്ടായിരുന്ന വിദ്യ ഡോക്ടർ സ്വപ്നം വെടിഞ്ഞ് പരിശീലനത്തിന് ചേർന്നു. എന്നാൽ ആ ലക്ഷ്യത്തിൽ എത്തിച്ചേരാനായില്ല. ബെംഗളൂരുവിൽ സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ പിന്നീട് അഭിഭാഷകയായി.
രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന മോഹം വളരെ നാളായി കൊണ്ടുനടന്ന വിദ്യ തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ചേർന്നു പ്രവർത്തിക്കാൻ ശ്രമിച്ചിരുന്നു. സ്വന്തം സമുദായമായ വെണ്ണിയാർ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന പാട്ടാളിമക്കൾ കക്ഷിയിൽ ചേരാതെയായിരുന്നു അവർ ബിജെപിയുടെ ക്ഷണം സ്വീകരിച്ചത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാം തമിഴർ കക്ഷിക്ക് കൃഷ്ണഗിരിയിൽ 28,000 വോട്ട് മാത്രമാണ് ലഭിച്ചത്. കോൺഗ്രസ്-ഡി എം കെ ഉറച്ചകോട്ടയായ കൃഷ്ണഗിരിയിൽ വിദ്യാറാണിയെ ഇറക്കി വോട്ട് വിഹിതം കൂട്ടാമെന്ന കണക്കുകൂട്ടലിലാണ് സീമാനും നാം തമിഴർ കക്ഷിയും. തമിഴകത്തെ 40 സീറ്റിലും നാം തമിഴർ കക്ഷി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 20 എണ്ണത്തിൽ വനിതകളാണ് മത്സരിക്കുന്നത്.