പരസ്പരം പോരടിച്ച് വീണ വൈഎസ്ആറിന്റെ മക്കള്‍; ശര്‍മിളയില്‍ പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്
ചാരമായി പോയതാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി. ആന്ധ്രയുടെ മണ്ണില്‍ ഇനി ടിഡിപിക്ക് വേരോട്ടമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍, ഒരു തിരഞ്ഞെടുപ്പുകൊണ്ട് ചന്ദ്രബാബു നായിഡു ഉയര്‍ത്തെഴുന്നേറ്റു. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ വീഴ്ത്തി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആണിക്കല്ലൂരി.
ടിഡിപിയുടെ വിജയം ചര്‍ച്ചയാകുമ്പോള്‍, ആന്ധ്രയില്‍ കാലുറപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ സ്ഥിതികൂടി ചര്‍ച്ചയാകുന്നുണ്ട്. നേര്‍ക്കുനേര്‍ നിന്ന പോരാട്ടത്തില്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ രണ്ടു മക്കളും തോറ്റുവീണു. ഇവര്‍ ഒന്നിക്കുമോ അതോ, വൈഎസ്ആര്‍സിപിയുടെ പതനം ആന്ധ്രയുടെ മണ്ണില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുമോ?
വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയെന്ന ജനകീയന്‍ നടന്നുതീര്‍ത്ത 1,500 കിലോമീറ്റര്‍ ദൂരത്തിന്റെ ബലത്തിലാണ് ചന്ദ്രബാബു നായിഡു കെട്ടിപ്പൊക്കിയ ടിഡിപി കോട്ട തകര്‍ത്ത് കോണ്‍ഗ്രസ് ആന്ധ്രയില്‍ തിരിച്ചുവരവ് നടത്തിയത്. 1969-ന് ശേഷം കോണ്‍ഗ്രസിനെ തെലുങ്കു മണ്ണില്‍ കാലുറപ്പിച്ചു നിര്‍ത്താന്‍ പ്രാപ്തമാക്കിയത് വൈഎസ്ആറാണ്. എന്നാല്‍, അധികാര വടംവലിയില്‍ നിന്ന് ഒരിക്കലും രക്ഷലഭിക്കില്ലന്ന് രാഷ്ട്രീയ ജാതകത്തില്‍ എഴുതിവെച്ച കോണ്‍ഗ്രസില്‍, വൈഎസ് രാജശേഖര റെഡ്ഡിയെ അഴിമതിക്കാരനായ നേതാവെന്ന് വിരല്‍ചൂണ്ടാന്‍ അനവധി കൈകളുണ്ടായിരുന്നു.
പിതാവ് വ്യവസായികള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ക്ക് പകരമായി ജഗന്‍ വലിയതോതില്‍ പണം സമ്പാദിച്ചെന്ന ആരോപണം വൈഎസ്ആര്‍ സര്‍ക്കാരിനെ പിടിച്ചുകുലക്കി. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസായിരുന്നു ഭരണത്തിലെങ്കിലും വൈഎസ്ആറിന് എതിരെ സിബിഐ അന്വേഷണം വന്നു. ഇത് മുതലെടുത്ത് കോണ്‍ഗ്രസില്‍ വൈഎസ്ആറിന്റെ രാജിക്ക് വേണ്ടി മുറവിളി ഉയര്‍ന്നു. പിന്നീട് ഹെലികോപ്റ്റര്‍ അപകടവും മരണവും. ആന്ധ്രപ്രദേശിനെ പിടിച്ചുകുലുക്കിയ ആ മരണത്തിന് ആറു മാസത്തിന് ശേഷം, ജഗന്‍ മോഹന്‍ റെഡ്ഡി അച്ഛന്റെ പരാമ്പര്യം ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങിയതോടയാണ് ആന്ധ്രാ മണ്ണില്‍ കോണ്‍ഗ്രസ് വീണ്ടും പതനത്തിലേക്ക് നീങ്ങിയത്.
ജഗന് മോഹന്‍ റെഡ്ഡി നടത്തിയ അനുസ്മരണ പദയാത്ര കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചു. ജഗനെ മുഖ്യമന്ത്രിയാക്കണം എന്നുള്ള എംഎല്‍എമാരുടെ ആവശ്യം സോണിയ ഗാന്ധി ചെവികൊണ്ടില്ല. യാത്ര നിര്‍ത്തിവക്കണമെന്ന സോണിയയുടെ നിര്‍ദേശം മുഖവിലയ്‌ക്കെടുക്കാന്‍ ജഗനും തയാറായില്ല. അനന്തരം 2010-ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ജഗന്‍ യുവജന ശ്രമിക ഋതു കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. ആ പേരിലുണ്ടായിരുന്നു വൈഎസ്ആര്‍. അതുമതിയായിരുന്നു രണ്ടാമതൊന്ന് ആലോചിക്കാതെ തെലുങ്ക് ജനതയ്ക്ക് ജഗനൊപ്പം അണിനിരക്കാന്‍. 2014-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വരവറിയിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് 67 സീറ്റ് നേടി. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസില്‍ നിന്ന് വൈഎസ്ആര്‍സിപി നേടിയെടുത്തു. പിന്നെ കണ്ടത് ജഗന്റെ തേരോട്ടം. 2019-ലെ തിരഞ്ഞെടുപ്പില്‍ 175 അംഗ നിയമസഭയില്‍ 151 സീറ്റും നേടി വന്‍ വിജയം നേടിയ വൈഎസ്ആര്‍സിപി പക്ഷേ, ഒരൊറ്റ ടേമിലെ ഭരണം കൊണ്ട് നാട്ടുകാരെ മടുപ്പിച്ചു.
സംസ്ഥാന വിഭജനത്തിന് ശേഷം ആന്ധ്ര നേരിടുന്ന സാമ്പത്തിക ഞെരുക്കം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ജഗന് കീറാമുട്ടിയായി. ഇതിനിടെ സഹോദരി വൈഎസ് ശര്‍മിളയുമായി ജഗന്‍ തെറ്റിപ്പിരിഞ്ഞു. 2024 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന വരവായിരുന്നു ശര്‍മിളയുടേത്. നേതൃക്ഷാമം കൊണ്ട് ശ്വാസംമുട്ടിയ കോണ്‍ഗ്രസിന് വൈഎസ്ആറിന്റെ മകളുടെ വരവ് പുതിയ പ്രതീക്ഷകള്‍ നല്‍കി.
അഴിമതി കേസില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ജയിലിലായിരുന്ന സമയത്ത് പാര്‍ട്ടി കണ്‍വീനറായി വൈഎസ്ആര്‍ കോണ്‍ഗ്രസിനെ നയിച്ചത് ശര്‍മിളയായിരുന്നു. ആ സമയത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വിജയം നേടാന്‍ സാധിച്ചത് ശര്‍മിളയും അമ്മ വിജയമ്മയും ചേര്‍ന്ന് നടത്തിയ പ്രചാരണമായിരുന്നു. ഇത് ഓര്‍മ്മയിലുള്ള കോണ്‍ഗ്രസ്, ശര്‍മിളയെ കൂടെക്കൂട്ടിയാല്‍ വിജയം സാധ്യമാകുമന്ന കണക്കുകൂട്ടലിലായിരുന്നു.
തെലങ്കാനയായിരുന്നു ശര്‍മിളയുടെ തട്ടകം. ജഗനുമായി തെറ്റിപ്പിരിഞ്ഞ ശര്‍മിള, വെഎസ്ആര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികമായ 2021 ജൂലൈ എട്ടിന് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകരിച്ചു. 2023 നിയമസഭ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി മത്സരിക്കില്ലെന്ന ശര്‍മിളയുടെ പ്രഖ്യാപനത്തോടെ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. കോണ്‍ഗ്രസുമായി അടുക്കാന്‍ ശര്‍മിള തീരുമാനിച്ചു കഴിഞ്ഞിരുന്നു. ശര്‍മിളയുടെ നീക്കം മനസ്സിലാക്കിയ ജഗന്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുവന്നെങ്കിലും, അച്ഛന്റെ പാര്‍ട്ടിയിലേക്ക് മകള്‍ തിരിച്ചുപോയി. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ശര്‍മിളയെ പാര്‍ട്ടി ആന്ധ്രാ പ്രദേശ് പിസിസി അധ്യക്ഷയാക്കി. ഒരൊറ്റ ലക്ഷ്യമേ കോണ്‍ഗ്രസിനുണ്ടായിരുന്നുള്ളു, വൈഎസ്ആറിന്റെ മക്കള്‍ തമ്മിലുള്ള പോര്. അതിലൂടെ തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടം.
ഈ പോരില്‍ ജനം ശര്‍മിളയ്‌ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയെങ്കിലും വിജയിച്ചില്ല. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണത്തിലെ പിടിപ്പുകേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശര്‍മിളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ, തെലുങ്കു ദേശം പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ജഗനൊപ്പം ശര്‍മിളയും വീണു. കടപ്പ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശര്‍മിള പരാജയപ്പെട്ടു. എന്നാല്‍, ആ വീഴ്ച അത്ര വലുതാണെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നില്ല. കാരണം, ശര്‍മിളയ്ക്ക് ആന്ധ്രാ രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനുള്ളൊരു കളമൊരുക്കലായിരുന്നു ഈ തിരഞ്ഞെടുപ്പ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ശര്‍മിളയില്‍ നിന്ന് കോണ്‍ഗ്രസ് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നു.
വൈഎസ്ആര്‍ ഇന്നും തെലുങ്കുമണ്ണില്‍ ജനങ്ങളുടെ വികാരമാണ്. ജഗന്‍ തകര്‍ത്ത വൈഎസ്ആറിന്റെ 'സത്‌പേര്' ശര്‍മിള നേരേയാക്കും എന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. മാത്രവുമല്ല, സംഘടന സംവിധാനങ്ങള്‍ ഒന്നുമില്ലാതെ നിര്‍ജീവാവസ്ഥയിലായ പാര്‍ട്ടിയെ തിരികെ കൊണ്ടുവരണമെങ്കില്‍ ശര്‍മിളയ്ക്ക് കുറച്ചധികം സമയം കൊടുക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാന നേതൃത്വത്തെക്കാള്‍ ശര്‍മിളയ്ക്ക് അടുപ്പം ദേശീയ നേതൃത്വവുമായാണ്. തെലങ്കാന നിയമസഭയിലെ മികച്ച വിജയം നല്‍കിയ ആത്മവിശ്വാസം കോണ്‍ഗ്രസിന് ഇപ്പോഴുമുണ്ട്. പുതിയ നേതൃത്വത്തെ വാര്‍ത്തെടുത്തു കളത്തിലിറക്കി കളിച്ചാല്‍ തെലുങ്കു മണ്ണില്‍ ഇനിയുമൊര് തിരിച്ചുവരിന് സാധ്യതയുണ്ടന്ന് പാര്‍ട്ടി വിലയിരുത്തുന്നു.