ഇന്ത്യ ആര് ഭരിക്കണം? സ്ത്രീകളും യുവാക്കളും ദളിതരും തീരുമാനിക്കും
പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ഭൂരിഭാഗം മണ്ഡലങ്ങളും വിധിയെഴുതിക്കഴിഞ്ഞു. എന്നാല്‍ രാജ്യം ആര് ഭരിക്കണം എന്നതില്‍ നിര്‍ണായകമാവുക മൂന്നു വിഭാഗം ജനങ്ങളുടെ വോട്ടുകളാണ്. സ്ത്രീകള്‍, യുവാക്കള്‍, ദളിതര്‍ എന്നിവരുടെ നിലപാട് ഇത്തവണ ഏറെ പ്രധാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തവണ നാനൂറിലധികം സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസം ഉയര്‍ത്തിയാണ് ബിജെപിയും പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചപ്പോള്‍ പതിയെ അവകാശ വാദങ്ങളില്‍ നിന്ന് ബിജെപി പിന്‍മാറി. കാരണം കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം ചര്‍ച്ചകള്‍ സാമൂഹ്യ വിഷയങ്ങളിലേക്ക് തിരിക്കുകയായിരുന്നു. സ്ത്രീ, യുവാക്കള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത്. 2019ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഇന്ത്യയിൽ സ്ത്രീകളുടെ വോട്ടുകൾ പുരുഷന്മാരുടെ വോട്ടിനെ മറികടക്കുന്നത്. സ്ത്രീകളുടെ നിലപാട് സുപ്രധാനമാണെന്ന തിരിച്ചറിവാണ് പ്രതിപക്ഷത്തെ ഈ വിഷയങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്.
ബംഗാളിൽ തൃണമൂലും, ഒഡിഷയിൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദളും തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ബിഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും (ജെഡിയു) സ്ത്രീ വോട്ടർമാരെ നേരത്തെ തന്നെ പ്രത്യേകമായി പരിഗണിച്ചിരുന്നു. മിക്ക സംസ്ഥാനങ്ങളിലും സ്ത്രീകളെ കേന്ദ്രീകരിച്ച് സർക്കാർ പദ്ധതികൾ രൂപകൽപന ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ നടന്ന ഏതു തിരഞ്ഞെടുപ്പിനെക്കാളും 2024 പൊതു തിരഞ്ഞെടുപ്പിലാണ് അവരുടെ വോട്ടുകൾ നിർണായകമാകുന്നത്.
വഴികാട്ടിയ കര്‍ണാടക
കോൺഗ്രസ് നേതൃത്വം നൽകുന്ന കർണാടക സർക്കാർ സ്ത്രീകൾക്ക് മാത്രമായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതിൽ സൗജന്യ ബസ് യാത്ര മുതൽ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ദതിയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളുമുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കര്‍ണാടകയില്‍ പോളിങ് നടന്ന 14 സീറ്റുകളിൽ അഞ്ച് സീറ്റുകളിലും പുരുഷന്മാരെക്കാളും കൂടുതൽ പോൾ ചെയ്തിരിക്കുന്നത് സ്ത്രീകളായിരുന്നു.
ബിഹാർ പരിഗണിക്കുകയാണെങ്കിൽ ആദ്യ ഘട്ടത്തിൽ സ്ത്രീകളുടെ പോളിംഗ് ശതമാനം പുരുഷന്മാരെക്കാളും 6.21 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ. മൂന്നാം ഘട്ടത്തിലേക്ക് വരുമ്പോൾ അത് 11.6 ശതമാനത്തിലേക്കെത്തി. നാലാം ഘട്ടത്തിലെ കണക്കുകൾ കൂടി ചേർത്താൽ ശരാശരി 8 ശതമാനം കൂടുതലാണെന്നു മനസിലാക്കാം. ബിഹാറിലെ 2020 നിയമസഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാൽ സ്ത്രീ വോട്ടർമാർ തുണച്ചത് നിതീഷ് കുമാറിനെയും ബിജെപിയെയുമാണ് എന്നു മനസിലാക്കാം. ഹിന്ദി ഹൃദയഭൂമിയിലെ ഒരു പൊതുചിത്രം അതാണ്. എന്നാൽ ഇത്തവണ അങ്ങനെ തന്നെ ആവർത്തിക്കുമെന്ന് പറയാൻ കഴിയില്ല.
തൊഴിലില്ലായ്മയും യുവാക്കളും
തൊഴിലില്ലായ്മ രാജ്യത്തെമ്പാടും കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും പ്രധാന ചർച്ച വിഷയമാക്കുന്ന സാഹചര്യത്തിൽ ഇത്തവണ ഇന്ത്യയിലെ യുവാക്കൾ ആർക്ക് വോട്ട് ചെയ്യുമെന്ന കാര്യം പ്രധാനപ്പെട്ടതാണ്. ബിജെപിക്ക് കൂടുതൽ സീറ്റുകൾ നൽകിയ ഉത്തർപ്രദേശിൽ പോലും തൊഴിലില്ലായ്മ വളരെ പ്രധാനപ്പെട്ട ചർച്ചാവിഷയമാണ്. രാജ്യത്തെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിൽ നിൽക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ ഒരു വിഷയമാകുമോ? യുവാക്കൾ എന്ത് ചിന്തിച്ചു എന്നീ കാര്യങ്ങൾ ഇനി കണ്ട് മനസിലാക്കേണ്ടതുണ്ട്.
ഉത്തർപ്രദേശിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി ശോഷിക്കുന്നതും പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പേതായാലും ബിഎസ്പിക്കു മാത്രം വോട്ട് ചെയ്തിരുന്നവർ ഇത്തവണ ആർക്ക് വോട്ട് ചെയ്യും എന്ന ചോദ്യം വളരെപ്രധാനപ്പെട്ടതാണ്. ഈ വോട്ടുകൾ തങ്ങളിലേക്ക് വരും എന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാർട്ടി. ഒബിസി, എസ് സി, എസ് ടി സംവരണം തങ്ങൾ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി ബിജെപി തന്ത്രം മാറ്റിയിട്ടുമുണ്ട്. ഇതെങ്ങനെ പ്രതിഫലിക്കുമെന്ന് ജൂൺ നാലാം തീയതി മാത്രം അറിയാൻ കഴിയുന്ന കാര്യമാണ്.
മേല്‍പറഞ്ഞ മൂന്നു വിഭാഗങ്ങളുമാവും ഇത്തവണ ആര് ഇന്ത്യ ഭരിക്കുമെന്ന് തീരുമാനിക്കുകയെന്ന് ഓരോ പാർട്ടികളും അവർക്ക് നൽകുന്ന പ്രാധാന്യത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇന്ത്യയിലെമ്പാടും ഒരു പ്രത്യേക രീതിയിൽ ഈ വിഭാഗങ്ങൾ വോട്ട് ചെയ്യുന്ന അവസ്ഥയുണ്ടാകുമോ എന്ന് ഫലം പുറത്ത് വരുമ്പോൾ മനസിലാകും.