പാലക്കാട് മണ്ഡലത്തില്‍ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഉറപ്പാക്കണം; ഹൈക്കോടതി നിര്‍ദേശം ഇരട്ടവോട്ട് പരാതിയില്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് എന്‍ ഡി എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് കെ എം ഹരിദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പാലക്കാട് മണ്ഡലത്തില്‍ 13,98,143 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,26,151 ഇരട്ടവോട്ടാണെന്നാണ് ആരോപണം.
അതിനിടെ, രണ്ടാം ഘട്ട പോളിങ്ങില്‍ കേരളം വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് പോസ്റ്ററിന് എതിരെയും ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈബി ഈഡനോട് 25 ചോദ്യങ്ങള്‍ എന്ന പോസ്റ്ററുകള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹര്‍ജി.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് ഹൈബി പാര്‍ലമെന്റില്‍ വോട്ടു ചെയ്തിരുന്നോ എന്നും യുഎപിഎ ഭേദഗതിയെ കുറിച്ചും ചോദ്യങ്ങളുള്ള പോസ്റ്റര്‍ മുസ്ലീം ജനവിഭാഗങ്ങളുടെ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ഹര്‍ജി ആരോപിക്കുന്നു. ഇടപ്പള്ളി സ്വദേശി സെബിന്‍ തോമസ് ഹരജി നല്‍കിയത്. വിഷയത്തില്‍ ഇടത് സ്ഥാനാര്‍ഥിയടക്കമുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
നേരത്തെ, തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ വി ജി അരുണ്‍, എസ് മനു എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാല്‍ ഇനി വിഷയം തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റല്‍ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.