ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ്ങിന് തുടക്കം, വിധിയെഴുതുന്നത് 102 മണ്ഡലങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ്ങിന് തുടക്കം, വിധിയെഴുതുന്നത് 102 മണ്ഡലങ്ങള്‍

ഇന്ന് ജനവിധി തേടുന്ന 1,625 സ്ഥാനാർഥികളില്‍ എട്ടു കേന്ദ്രമന്ത്രിമാർ, രണ്ട്‌ മുൻ മുഖ്യമന്ത്രിമാർ, ഒരു മുൻ ഗവർണറും ഉള്‍പ്പെടുന്നുണ്ട്.
Updated on
2 min read

പതിനെട്ടാം ലോക്‌സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ഉള്‍പ്പെടെ കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലായി 92 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 102 ലോക്സഭാ സീറ്റുകളില്‍ 18 എണ്ണം പട്ടികജാതി സംവരണവും 11 എണ്ണം പട്ടികവര്‍ഗ സംവരണവുമാണ്.

അരുണാചൽപ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാർ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുർ (രണ്ട്), രാജസ്ഥാൻ (13), മേഘാലയ (രണ്ട്), തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാൾ (മൂന്ന്), ഉത്തർപ്രദേശ് (എട്ട്), ഛത്തീസ്ഗഢ്‌, ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ, ജമ്മു-കശ്മീർ, മിസോറം, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങൾ) എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 16.63 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒന്നാം ഘട്ടത്തില്‍ 1.87 ലക്ഷം പോളിങ്‌സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ജനവിധി തേടുന്ന 1600 സ്ഥാനാർഥികളില്‍ എട്ടു കേന്ദ്രമന്ത്രിമാർ, രണ്ട്‌ മുൻ മുഖ്യമന്ത്രിമാർ, ഒരു മുൻ ഗവർണറും ഉള്‍പ്പെടുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ്ങിന് തുടക്കം, വിധിയെഴുതുന്നത് 102 മണ്ഡലങ്ങള്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

ഇന്ന് വിധിയെഴുതുന്ന മണ്ഡലങ്ങളിലെ 2019 ലെ വിധി പരിശോധിച്ചാല്‍ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയും പുതിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും തുല്യശക്തികളാണ്. 48 സീറ്റുകളില്‍ വീതം ഇരുപക്ഷത്തിനും കൈവശമുണ്ട്. നിലവില്‍ ഒരു മുന്നണിക്ക് ഒപ്പവും ഇല്ലാത്ത ബിഎസ്പിക്ക് മൂന്നും എഐഎഡിഎംകെക്ക് ഒരു സീറ്റും സ്വന്തമായുണ്ട്. വോട്ട് വിഹിതം പരിശോധിച്ചാല്‍ 34 ശതമാനം വോട്ടുകളാണ് എന്‍ഡിഎയ്ക്കുള്ളത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയ മഹാരാഷ്ട്ര ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യന്‍ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് 41.7 ശതമാനം വോട്ടുകള്‍ സ്വന്തമായുണ്ട്.

ഇത്തവണ വലിയ കുതിപ്പിന് ശ്രമിക്കുന്ന ബിജെപിയെ സംബന്ധിച്ച് പശ്ചിമ ബംഗാളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളും നിലനിര്‍ത്തുക അനിവാര്യമാണ്. കൂച്ച് ബെഹാര്‍, അലിപുര്‍ദുരാസ്സ്, ജയ്പാല്‍ഗുരി മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കിഴക്കന്‍ ബംഗാളിലെ ഈ മൂന്ന് മണ്ഡലവും നിലവില്‍ ബിജെപിയുടെ കൈയിലാണ്. ഇതില്‍ ബിജെപിയുടെ ഏറ്റവും ശക്തിയുള്ള മണ്ഡലമായി കരുതുന്നത് അലിപുര്‍ദുരാസ് ആണ്. കഴിഞ്ഞ ലോക്സഭ സീറ്റ് നേടിയെന്ന് മാത്രമല്ല, 2021 ലെ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിനു കീഴിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും ബിജെപി വിജയിക്കുകയും ചെയ്തു. അതിനു ശേഷം ബിജെപിയിലുണ്ടായ പ്രശ്നങ്ങളാണ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്.

ബിജെപിയെ വലിയ വിജയത്തിലേക്കു നയിച്ച ജില്ലാ പ്രസിഡന്റ് ഗംഗാ പ്രസാദ് ശര്‍മ പാര്‍ട്ടി ഉപേക്ഷിച്ച് തൃണമൂലില്‍ ചേര്‍ന്നത് 2021 ലായിരുന്നു. ഇത് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിലെ എം പി ജോണ്‍ ബാര്‍ലയ്ക്ക് സീറ്റ് നിഷേധിച്ചതും പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹം ആദ്യഘട്ടത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നിരുന്നു. ബിജെപി കേന്ദ്രങ്ങളില്‍ തൃണമൂല്‍ ശക്തമായ പ്രചാരണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കൂച്ച് ബെഹാര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ജയിക്കുകയും ഇതിനു കീഴിലുള്ള ആറ് നിയമസഭ മണ്ഡലങ്ങളില്‍ വിജയം ആവര്‍ത്തിക്കുകയും ചെയ്തു. ഇവിടെ നിലവിലെ എം പി കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കാണ് മല്‍സരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന രാജ്‌ബൻഷി വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ഇത്. സി എ എ എതിര്‍ക്കുകയും എന്‍ ആര്‍ സി നടപ്പിലാക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന വിഭാഗമാണ് രാജ്‌ബൻഷി.

വടക്കന്‍ ബംഗാളിലെ ലോക്സഭ മണ്ഡലങ്ങളില്‍ രാജ്‌ബൻഷി വിഭാഗത്തിന്റെ എതിര്‍പ്പ് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഈ മേഖലയിലെ മണ്ഡലങ്ങളില്‍ 15 മുതൽ 30 വരെ ശതമാനം സ്വാധീനം ഈ വിഭാഗത്തിനുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ്ങിന് തുടക്കം, വിധിയെഴുതുന്നത് 102 മണ്ഡലങ്ങള്‍
'മോദിക്ക് ഇനിയൊരവസരം നല്‍കുന്നത് ആലോചിച്ചു വേണം'; രൂക്ഷ വിമര്‍ശനവുമായി 'ദ ഗാര്‍ഡിയന്‍' എഡിറ്റോറിയല്‍

ഉത്തര്‍പ്രദേശില്‍ എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സീറ്റാണ് നിലവില്‍ ബിജെപിയ്ക്കുള്ളത്. മൂന്ന് സീറ്റ് ബിഎസ്‌പിക്കാണ്. രണ്ട് എസ്‌പിക്കും. 2019ല്‍ എസ്പിയും ബിഎസ്‌പിയും ഒന്നിച്ചായിരുന്നു മല്‍സരിച്ചത്. ഇത്തവണ ബിഎസ്‌പി തനിച്ചാണ് മത്സരിക്കുന്നത്. ഷെഹരാന്‍പൂര്‍, ബിജനോര്‍, നാഗിന എന്നീ മണ്ഡലങ്ങളിലാണ് ബിഎസ്പി വിജയിച്ചത്. ഈ മൂന്ന് മണ്ഡലങ്ങളിലും 2014 ല്‍ ബിജെപിയായിരുന്നു വിജയിച്ചത്. ഒന്നര ലക്ഷം മുതല്‍ 22 000 ആയിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി എസ് പി ഈ മണ്ഡലങ്ങളില്‍ ബിജെപിയെ അട്ടിമറിച്ചത്.

മൊറാദബാദ് മണ്ഡലവും രാംപുര്‍ മണ്ഡലവും എസ്‌പി ബിജെപിയില്‍നിന്ന് 2019ല്‍ പിടിച്ചെടുത്തതാണ്. രാംപൂര്‍ മണ്ഡലത്തില്‍ അസംഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ബിജെപി വിജയിച്ചത്.

തമിഴ്നാട്ടിലെ 39 സീറ്റില്‍ ഒന്നൊഴികെ എല്ലാ സീറ്റും പ്രതിപക്ഷ സഖ്യത്തിനായിരുന്നു. അതുപോലെ ഉത്തരാഖണ്ഡിലെ അഞ്ചില്‍ അഞ്ച് സീറ്റും ബിജെപിയും നിലനിര്‍ത്തി. രാജസ്ഥാനിലെ ആദ്യ ഘട്ട പോളിങ് നടക്കുന്ന 12 സീറ്റില്‍ 12 നേടിയതും ബിജെപിയാണ്. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം മല്‍സരിക്കുന്ന സിക്കാര്‍ മണ്ഡലത്തിലുള്‍പ്പടെ ശക്തമായ മല്‍സരമാണ് നടക്കുന്നത്. 2019 ല്‍ സിപിഎം സ്ഥാനാര്‍ഥി തനിച്ചായിരുന്നു മല്‍സരിച്ചത്. രാജസ്ഥാനില്‍ ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട പോളിങ്ങിന് തുടക്കം, വിധിയെഴുതുന്നത് 102 മണ്ഡലങ്ങള്‍
പ്രവചനാതീതമോ പത്തനംതിട്ട?

മഹാരാഷ്ട്രയില്‍ അഞ്ച് സീറ്റുകളിലാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ നാലു സീറ്റിലും എന്‍ഡിഎയാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ രണ്ട് പ്രധാന പാര്‍ട്ടികളിലെ പിളര്‍പ്പാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്. എന്‍ സി പി പിളര്‍ന്ന് അജിത്ത് പവാര്‍ പക്ഷം എന്‍ ഡി എ യ്ക്കൊപ്പമായത് അവര്‍ക്ക് നേട്ടമായെന്ന് കരുതുമ്പോള്‍, ബിജെപിയുടെ എല്ലാ കാലത്തെയും സഖ്യകക്ഷി ശിവസേനയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഒരു പക്ഷം ഇന്ത്യ മുന്നണിയുടെ ഭാഗമായത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആകെ വിജയിച്ച ചിന്ദ്വാര മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്.

ജൂൺ ഒന്നുവരെ ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ജൂൺ നാലിന്.

logo
The Fourth
www.thefourthnews.in