'എല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകണം'; രാഹുല്‍ ഉപദേശിച്ചെന്ന് സച്ചിന്‍ പൈലറ്റ്
രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിട്ടില്ലെന്നും പാര്‍ട്ടി അധികാരത്തുടര്‍ച്ച നേടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡും തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും ചേര്‍ന്ന് കൂടിയാലോചിച്ച് തീരുമാനക്കുമെന്നും യുവനേതാവ് സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് പ്രചാരണച്ചൂട് കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായപ്രകടനവുമായി സച്ചിന്‍ രംഗത്തുവന്നത്.
'കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. പിരിമുറുക്കങ്ങളും സംഘട്ടനങ്ങളും നടക്കുന്നത് ബിജെപിയിലാണ്. എല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും പറഞ്ഞത്. ആ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഭാവിയിലേക്ക് നോക്കുന്നത്. രാജസ്ഥാനില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള റോഡ് മാപ്പ് നിര്‍മ്മിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എല്ലാവരും ചേര്‍ന്ന് വീണ്ടും കോണ്‍ഗ്രസിനെ വിജയിപ്പിക്കും. ആര്, എന്തു ചെയ്യണമെന്ന് എംഎല്‍എമാരും കേന്ദ്രനേതൃത്വവും തീരുമാനിക്കും'-അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടിട്ടുണ്ട്. ഗ്രാമങ്ങളില്‍ വികസനമെത്തി. ഇത് ചരിത്രം തിരുത്തുന്ന തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും'- അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പരസ്യ പോര് രൂക്ഷമായിരുന്നു. വസുന്ധര രാജെയുടെ കാലത്ത് നടത്തിയ അഴിമതികളില്‍ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് സര്‍ക്കാരിന് എതിരെ സച്ചിന്‍ പൈലറ്റ് സമരം ചെയ്യുന്നതിലേക്ക് വരെ തര്‍ക്കം എത്തിയിരുന്നു. ഹൈക്കമാന്‍ഡ് പലവട്ടം ഇടപെട്ടാണ് ഇരു നേതാക്കളും തമ്മിലുള്ള വാക്‌പ്പോര് നിയന്ത്രിച്ചത്.
താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും എന്നാല്‍, ആ സ്ഥാനം തന്നെ വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും അശോക് ഗലോട്ട് പറഞ്ഞിരുന്നു.
ഇത്തവണ ബിജെപി?
അതേസമയം, രാജസ്ഥാന്‍ ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് അഭിപ്രായ സര്‍വെകള്‍ വ്യക്തമാക്കുന്നത്. 1952 മുതല്‍ 1972വരെ കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ഇതിനിടെ, രണ്ടുതവണ രാഷ്ട്രപതി ഭരണത്തിന് കീഴിലായി. 1977ല്‍ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും ബിജെപിയും മാറിമാറിയാണ് അധികാരത്തിലെത്തിയത്. ഇത്തവണയും ആ ശീലത്തിന് മാറ്റമില്ലെന്നാണ് അഭിപ്രായ സര്‍വെകള്‍ സൂചിപ്പിക്കുന്നത്.
ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എബിപി-സീവോട്ടര്‍ സര്‍വേ ഫലം പ്രവചിക്കുന്നത്. 200 അംഗ നിയമയസഭയില്‍ 114 മുതല്‍ 124 വരെ സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയേക്കും. കോണ്‍ഗ്രസ് 66-77 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ പറയുന്നു. മറ്റുള്ളവര്‍ 5-13 സീറ്റാകും നേടുക. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് 41 ശതമാനം പേരും കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ടിനെ പിന്തുണച്ചു. 21 ശതമാനം പേര്‍ വസുന്ധര രാജെയേയും 11 ശതമാനം സച്ചിന്‍ പൈലറ്റിനായും അഭിപ്രായം രേഖപ്പെടുത്തി.