കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേട്; ആയുധമാക്കാൻ ബിജെപി
കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച സത്യവാങ്മൂലങ്ങളില്‍ പൊരുത്തക്കേടുള്ളതായി റിപ്പോർട്ട്. 14 വർഷം മുൻപ് ഭാര്യ ബി എം പാർവതിക്ക് ലഭിച്ച മൈസൂരിലുള്ള 3.16 ഏക്കർ കൃഷി നിലം സംബന്ധിച്ചാണ് പൊരുത്തക്കേട്. ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2013, 2018, 2023 നിയമസഭ തിരഞ്ഞെടുപ്പുകളിലാണ് പൊരുത്തുക്കേണ്ട് കണ്ടെത്തിയിട്ടുള്ളത്. കസബ ഹോബ്ലിയിലെ കേസര ഗ്രാമത്തില്‍ സർവെ നമ്പർ 464ന് കീഴില്‍ വരുന്ന ഭൂമിയാണിത്.
2010ല്‍ സഹോദരൻ ബി എം മല്ലികാർജുൻസ്വാമിയാണ് ഭൂമി പാർവതിക്ക് സമ്മാനമായി നല്‍കിയത്. പൊരുത്തക്കേട് പുറത്തുവന്നതോട് ഇത് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി. മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി (എംയുഡിഎ) വികസിപ്പിച്ച ഹൗസിങ് പ്ലോട്ടുകള്‍ക്ക് പകരമായി ഈ ഭൂമി കൈമാറ്റം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് മൈസൂരിലും സിദ്ധരാമയ്യയുടെ ജില്ലയിലും പ്രതിഷേധം സംഘടിപ്പിക്കും.
2013ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭൂമിയുടെ ഉടമ പാർവതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. 2010 ഒക്ടോബർ 20നായിരുന്നു പാർവതിയുടെ സഹോദരൻ ഭൂമി സമ്മാനമായി നല്‍കിയത്.
എന്നാല്‍ 2018ലെ സത്യവാങ്മൂലത്തില്‍ പാർവതിയുടെ ഉടമസ്ഥതയിലാണ് ഭൂമി കാണിച്ചിരിക്കുന്നത്. 25 ലക്ഷം രൂപയായിരുന്നു മൂല്യമായി സത്യവാങ്മൂലത്തില്‍ പറഞ്ഞത്. 2023ലെ സത്യവാങ്മൂലത്തില്‍ എംയുഡിഎയുമായുള്ള കൈമാറ്റം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിയുടെ മൂല്യം 8.33 കോടിയാണ് കാണിച്ചിരിക്കുന്നത്.
സിദ്ധരാമയ്യയുടെ സത്യവാങ്മൂലത്തില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ആക്ടിവിസ്റ്റായ ടി ജെ എബ്രാഹം നല്‍കിയ പരാതിയിലാണ് ഇക്കാര്യം തെളിഞ്ഞത്.
തന്ന അനാവശ്യമായി ലക്ഷ്യവെച്ചുകൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കർണാടക മുഖ്യമന്ത്രിയുടെ വാദം. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നല്‍കുകയാണെങ്കില്‍ നിയമം അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.