വ്യക്തിപരമായ കാരണങ്ങൾ, വിഷാദം, അമ്മയുടെ ആരോഗ്യം! സൂറത്തിൽ ഒൻപത് സ്ഥാനാർഥികളുടെ കൂട്ട പിന്മാറ്റത്തിന് പിന്നിലെന്ത്?
ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. രാജ്യത്തെ പൗരന്മാരെല്ലാം തന്നെ വോട്ടവകാശം ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന മണ്ഡലത്തിലെ സമ്മതിദായകർ വോട്ട് ചെയ്യുകയും ചെയ്തു. എന്നാൽ 73 വർഷത്തിനുശേഷം ആദ്യമായി ഗുജറാത്തിലെ സൂററ്റ് മണ്ഡലത്തിലെ വോട്ടർമാർക്ക് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചില്ല. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞുവെന്നതാണ് അതിന് കാരണം.
ഏപ്രിൽ 22 നാണ് ബിജെപിയുടെ മുകേഷ് ദലാൽ മണ്ഡലത്തിൽനിന്ന് എതിരില്ലാതെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വളരെ അപൂർവമായ സാഹചര്യമാണ് ഇത്തവണ സൂറത്ത് മണ്ഡലത്തിൽ സംജാതമായത്. രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 10 പേരാണ് മുകേഷിനൊപ്പം മണ്ഡലത്തില്‍നിന്ന് പത്രിക സമര്‍പ്പിച്ചിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന് പിന്നാലെ മറ്റ് സ്ഥാനാർത്ഥികൾ കൂട്ടമായി പിന്മാറി. ഇതോടെയാണ് മുകേഷ് ദലാൽ മണ്ഡലത്തിൽ വിജയിച്ചത്. സ്ഥാനാർത്ഥികളുടെ ഈ കൂട്ടമായ പിന്മാറ്റത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ് ദേശീയ മാധ്യമമായ സ്ക്രോൾ.
എന്താണ് സൂറത്തിൽ സംഭവിച്ചത്?
ജീവിതത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നയാളായിരുന്നു മുകേഷ് ദലാൽ എന്ന ബിജെപി സ്ഥാനാർഥി. നിലേഷ് കുംഭാനിയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. സുരേഷ് പൽസാദ എന്നയാളായിരുന്നു കോൺഗ്രസിന്റെ ബാക്കപ്പ് സ്ഥാനാർഥി.
ഏപ്രിൽ 21 ന് മൂന്ന് നിർദ്ദേശകരുടെ ഒപ്പ് വ്യാജമാണെന്ന് കാണിച്ച് നിലേഷ് കുംബാനിയുടെ പത്രിക വരണാധികാരി തള്ളിയിരുന്നു. മറ്റൊരു സ്ഥാനാർഥി സുരേഷ് പൽസാദയുടെ നാമനിർദേശവും ഇതേ കാരണം പറഞ്ഞ് തള്ളി. എന്നാൽ കുംഭാനിയുടെ മൂന്ന് നിർദേശകരും ബന്ധുക്കൾ തന്നെയായിരുന്നു. ജഗദീഷ് സാവലിയ, ധ്രുവിൻ ധമേലിയ എന്നീ രണ്ട് നിർദേശകർ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളാണ്. മൂന്നാമത്തെ നിർദേശകൻ രമേഷ് പോളറ കുംഭാനിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ്. സുരേഷ് പൽസാദയുടെ പത്രികയിൽ അദ്ദേഹത്തിന്റെ അനന്തരവൻ ഭൗട്ടിക് കൊളാഡിയയുടെ ഒപ്പ് വ്യാജമാണെന്നാണ് ആരോപണം.
രണ്ട് കോൺഗ്രസ് സ്ഥാനാർഥികളുടെയും പത്രിക തള്ളിയതോടെ ഒൻപത് സ്ഥാനാർഥികളായിരുന്നു മണ്ഡലത്തിൽ അവശേഷിച്ചിരുന്നത്. നാല് സ്വതന്ത്രരും ബിജെപി, ബഹുജൻ സമാജ് പാർട്ടി എന്നിവയിൽ നിന്നുള്ള സ്ഥാനാർത്ഥികളും മറ്റ് പാർട്ടികളിൽ നിന്നുള്ള മൂന്ന് സ്ഥാനാർത്ഥികളും. എന്നാൽ ഏപ്രിൽ 22 ദലാൽ ഒഴികെയുള്ള ബാക്കിയെല്ലാവരും നാമനിർദ്ദേശ പത്രിക പിൻവലിച്ചു. ഇതാണ് ബിജെപിക്ക് എതിരില്ലാതെ ഒരു സീറ്റ് നേടിക്കൊടുക്കാൻ കാരണമായത്.
എന്താണ് ഈ 'കൂട്ട പിന്മാറ്റത്തിന്' പിന്നിലെ കാരണം ?
എന്നാൽ ബിജെപി പ്രവർത്തകരുടെ സ്വാധീനം സ്ഥാനാർഥികളുടെ കൂട്ടമായ പത്രിക പിൻവലിക്കലിന് പിന്നിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.
ബിജെപിയുമായി ബന്ധമുള്ള ഒരാൾ ഏപ്രിൽ 21 ന് തന്നെ കാണുകയും പത്രിക പിൻവലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സ്റ്റോക്ക് ബ്രോക്കർ കിഷോർ ദയാനി സ്‌ക്രോളിനോട് പറഞ്ഞു.
"സൂറത്തിലെ വളരെ മോശമായ ട്രാഫിക് പ്രശ്നങ്ങൾ മൂലമാണ് ഞാൻ മത്സരിക്കാമെന്ന് കരുതിയത്. ബിജെപി അനുഭാവിയായ അറിയപ്പെടുന്ന വ്യക്തി എന്നെ കാണാൻ വന്നിരുന്നു. മെട്രോ പദ്ധതി പോലെ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് പദ്ധതിയുണ്ടെന്ന് പറഞ്ഞു. അതിനാൽ പത്രിക പിൻവലിക്കാനും ആവശ്യപ്പെട്ടു," അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ സന്ദർശിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പിന്മാറാതിരിക്കാനും പ്രേരിപ്പിച്ചിരുന്നു. എന്നാൽ, പത്രിക പിൻവലിക്കാൻ അദ്ദേഹം തീരുമാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിൻ്റെ മേൽനോട്ടത്തിൽ പ്രാദേശിക ബിജെപി രാഷ്ട്രീയക്കാർ സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കൽ സംബന്ധിച്ച ചർച്ചകൾ നടന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥികൾ പുറത്തായെന്ന വാർത്ത അറിഞ്ഞതിനു പിന്നാലെയാണ് താൻ പിന്മാറിയതെന്ന് ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ജയേഷ് മേവാഡ പറഞ്ഞു. “ഈ രാജ്യത്തിൻ്റെ ദരിദ്രാവസ്ഥ മാറ്റാൻ ഞാൻ ആഗ്രഹിച്ചു,'' അദ്ദേഹം പറഞ്ഞു. “എന്നാൽ കോൺഗ്രസ് അതിൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുന്നില്ലെങ്കിൽ, ഞാൻ എന്തിന് പോരാടണം? നമ്മുടെ രാജ്യത്തെ മാറ്റാൻ ദീർഘവീക്ഷണമുള്ള നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ പത്രിക പിൻവലിച്ചതിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ അജിത്‌സിങ് ഉമത്ത് പറയുന്നത്. “ഞാൻ അടിസ്ഥാനപരമായി കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുകയായിരുന്നു. അവർ മത്സരത്തിൽനിന്ന് പുറത്തായിക്കഴിഞ്ഞാൽ പിന്നെ മത്സരിക്കുന്നതിൽ അർത്ഥമില്ല," ഉമത്ത് പറയുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭയുമായി തനിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് പത്രിക പിൻവലിച്ചതെന്നാണ് മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ ഭരത് പ്രജാപതി പറയുന്നത്. താൻ വിഷാദാവസ്ഥയിൽ ആയിരുന്നുവെന്നും അതിനാൽ പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച ലെ മെറിഡിയനിൽ പോയിരുന്നോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
തൊണ്ണൂറുകാരിയായ അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് പിന്‍വാങ്ങിയതെന്നാണ് ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ രമേഷ് ബരയ്യ പറഞ്ഞത്. താൻ ഗ്രാമത്തിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അലഹബാദ് ആസ്ഥാനമായുള്ള ലോഗ് പാർട്ടിയുടെ സോഹെൽ ഷെയ്‌ക്കും മുംബൈ ആസ്ഥാനമായുള്ള സർദാർ വല്ലഭായ് പട്ടേൽ പാർട്ടിയുടെ അബ്ദുൾ ഹമീദ് ഖാനും പിൻവാങ്ങലിനെക്കുറിച്ച് സംസാരിക്കാൻ തയാറായില്ല. പത്രിക പിൻവലിക്കാൻ പ്രത്യേകിച്ച് കാരണങ്ങളില്ലെന്നാണ് ഇരുവരുടെയും പക്ഷം. വിരമിച്ച ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർ വിജയ് ശങ്കർ പാണ്ഡെയുടെ നേതൃത്വത്തിലുള്ള ലോഗ് പാർട്ടി നേതൃത്വത്തിനു പോലും സ്വന്തം സ്ഥാനാർത്ഥിയുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ചെറുതും വലുതുമായ പല സ്ഥാനാർഥികളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പോലും പലരെയും ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.