അദാനി ലേഖനം: മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; ഗുജറാത്ത് പോലീസിന് നോട്ടീസ്
അദാനി ഗ്രൂപ്പിനെതിരായി ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഫിനാന്‍ഷ്യല്‍ ടൈംസ് മാധ്യമപ്രവര്‍ത്തകരായ ബെഞ്ചമിന്‍ നിക്കോളാസ് ബ്രൂക് പാര്‍ക്കിന്‍, കോള്‍ നിന കോര്‍ണിഷ് എന്നിവര്‍ക്കെതിരായ ഗുജറാത്ത് പോലീസിന്റെ നടപടിയാണ് സുപ്രീംകോടതി തൽക്കാലത്തേക്ക് തടഞ്ഞത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇവര്‍ക്ക് ഗുജറാത്ത് പോലീസ് സമന്‍സ് അയച്ചിരുന്നു.
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി നിര്‍ബന്ധിത നടപടികള്‍ പാടില്ലെന്ന് ഉത്തരവിട്ടത്. ഡിസംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെ നടപടികള്‍ പാടില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് പോലീസിന് സുപ്രീംകോടി നോട്ടീസ് അയച്ചു. അതേസമയം, ഹര്‍ജിക്കാര്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.
നേരത്തെ, മാധ്യമപ്രവര്‍ത്തകരായ രവി നായര്‍ക്കും ആനന്ദ് മഗ്നലെയ്ക്കുമെതിരായ ഗുജറാത്ത് പോലീസ് നടപടിയും സുപ്രീംകോടതി തടഞ്ഞിരുന്നു. 'സീക്രട്ട് പേപ്പര്‍ ട്രയല്‍ റിവീല്‍സ് ഹിഡന്‍ അദാനി ഇന്‍വസ്റ്റേഴ്‌സ്' എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ഡല്‍ഹി, മുംബൈ കറസ്‌പോണ്ടന്റുമാരാണ് ബെഞ്ചമിനും കോര്‍ണിഷും. അദാനി ഗ്രൂപ്പിലെ നിക്ഷേപകരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്നാണ് പരാതിക്കാരന്റെ ആരോപണം.
എല്ലാവരും നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന പ്രവണത ബുദ്ധിമുട്ടാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. രവി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, എന്തിനാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു.
സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന രണ്ടുപേരെയാണ് ഗുജറാത്ത് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നതെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാട്ടി. രവി നായരും ആനന്ദ് മഗ്നലെയും നല്‍കിയ ഹര്‍ജികള്‍ ബോംബെ, ഡല്‍ഹി ഹൈക്കോടതികളിലേക്ക് നല്‍കാതെ സുപ്രീംകോടതി തന്നെ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും അതിനാലാണ് പുതിയ ഹര്‍ജിയുമായി സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ്ങ് പ്രൊജക്ട് (ഒസിസിആര്‍പി) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ സംബന്ധിച്ച് പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് രവി നായര്‍ക്കും ആനന്ദ് മഗ്നെയ്ക്കും സമന്‍സ് അയച്ചത്.