ഇത്തവണ അനുകൂല ഘടകങ്ങൾ ഏറെ; എന്നിട്ടും എന്തുകൊണ്ട് രാഹുൽ അമേഠിയെ കൈവിട്ടു?
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയിലും മത്സരത്തിന് തയ്യാറായതായിരുന്നു വെള്ളിയാഴ്ചയിലെ പ്രധാന രാഷ്ട്രീയ വാര്‍ത്ത. മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. പ്രവർത്തനമണ്ഡലം രാജ്യസഭയിലേക്കു മാറ്റുന്നതിനുമുൻപ് അമ്മ സോണിയാ ഗാന്ധി മത്സരിച്ചുകൊണ്ടിരുന്ന റായ്ബറേലി മണ്ഡലത്തില്‍നിന്നാണ് രാഹുല്‍ ജനവിധി തേടുന്നത്.
2019ല്‍, വയനാട്ടിൽനിന്നുള്ള ജനപ്രതിനിധിയായാണ് രാഹുല്‍ ലോക്‌സഭയിലെത്തിയത്. അത്തവണ, 2004 മുതല്‍ പ്രതിനിധീകരിച്ച അമേഠിയില്‍ രാഹുല്‍ പരാജയം ഏറ്റുവാങ്ങി. ബിജെപി നേതാവ് സ്മൃതി ഇറാനിയോടായിരുന്നു സ്വന്തം കോട്ടയില്‍ രാഹുല്‍ പരാജയപ്പെട്ടത്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരിക്കല്‍ തന്നെ കൈവിട്ട അമേഠിയെ ചേര്‍ത്തുപിടിക്കാന്‍ രാഹുല്‍ തയ്യാറായില്ല. ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ച പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് പട്ടികയില്‍ ഇടം പിടിച്ചില്ല. പകരം നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥനെന്ന് അറിയപ്പെടുന്ന അറുപത്തിമൂന്നുകാരനായ കിഷോരി ലാല്‍ ശര്‍മയെയാണ് അമേഠിയെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
1967 ല്‍ മണ്ഡലത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച അമേഠി മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസിനെ കൈവിട്ടത്. രാഹുല്‍ അമേഠി വിട്ട് റായ്ബറേലിയിലേക്കു ചേക്കേറുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്. പരാജയങ്ങളില്‍ പോലും കൃത്യമായ വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന് എവിടെയാണ് ആത്മവിശ്വാസം നഷ്ടമായത്? നെഹ്റു കുടുംബത്തെ എക്കാലവും പിന്തുണച്ച ഒരു മണ്ഡലത്തില്‍ പോരാട്ടം നടത്താനുള്ള ധൈര്യം ഇല്ലാതായായി പോയത് എന്തുകൊണ്ട്?
2019 ല്‍ അമേഠി രാഹുലിനെ കൈവിട്ടപ്പോഴും മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 2.85 ശതമാനം മാത്രമായിരുന്നു വോട്ട് വ്യത്യാസം
അമേഠിയും കോണ്‍ഗ്രസും
1967 - 2019 കാലഘട്ടത്തിനിടയിലെ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് അമേഠിയില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 35 ശതമാനത്തിൽ താഴെ പോയത്. അതിനു വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. 2019 ൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തുമ്പോൾ പോലും 43 ശതമാനത്തോളം വോട്ട് കോൺഗ്രസ് നേടി. അവിടെയാണ് കിഷോരി ലാൽ ശർമയെന്ന നെഹ്‌റു കുടുംബത്തിലെ വിശ്വസ്തനെ മത്സരത്തിനു നിർത്തി രാഹുലും പ്രിയങ്കയും മാറിനിൽക്കുന്നത്.
തോറ്റുകൊണ്ട് തുടങ്ങിയ നെഹ്‌റു കുടുംബം
1967, അമേഠി മണ്ഡലം ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ വി ഡി ബാജ്പേയ് 35.81 ശതമാനം വോട്ട് നേടി വിജയിച്ചു. 1971ല്‍ വി ഡി ബാജ്പേയ് 62.13 ശതമാനം വോട്ട് നേടി വിജയിച്ചു. അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതോടെ 1977 ലായിരുന്നു അടുത്ത തിരഞ്ഞെടുപ്പ്.
നെഹ്റു കുടുംബത്തില്‍നിന്ന് ആദ്യമായി ഒരാള്‍ അമേഠിയില്‍ മത്സരത്തിനെത്തിയത് 1977 ലായിരുന്നു. സഞ്ജയ് ഗാന്ധി അമേഠിയില്‍ സ്ഥാനാര്‍ഥിയായി. അടിയന്തരാവസ്ഥക്കെതിരെയുണ്ടായ പൊതുവികാരം അലയടിച്ച തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ പുത്രന് അടിപതറി. 34.47 ശതമാനം വോട്ടായിരുന്നു അമേഠിയില്‍ കോണ്‍ഗ്രസിനു ലഭിച്ചത്. ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ് വിജയം കണ്ടു.
മൂന്നു വര്‍ഷത്തിനിപ്പുറം 1980ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധി അമേഠിയില്‍ വിജയിച്ചു. 57.11 ശതമാനം വോട്ട് നേടിയായിരുന്നു ജയം. മാസങ്ങള്‍ക്കകം സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെ അമേഠി വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങി. രാജീവ് ഗാന്ധി മത്സരിക്കാനെത്തിയ 1981 ലെ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വോട്ടിങ് ശതമാനത്തോടെ കോണ്‍ഗ്രസ് ജയിച്ചുകയറി. 84.18 ശതമാനം വോട്ടായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി നേടിയത്.
തുടര്‍ച്ചയായി മൂന്നു തവണ അമേഠിയില്‍ രാജീവ് ഗാന്ധി വിജയിച്ചു. 1984ൽ ലഭിച്ചത് 83.67 ശതമാനം വോട്ട്., 1989ൽ 67.43 ശതമാനവും 1991 ല്‍ 53.23 ശതമാനവും വോട്ടാണ് രാജീവിന് ലഭിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ 1991 ലെ ഉപതിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ സതീഷ് ശര്‍മഅമേഠിയെ പ്രതിനിധീകരിച്ചു. 53.88 ശതമാനം വോട്ട് നേടി വിജയം കുറിച്ചു. എന്നാല്‍ 1996 ല്‍ അത് 38.81 ശതമാനമായി കുറഞ്ഞു. 1998 ല്‍ കോണ്‍ഗ്രസ് അമേഠിയില്‍ തോറ്റു. 31.1 ശതമാനം വോട്ട് മാത്രം നേടി സതീഷ് ശര്‍മ പരാജയം ഏറ്റുവാങ്ങി. ബിജെപിയുടെ സഞ്ജയ് സിങ് അമേഠി സ്വന്തമാക്കി. കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ വോട്ട് വ്യത്യാസം 3.98 ശതമാനം മാത്രം.
1999 ല്‍ സോണിയ ഗാന്ധി അമേഠി തിരിച്ചുപിടിച്ചു. 67.12 ശതമാനം വോട്ട് സോണിയ നേടി. 2004 ല്‍ സോണിയ റായബറേലിയിലേക്കു മാറി. രാഹുല്‍ ഗാന്ധി മണ്ഡലം ഏറ്റെടുത്തു. അമേഠിയില്‍ അന്ന് 66.18 ശതമാനം വോട്ട് നേടി രാഹുൽ വിജയിച്ചു. 2009, 2014 വര്‍ഷങ്ങളില്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2019 ല്‍ സ്മൃതി ഇറാനിക്കു മുന്നില്‍ രാഹുല്‍ പരാജയപ്പെട്ടു. 1998 ല്‍ കോണ്‍ഗ്രസ് 3.98 ശതമാനം വോട്ടിനാണ് തോറ്റതെങ്കില്‍ 2019 ല്‍ അത് 5.87 ശതമാനമായി ഉയര്‍ന്നു. 1990 മുതല്‍ അമേഠിയില്‍ ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. എന്നാല്‍ 2004, 2009 വര്‍ഷങ്ങളില്‍ ബിഎസ്‌പി രണ്ടാം സ്ഥാനത്തെത്തി.
2004ൽ 66.18 ശതമാനം, 2009ൽ 71.78 ശതമാനം വോട്ട് നേടി വിജയിച്ച രാഹുല്‍ 2014 ല്‍ നേടിയത് 46.71 ശതമാനം വോട്ടായിരുന്നു. വോട്ടിങ് ശതമാനത്തില്‍ വന്ന ഈ ഇടിവ് കോണ്‍ഗ്രസ് കണ്ടില്ലെന്നു നടിച്ചപ്പോള്‍ കാത്തിരുന്നത് വന്‍ തിരിച്ചടി. 2019 ല്‍ അമേഠി രാഹുലിനെ കൈവിട്ടപ്പോഴും മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 2.85 ശതമാനം മാത്രമായിരുന്നു വോട്ട് വ്യത്യാസം.
അടിത്തറയിളകിയ കോണ്‍ഗ്രസ്
രാഹുല്‍ ഗാന്ധി പരാജയപ്പെടുന്നതിനു മുൻപ് 2017 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും 2022 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് അമേഠിയില്‍ വന്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ഈ തിരഞ്ഞെടുപ്പുകളില്‍ അമേഠി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ബിജെപിക്കായിരുന്നു.
2017ല്‍ അമേഠിയില്‍ കോണ്‍ഗ്രസിനു 24.4 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപി 35.7 ശതമാനം വോട്ട് നേടി. 2022ല്‍ ബിജെപി 41.8 ശതമാനം വോട്ട് നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി (എസ് പി) 35.2 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസ് 14.3 ശതമാനം വോട്ട് മാത്രമാണ് നേടിയത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഒരു നിയമസഭാ സീറ്റ് പോലും അമേഠിയില്‍ കോണ്‍ഗ്രസിന് കിട്ടിയില്ല. ബിജെപി മൂന്ന് സീറ്റും എസ് പി രണ്ട് സീറ്റും നേടി. 2017ല്‍ ബിജെപിക്കും നാലും എസ് പിക്ക് ഒരു സീറ്റുമായിരുന്നു. ഈ കണക്കുകളായിരിക്കാം രാഹുലിനെ അമേഠിയെ കൈവിടാന്‍ പ്രേരിപ്പിച്ചത്.
തിരഞ്ഞെടുപ്പുകളില്‍ അമേഠി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ബിജെപിക്കായിരുന്നു
മാറിയ മുന്നണി സമവാക്യം
ഇത്തവണ പക്ഷേ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എസ് പി കോണ്‍ഗ്രസിനൊപ്പം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. 2019 ലെ കണക്കുകള്‍ പ്രകാരം എസ് പി നേടിയ 35.2 ശതമാനം വോട്ടും കോണ്‍ഗ്രസ് നേടിയ 14.3 ശതമാനം വോട്ടും ചേര്‍ന്നാല്‍ ബിജെപിയെക്കാള്‍ വോട്ട് അമേഠിയില്‍ ലഭിക്കാവുന്ന സാഹചര്യമുണ്ട്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയസാധ്യത വര്‍ധിക്കാനും കോണ്‍ഗ്രസിന്റെ മണ്ഡലം തിരികെ പിടിക്കാനും സാധിക്കുമായിരുന്നു. ഈ അവസരമാണ് രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും വേണ്ടെന്നു വെച്ചിരിക്കുന്നത്.