Supreme Court
Supreme Court

സമ്മതം റദ്ദാക്കിയിട്ടും സിബിഐ കേസെടുക്കുന്നു; ബംഗാളിന്റെ ഹർജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ച്ചയായ ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തില്‍ 2018-ലാണ് കേസെടുക്കുന്നതിൽ സി ബി ഐക്കുള്ള പൊതുസമ്മതം മമത ബാനർജി സര്‍ക്കാര്‍ പിന്‍വലിച്ചത്
Published on

പൊതുസമ്മതം റദ്ദാക്കിയിട്ടും സംസ്ഥാനത്ത് സിബിഐ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി. കേന്ദ്രം ഉന്നയിച്ച പ്രാഥമിക എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടു ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാനം വസ്തുതകള്‍ മറച്ചുവെച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കോടതി തള്ളി.

കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ച്ചയായ ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തില്‍ 2018-ലാണ് സി ബി ഐക്കുള്ള പൊതുസമ്മതം മമത ബാനർജി സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു സിബിഐ കഴിയില്ലെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ വാദം.

കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി നിലനില്‍ക്കുമോയെന്ന് വിലയിരുത്തുന്നതിന് അതിലെ ന്യായീകരണങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.

Supreme Court
വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശത്തിന് അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

പൊതുസമ്മതം പിന്‍വലിച്ചശേഷം എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യാനും ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (ഡിഎസ്പിഇഎ) ആറാം വകുപ്പിനു വിരുദ്ധമായ കേസുകള്‍ അന്വേഷിക്കാനും സിബി ഐക്കു കഴിയുമോയെന്നത് ഈ ഹര്‍ജി നിയമപ്രശ്‌നം ഉയര്‍ത്തുന്നതായി ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി നിലനില്‍ക്കുമെന്നും ഇപ്പോഴത്തെ വിലയിരുത്തലുകള്‍ അത് നിലനില്‍ക്കുമോയെന്ന് നിര്‍ണയിക്കാന്‍ മാത്രമുള്ളതാണെന്നും അന്തിമ വിധിയുടെ കാര്യത്തില്‍ ബാധകമാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ യഥാര്‍ഥ അധികാരപരിധി പരാമർശിക്കുന്ന ഭരണഘടനയുടെ അനുച്‌ഛേദം 131 പ്രകാരമാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി. 1946ലെ ഡിഎസ്പിഇ നിയമപ്രകാരം സമ്മതം അസാധുവാക്കിയിട്ടും സംസ്ഥാനത്തിനുള്ളില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരുകയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Supreme Court
രമയ്ക്ക് മുഖം കൊടുക്കാതെ ഇന്നും മുഖ്യമന്ത്രി; വേട്ടക്കാര്‍ക്കൊപ്പം കിതയ്ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേതെന്ന് രമ

സംസ്ഥാനം സമ്മതം പിൻവലിച്ചുകഴിഞ്ഞാൽ അന്വേഷണ ഏജൻസിയെ അന്വേഷണത്തിനായി സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്നായിരുന്നു പശ്ചിമ ബംഗാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദം. എന്നാൽ സിബിഐ അന്വേഷണങ്ങളിൽ കേന്ദ്ര സർക്കാരോ അതിൻ്റെ വകുപ്പുകളോ ഒരു മേൽനോട്ട നിയന്ത്രണവും ചെലുത്തുന്നില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി.

കേന്ദ്രത്തിനെതിരെ ഹർജിക്ക് നൽകാൻ ഒരു ന്യായവുമില്ല. സിബിഐ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കേസുമായി നേരിട്ട് ബന്ധമില്ലാത്ത കേന്ദ്രത്തിനെതിരെ കേസ് ഫയൽ ചെയ്യാൻ കഴിയില്ല. സി.ബി.ഐക്ക് സ്വതന്ത്ര നിയമ അസ്ഥിത്വമുണ്ടെന്നും യൂണിയൻ ഓഫ് ഇന്ത്യയ്ക്ക് പുറത്തു അതിനു നിയമപരമായി പ്രത്യേക നിലനിൽപ്പുണ്ടെന്നും തുഷാർ മേത്ത വാദിച്ചു. അതേസമയം ഹർജി ഗുരുതരമായ പ്രശ്‌നം ഉൾക്കൊള്ളുന്നതാണെന്നും ഫെഡറൽ ഘടനയിൽ കൂടുതൽ വിശാലതയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിഷയം ഓഗസ്റ്റ് 13-ന് കോടതി വീണ്ടും പരിഗണിക്കും. വിധിനിർണയത്തിനുള്ള വിഷയങ്ങൾ എന്തൊക്കെയെന്നതിൽ തീരുമാനമെടുക്കുന്നതിന് അന്ന് ബംഗാളിന്റെയും കേന്ദ്ര സർക്കാരിൻ്റെയും അന്തിമ വാദം കേൾക്കും.

logo
The Fourth
www.thefourthnews.in