അടിയന്തരമായി വാദം കേള്‍ക്കണം; യു എ പി എ കേസില്‍ അറസ്റ്റിനെതിരെ പ്രബീര്‍ പുരകായസ്ത സുപ്രീം കോടതിയില്‍

അടിയന്തരമായി വാദം കേള്‍ക്കണം; യു എ പി എ കേസില്‍ അറസ്റ്റിനെതിരെ പ്രബീര്‍ പുരകായസ്ത സുപ്രീം കോടതിയില്‍

തങ്ങളെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസിന്റെ നടപടി ശരിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രബീര്‍ പുരകായസ്തയുടെയും അമിത് ചക്രവര്‍ത്തിയുടെയും ഹർജി
Updated on
2 min read

ചൈനീസ് അനുകൂല പ്രചാരണത്തിന് ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിച്ച് ചുമത്തിയ യു എ പി എ കേസില്‍ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയും ഹ്യൂമന്‍ റിസോഴ്സ് മേധാവി അമിത് ചക്രവര്‍ത്തിയും സുപ്രീംകോടതിയില്‍. ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത നടപടി ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സ്പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്.

ഹര്‍ജി അടിയന്തര ലിസ്റ്റിങ്ങിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ പരാമര്‍ശിക്കുകയായിരുന്നു. ''ഇതാണ് ന്യൂസ്‌ക്ലിക്ക് വിഷയം... 70 വയസ്സുള്ളയാൾ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലാണ്...'' കപിൽ സിബല്‍ കോടതിയോട് പറഞ്ഞു.

കേസ് സംബന്ധിച്ച പത്രികകള്‍ ബന്ധപ്പെട്ടവർക്ക് കൈമാറാന്‍ കപില്‍ സിബലിനോട് നിർദേശിച്ച ചീഫ് ജസ്റ്റിസ്, ഹര്‍ജി ലിസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ താൻ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.

അടിയന്തരമായി വാദം കേള്‍ക്കണം; യു എ പി എ കേസില്‍ അറസ്റ്റിനെതിരെ പ്രബീര്‍ പുരകായസ്ത സുപ്രീം കോടതിയില്‍
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സിഎഎ നടപ്പാക്കാൻ കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് റോളുണ്ടാകില്ല, പോർട്ടൽ ഉടൻ സജ്ജമാക്കും

അറസ്റ്റിനെതിരായ പ്രബീര്‍ പുരകായസ്തയുടെയും അമിത് ചക്രവര്‍ത്തിയുടെയും ഹര്‍ജി 13നാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. അറസ്റ്റ് നിയമപരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേലയുടെ ഉത്തരവ്. ഇരുവയെും ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട വിചാരണക്കോടതി ഉത്തരവ് റദ്ദാക്കാന്‍ തക്കതായ കാരണം കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ചൈനയില്‍നിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും അറസ്റ്റിന്റെ കാരണം രേഖാമൂലം തങ്ങളെ അറിയിച്ചിട്ടില്ലെന്നതിനാല്‍ അറസ്റ്റ് നിലനില്‍ക്കില്ലെന്നായിരുന്നു ഇരുവരുടെയും ഹൈക്കോടതിയിലെ വാദം. അറസ്റ്റിന്റെ കാരണം വ്യക്തമാക്കാത്തതിലൂടെയും റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കാത്തതിലൂടെയും ഭരണഘടനയുടെ 22(1) അനുച്ഛേദം ലംഘിക്കുകയാണ് ചെയ്തതെന്ന് പ്രബീറിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

അറസ്റ്റിന്റെ കാരണങ്ങള്‍ രേഖാമൂലം നല്‍കാതെ പങ്കജ് ബന്‍സാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് റദ്ദാക്കിയ സുപ്രീം കോടതിയുടെ സമീപകാല വിധി പരാമര്‍ശിച്ചായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, അറസ്റ്റിന്റെ കാരണം ഇരുവരെയും അറിയിച്ചിരുന്നെന്നും എന്നാല്‍ രേഖാമൂലം നല്‍കാന്‍ സാധിച്ചില്ലെന്നും ഡല്‍ഹി പോലീസിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയില്‍ നിന്ന് 75 കോടി കൈപ്പറ്റിയതെന്ന ഗൗരവതരമായ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളതെന്നും മേത്ത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിലുള്ള പങ്കജ് ബന്‍സാലിന്റെ കേസ് യു എ പി എയുടെ കാര്യത്തില്‍ ബാധകമല്ലെന്നായിരുന്നു ഹൈക്കോടതി വിധി.

അതേസമയം, കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പ്രബീര്‍ പുരകായസ്തയ്ക്കും അമിത് ചക്രവര്‍ത്തിക്കും എഫ് ഐ ആറിന്റെ പകര്‍പ്പ് നല്‍കിയത്.

അടിയന്തരമായി വാദം കേള്‍ക്കണം; യു എ പി എ കേസില്‍ അറസ്റ്റിനെതിരെ പ്രബീര്‍ പുരകായസ്ത സുപ്രീം കോടതിയില്‍
വ്യക്തിഹത്യയും പരിഹാസവും; അലൻസിയറിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ

ന്യൂസ്‌ക്ലിക്ക് ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും നടത്തിയ വ്യാപക റെയ്ഡിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് പ്രബീര്‍ പുരകായസ്തയെയും അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ന്യൂസ്‌ക്ലിനെതിരെയും യുഎപിഎ ചുമത്തുകയും ഓഫീസ് പൂട്ടി മുദ്രവയ്ക്കുകയും ചെയ്തിരുന്നു.

പ്രബീര്‍ പുരകായസ്തയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് പോലീസ് എഫ് ഐ ആറില്‍ ചുമത്തിയിട്ടുള്ളത്. കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പദ്ധതിയിട്ടുവെന്നും ചൈന അനുകൂല പ്രചാരണത്തിനായി വിദേശത്തുനിന്ന് 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചുവെന്നും എഫ് ഐ ആറില്‍ ആരോപിക്കുന്നു. ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയുമായി പ്രബീര്‍ പുരകായസ്തയ്‌ക്ക് 1991 മുതല്‍ സൗഹൃദമുണ്ടെന്നും എഫ് ഐ ആറില്‍ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in