തീണ്ടൽ പലകയിൽനിന്ന് നടന്ന് തുടങ്ങിയ 100 വർഷങ്ങൾ

അയിത്തവും ജാതിയും ഏതാണ്ട് അതേ തോതില്‍ തന്നെ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പൗരസ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന വൈക്കം സത്യഗ്രഹം അടക്കമുള്ള സമരങ്ങളെ ഓര്‍മിക്കപ്പെടേണ്ടത്.

കേരളത്തിന്റെ നവോത്ഥാന പ്രക്രിയക്ക് ഊർജം പകർന്ന വൈക്കം സത്യഗ്രഹത്തിന് നൂറ് വയസ് തികയുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ വൈക്കത്ത് ക്ഷേത്ര പ്രവേശനത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍, 1806 ലാണത്. വൈക്കം എന്ന സ്ഥലത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഇരുന്നൂറിലധികം യുവാക്കള്‍ സംഘടിച്ചു. അവരെല്ലാവരും ഈഴവ സമുദായക്കാരായിരുന്നു.

തങ്ങളുടെ ആരാധനാ സ്ഥാനമായ പനച്ചിക്കല്‍ കാവിലേക്ക് ആരാധനയ്ക്കായി ഒന്നിച്ച് പോകുന്നുവെന്ന് സംഘടിച്ചവര്‍ പരസ്യമായി പ്രഖ്യാപിച്ചു. ക്ഷേത്രപ്രവേശന പ്രഖ്യാപനം. അതിരുകള്‍ തീര്‍ത്ത് മനുഷ്യന്‍ മനുഷ്യനെ മാറ്റിനിര്‍ത്തിയിരുന്ന കാലമാണ്. വെറുതെ അങ്ങനെ ക്ഷേത്രത്തില്‍ പോവാന്‍ പറ്റില്ല, മനുഷ്യരും മൃഗങ്ങളും പോവുന്ന വഴികളില്‍ കൂടി ചില മനുഷ്യര്‍ക്ക് മാത്രം നടന്നുകൂട. തീണ്ടല്‍ കല്‍പ്പിച്ച് നടപ്പവകാശം പോലും നിഷേധിക്കുന്ന യാഥാര്‍ത്ഥ്യത്തിന് നേരെയുള്ളതായിരുന്നു ആ യുവാക്കളുടെ ഒത്തുചേരല്‍.

സമാധാനപരമായ ഒരു ജാഥയായിരുന്നു യുവാക്കളുടെ ഉദ്ദേശ്യം. എന്നാല്‍ വിവരം വൈക്കം പപ്പനാവ പിള്ളയിലൂടെ അന്ന് തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി ദളവയുടെ ചെവിയിലെത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് എത്തിച്ചേര്‍ന്ന യുവാക്കള്‍ കിഴക്കേ നട ലക്ഷ്യമാക്കി നടന്നു. പൂര്‍ണമായും നിരായുധരായിരുന്ന അവരെ കുഞ്ഞിക്കുട്ടി പിള്ളയുടെ നേതൃത്വത്തിലുള്ള കുതിരപ്പട നേരിട്ടു. ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ മുന്നില്‍ യുവാക്കളെ അതിക്രൂരമായി നിഷ്‌കരുണം അരിഞ്ഞുതള്ളി.

ഒരാള്‍ പോലും ബാക്കിയില്ലാതെ നടന്ന അതിദാരുണമായ കൂട്ടക്കൊല. അവരുടെ ശരീരങ്ങള്‍ സമീപത്തുള്ള കുളത്തില്‍ എറിഞ്ഞുകളഞ്ഞുവെന്നും ചവിട്ടിത്താഴ്ത്തിയെന്നും പറയപ്പെടുന്നു. പിന്നീട് ആ കുളം ദളവാക്കുളമായി അറിയപ്പെട്ടു. ദളവാക്കുളം ഇന്നില്ല. ആ സ്ഥാനത്ത് വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ആണ്. ഒരുപക്ഷേ, അയിത്തത്തിനെതിരെയും സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെയും രാജ്യത്ത് തന്നെ ആദ്യം നടന്ന സമരമായ വൈക്കം സത്യഗ്രഹത്തിന്റെ തുടക്കവും ഈ സംഭവത്തില്‍ നിന്നായിരിക്കും.

വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകള്‍ അവര്‍ണര്‍ക്ക് വിലക്കപ്പെട്ടു. നടപ്പുനിരോധനം കല്‍പ്പിച്ചുള്ള വലിയ ഫലകങ്ങള്‍ ഈ നിരത്തുകളിലെല്ലാം സ്ഥാപിക്കപ്പെട്ടിരുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്കില്ലാത്ത വിലക്ക് ദളിതര്‍ക്കും ഈഴവര്‍ക്കും സവര്‍ണര്‍ കല്‍പ്പിച്ചുനല്‍കി.

603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹം, ഇന്ത്യന്‍ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ സുപ്രധാന അധ്യായം, പഴയ തിരുവിതാംകൂര്‍ രാജ്യത്ത് 1924 മാര്‍ച്ച് 30ന് അയിത്തത്തിനെതിരായി എല്ലാ സമുദായങ്ങളും ഒന്നുചേര്‍ന്ന് നടത്തിയ ഇന്ത്യയിലെ ആദ്യ സമരം. മറ്റെല്ലാ പ്രദേശത്തേയും പോലെ വൈക്കവും ജാതിവാദത്തിന്റെയും യാഥാസ്ഥിതകത്വത്തിന്റെയും പ്രേതസ്ഥലമായിരുന്നു അക്കാലത്ത് വൈക്കവും. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകള്‍ അവര്‍ണര്‍ക്ക് വിലക്കപ്പെട്ടു. നടപ്പുനിരോധനം കല്‍പ്പിച്ചുള്ള വലിയ ഫലകങ്ങള്‍ ഈ നിരത്തുകളിലെല്ലാം സ്ഥാപിക്കപ്പെട്ടിരുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്കില്ലാത്ത വിലക്ക് ദളിതര്‍ക്കും ഈഴവര്‍ക്കും സവര്‍ണര്‍ കല്‍പ്പിച്ചുനല്‍കി. ക്ഷേത്രത്തെ തീണ്ടാതെ നടക്കണം, അതിനായി രണ്ട് മൂന്ന് മൈല്‍ ദൈര്‍ഘ്യം കൂടിയ വഴിയേ ചുറ്റിവളഞ്ഞ് അവര്‍ യാത്ര ചെയ്തു.

ഈ സാമൂഹിക അവസ്ഥക്കെതിരായി ഒരു യുവാവ് രംഗത്ത് വന്നു, ടി കെ മാധവന്‍. വഴി നടക്കാനും സ്‌കൂളില്‍ പഠിക്കാനും ക്ഷേത്രത്തില്‍ ആരാധന നടത്താനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് തന്റെ പത്രമായ ദേശാഭിമാനിയിലൂടെ കോണ്‍ഗ്രസ് നേതാവും എസ് എന്‍ഡി പി നേതാവുമായിരുന്ന ടി കെ മാധവന്‍ വാദിച്ചു

1865ല്‍ തിരുവിതാംകൂറിലെ എല്ലാ പൊതുനിരത്തുകളും വര്‍ണനിരപേക്ഷമായി ആര്‍ക്കും ഉപയോഗിക്കാമെന്ന അറിയിപ്പ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 1884 ജൂലൈ മാസത്തിലെ മറ്റൊരു ഉത്തരവില്‍ മുന്‍ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിനെ അതീവ ഗൗരവത്തോടെ കാണുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കി. പിന്നീട് ഉത്തരവ് കോടതിയുടെ പരിഗണനയ്ക്ക് വന്നു. രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ച കോടതി സര്‍ക്കാര്‍ ഉത്തരവ് രാജവീഥികളെ മാത്രം ബാധിക്കുന്നതാണെന്ന് വിധിച്ചു. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ളത് ഗ്രാമവീഥികളാണെന്നും കോടതി തീരുമാനിച്ചു. ഉത്തരവിറങ്ങി 65 വര്‍ഷം കഴിഞ്ഞിട്ടും ഈ തെരുവുകള്‍ അവര്‍ണര്‍ക്ക് തീണ്ടാപ്പാടകലെയായി.

അയിത്തോച്ചാടനം പ്രധാന പരിപാടിയായി തീരുമാനിച്ചതിന് ശേഷം ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ആദ്യത്തെ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ശ്രീനാരായണഗുരുവും ഗാന്ധിയും ഇ വി രാമസാമി നായ്ക്കരും മന്നത്ത് പദ്മനാഭനും ഒന്നുചേര്‍ന്ന സമരം.

ഈ സാമൂഹിക അവസ്ഥക്കെതിരായി ഒരു യുവാവ് രംഗത്ത് വന്നു, ടി കെ മാധവന്‍. വഴി നടക്കാനും സ്‌കൂളില്‍ പഠിക്കാനും ക്ഷേത്രത്തില്‍ ആരാധന നടത്താനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് തന്റെ പത്രമായ ദേശാഭിമാനിയിലൂടെ കോണ്‍ഗ്രസ് നേതാവും എസ് എന്‍ഡി പി നേതാവുമായിരുന്ന ടി കെ മാധവന്‍ വാദിച്ചു. 1917ല്‍ തിരുനെല്‍വേലി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത ടി കെ മാധവന്‍ തിരുവിതാംകൂറിലെ സാഹചര്യം ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തി. ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ വിഷയത്തില്‍ നേടാനായി. 1923 ഡിസംബറിലെ കാക്കിനഡ സമ്മേളനത്തില്‍ കെ പി കേശവമേനോനും സര്‍ദാര്‍ കെ എം പണിക്കര്‍ക്കുമൊപ്പമാണ് മാധവന്‍ എത്തിയത്. നേതാക്കളെ കണ്ട് വൈക്കത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. അയിത്തോച്ചാടന വിഷയത്തില്‍ ദേശവ്യാപകമായ നടപടികള്‍ വേണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി. വൈക്കത്തെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തെ അധികാരപ്പെടുത്തുകയും ചെയ്തു.

അയിത്തോച്ചാടനം പ്രധാന പരിപാടിയായി തീരുമാനിച്ചതിന് ശേഷം ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ആദ്യത്തെ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ശ്രീനാരായണഗുരുവും ഗാന്ധിയും ഇ വി രാമസാമി നായ്ക്കരും മന്നത്ത് പദ്മനാഭനും ഒന്നുചേര്‍ന്ന സമരം. 1924 ജനുവരി 24ന് കേരള സംസ്ഥാന കോണ്‍ഗ്രസ് സമിതി എറണാകുളത്ത് സമ്മേളിച്ച് കെ കേളപ്പന്റെ നേതൃത്വത്തില്‍ അസ്പര്‍ശ്യതാ നിര്‍മ്മാര്‍ജന സമിതിക്ക് രൂപം നല്‍കി. ടി കെ മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി, ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍, കെ വേലായുധമേനോന്‍ എന്നിവരെല്ലാം കമ്മറ്റി അംഗങ്ങളായി. ഫെബ്രുവരി 28ന് വൈക്കത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വിലക്കപ്പെട്ട വഴികളിലൂടെ അവര്‍ണരുടെ ജാഥ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ സവര്‍ണര്‍ക്കൊപ്പമായിരുന്നു തിരുവിതാംകൂര്‍ സര്‍ക്കാര്‍.

സത്യഗ്രഹം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സമരത്തിന്റെ ശക്തി ചോര്‍ന്നു. അപ്പോഴാണ് ഒരാളുടെ രംഗപ്രവേശം. പെരിയോർ, തന്തൈ പെരിയോര്‍.

മാര്‍ച്ച് 30ന് സമരം ആരംഭിച്ചു. സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ഒന്നിച്ചുനടന്ന് വിലക്ക് പലകകള്‍ക്ക് അന്‍പതടി അകലെ വരെ പോയി. അവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരെ വീതം വിലക്കപ്പെട്ട നിരത്തുകളിലേക്കയക്കുകയായിരുന്നു. പുലയനായ കുഞ്ഞാപ്പിയും ഈഴവനായ ബാഹുലേയനും നായരായ ഗോവിന്ദപ്പണിക്കരുമായിരുന്നു ആദ്യസംഘം. മൂവരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ ദിവസവും അറസ്റ്റുകള്‍ നടന്നു. ഏപ്രില്‍ ഏഴിന് മുന്‍നിര നേതാക്കളായ ടി കെ മാധവനും കെ പി കേശവമേനോനുംഅറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ പിന്നീട് ബാരിക്കേഡുകള്‍ ഉയര്‍ത്തി സമരക്കാരെ തടയുന്ന സമീപനമായിരുന്നു പോലീസിന്റേത്. സര്‍ക്കാരും സവര്‍ണരും ചേര്‍ന്ന് സമരക്കാരെ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.

വൈക്കത്തുള്ള ആശ്രമം സത്യഗ്രഹികള്‍ക്കായി വിട്ടുകൊടുത്തും സമരം ഉയര്‍ത്തുന്ന ആശയത്തോട് യോജിച്ചും നാരായണഗുരുവും സമരത്തിന് പിന്തുണ നല്‍കി. 1924 സെപ്തംബര്‍ 27ന് വൈക്കത്ത് നേരിട്ടെത്തി ഗുരു സമരത്തിന് ആവേശം പകര്‍ന്നു.

സത്യഗ്രഹം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സമരത്തിന്റെ ശക്തി ചോര്‍ന്നു. അപ്പോഴാണ് ഒരാളുടെ രംഗപ്രവേശം. പെരിയോർ, തന്തൈ പെരിയോര്‍. ഏപ്രില്‍ 13ന് വൈക്കം സത്യാഗ്രഹത്തെ പുനരുജ്ജീവിപ്പിക്കാന്‍ പെരിയോര്‍ നേരിട്ടെത്തി. എനിക്ക് വൈക്കത്തപ്പനെ കാണേണ്ട, പന്നികളും നായ്ക്കളും സ്വതന്ത്രരായി നടക്കുന്ന തെരുവിലൂടെ എനിക്കും നടക്കണമെന്നു പറഞ്ഞുകൊണ്ടായിരുന്നു പെരിയോറിന്റെ വരവ്. 1925, നവംബര്‍ 25ന് സമരം അവസാനിക്കും വരേക്കും സമരത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പെരിയാറും ഉണ്ടായിരുന്നു.

ദിവാനുമായി കൂടിക്കാഴ്ചനടത്താന്‍ നിയമിച്ച എട്ടംഗ കമ്മറ്റിയിലടക്കം സമരവുമായി ബന്ധപ്പെട്ട എല്ലാ സമിതികളിലും സജീവ സാന്നിധ്യമായിരുന്നു പെരിയോര്‍. എന്നാല്‍ മറ്റ് സമരനേതാക്കളെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പെരിയോറിനെ മാത്രം പലപ്പോഴും മാറ്റിനിര്‍ത്തപ്പെട്ടു. പെരിയോറിനുള്ള സ്മൃതി മണ്ഡപം പോലും കേരള സര്‍ക്കാരല്ല, തമിഴ്‌നാട് സര്‍ക്കാരാണ് ഒരുക്കിയതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു.

വൈക്കത്തുള്ള ആശ്രമം സത്യഗ്രഹികള്‍ക്കായി വിട്ടുകൊടുത്തും സമരം ഉയര്‍ത്തുന്ന ആശയത്തോട് യോജിച്ചും നാരായണഗുരുവും സമരത്തിന് പിന്തുണ നല്‍കി. 1924 സെപ്തംബര്‍ 27ന് വൈക്കത്ത് നേരിട്ടെത്തി ഗുരു സമരത്തിന് ആവേശം പകര്‍ന്നു.

1925 മാര്‍ച്ച് 10ന് ഗാന്ധി വൈക്കത്തെത്തി. സവര്‍ണനേതൃത്വവുമായി ഒരു ഒത്തുതീര്‍പ്പ് ഗാന്ധി ആഗ്രഹിച്ചു. കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ഗാന്ധിയോട് കാണണമെന്നുള്ളവര്‍ക്ക് വീട്ടിലേക്ക് വരാമെന്നായിരുന്നു ഇണ്ടംതുരുത്തിമന ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ മറുപടി.

സമരത്തെ പിന്തുണച്ച് കേരളത്തിനു പുറത്തുനിന്ന് നിരവധിപേർ എത്തി. മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവരും സമരത്തില്‍ പങ്കുചേര്‍ന്നു. എന്നാല്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവര്‍ സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഗാന്ധിയുടേത്. ഗാന്ധിയുടെ നിര്‍ദേശപ്രകാരം മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് 500 പേരടങ്ങിയ സവര്‍ണ പദയാത്ര നടന്നു. നവംബര്‍ 13ന് ചങ്ങനാശേരി പരമേശ്വരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം റീജന്റ് റാണി സേതുലക്ഷ്മിഭായിയെ കണ്ട് 25,000 സവര്‍ണര്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍പ്പിച്ചു. എന്നാല്‍ തീരുമാനമെടുക്കേണ്ടത് നിയമസഭയാണെന്നായിരുന്നു റാണിയുടെ മറുപടി. 1925 ഫെബ്രുവരി ഏഴിന് നിയമസഭയില്‍ എന്‍ കുമാരന്‍ പ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു.

സമരത്തിൽ ഈഴവരല്ലാത്ത മറ്റ് അവർണരുടെ വിഷയങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും കുഞ്ഞാപ്പിയും ആമചാടി തേവനും പോലുള്ള പുലയ നേതാക്കൾക്ക് നേതൃത്വത്തിലുണ്ടായ മറ്റ് സമുദായക്കാർക്ക് ലഭിച്ച പ്രാധാന്യം പിന്നീടും ലഭിച്ചില്ലെന്ന ആരോപണവും നിലനിൽക്കുന്നു.

1925 മാര്‍ച്ച് 10ന് ഗാന്ധി വൈക്കത്തെത്തി. സവര്‍ണനേതൃത്വവുമായി ഒരു ഒത്തുതീര്‍പ്പ് ഗാന്ധി ആഗ്രഹിച്ചു. കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ഗാന്ധിയോട് കാണണമെന്നുള്ളവര്‍ക്ക് വീട്ടിലേക്ക് വരാമെന്നായിരുന്നു ഇണ്ടംതുരുത്തിമന ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ മറുപടി. ഇണ്ടംതുരുത്തി മനയിലെത്തിയ ഗാന്ധിയുള്‍പ്പെടുന്ന സംഘത്തെ വരാന്തയില്‍ പുറത്തിരുത്തി നമ്പൂതിരിയും കൂട്ടരും അകത്തിരുന്നു. ഗാന്ധിയും സഹപ്രവര്‍ത്തകരും അവര്‍ണരെ തൊട്ട് അശുദ്ധി വന്നവരായതിനാല്‍ മനയുടെ അകത്ത് കയറ്റുന്നത് ശരിയല്ലെന്ന് കരുതിയായിരുന്നു നടപടി.

അന്നത്തെ ചര്‍ച്ച ഫലം കണ്ടില്ല. സത്യഗ്രഹം തുടരുകയും സമരക്കാര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഒടുവില്‍ ഗാന്ധി തിരുവിതാംകൂര്‍ പോലീസ് കമ്മിഷ്ണര്‍ ഡബ്ല്യു എച്ച് പിറ്റിന് കത്തെഴുതി. നിരവധി വ്യവസ്ഥകള്‍ വച്ചുകൊണ്ട് ഒത്തുതീര്‍പ്പിന് കളമൊരുങ്ങി.

സമരത്തിൽ ഈഴവരല്ലാത്ത മറ്റ് അവർണരുടെ വിഷയങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും കുഞ്ഞാപ്പിയും ആമചാടി തേവനും പോലുള്ള പുലയ നേതാക്കൾക്ക് നേതൃത്വത്തിലുണ്ടായ മറ്റ് സമുദായക്കാർക്ക് ലഭിച്ച പ്രാധാന്യം പിന്നീടും ലഭിച്ചില്ലെന്ന ആരോപണവും നിലനിൽക്കുന്നു.

ഒടുവില്‍ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാരും സത്യഗ്രഹം പിന്‍വലിക്കാമെന്ന് ഗാന്ധിയും സമ്മതിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ കവാടം, ഏറ്റവും പ്രധാനപ്പെട്ട ഈ കവാടത്തിലേക്കുള്ള വഴി സത്യഗ്രഹം പിന്‍വലിച്ചതിന് ശേഷവും അവര്‍ണജനതയ്ക്ക് അപ്രാപ്യമായി തുടര്‍ന്നു. കിഴക്കുവശത്തെ വഴിയും അതിലേക്ക് ചേരുന്ന മറ്റു രണ്ട് വഴികളും സവര്‍ണര്‍ക്ക് മാത്രമുള്ളതായി തുടര്‍ന്നു. എന്നാല്‍ ഈ ഒത്തുതീര്‍പ്പിനോട് പെരിയാര്‍ വിയോജിച്ചു.

അയിത്തവും ജാതിയും ഏതാണ്ട് അതേ തോതില്‍ തന്നെ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പൗരസ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന വൈക്കം സത്യഗ്രഹം അടക്കമുള്ള സമരങ്ങളെ ഓര്‍മിക്കപ്പെടേണ്ടത്.

വിട്ടുവീഴ്ചകളോടെ പകുതി വിജയിച്ച സമരമായാണ് വൈക്കം സത്യഗ്രഹം അവസാനിക്കുന്നത്. 1925 ഒക്ടോബര്‍ എട്ടിന് സമരം പിന്‍വലിക്കാന്‍ ഗാന്ധി സത്യഗ്രഹികള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ വൈകിയത് മൂലം വീണ്ടും ഒരുമാസം കഴിഞ്ഞാണ് സമരം പിന്‍വലിച്ചത്. നാലാമത്തെ വഴിയിലൂടെയുള്ള വിലക്ക് നീങ്ങാന്‍ അവര്‍ണര്‍ക്ക് പിന്നേയും ഒരു ദശകം കൂടി കാത്തിരിക്കേണ്ടി വന്നു. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം വരെ കാലമെടുത്തു അതിന്.

പിന്നീട് കാലം മാറി, സാമൂഹിക വ്യവസ്ഥകള്‍ മാറി, വഴികള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടു. എന്നാല്‍ വൈക്കം സത്യാഗ്രഹം നടന്ന് നൂറ് വര്‍ഷം പിന്നിടുമ്പോഴും ഇന്ത്യ അഭിമുഖീകരിക്കുന്ന, ഏറ്റവും വലിയ പ്രശ്‌നം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ജാതിയാണ്. അയിത്തവും ജാതിയും ഏതാണ്ട് അതേ തോതില്‍ തന്നെ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പൗരസ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന വൈക്കം സത്യഗ്രഹം അടക്കമുള്ള സമരങ്ങളെ ഓര്‍മിക്കപ്പെടേണ്ടത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in