26/11: രാജ്യം വിറങ്ങലിച്ച നാല് ദിവസങ്ങള്‍; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വര്‍ഷം

26/11: രാജ്യം വിറങ്ങലിച്ച നാല് ദിവസങ്ങള്‍; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വര്‍ഷം

നാല് ദിവസത്തെ ആക്രമണത്തില്‍ വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്
Updated on
2 min read

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നത്. 2008 നവംബര്‍ 26 നാണ് 10 ഭീകരരടങ്ങിയ സംഘം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. കടല്‍ മാര്‍ഗമെത്തിയ പാക് ഭീകരര്‍ നാല് ദിവസത്തോളമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. നാല് ദിവസം നീണ്ട ആക്രമണത്തില്‍ വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.

ലഷ്‌കര്‍-ഇ-ത്വയ്ബ എന്ന ഭീകരസംഘടന പിന്നീട് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ കടല്‍മാര്‍ഗം മുംബൈയിലെത്തിയത്. 2008 നവംബര്‍ 23ന് പാക് സംഘം ഇന്ത്യന്‍ ഫിഷിങ് ട്രോളറായ എംവി കൂബര്‍ തട്ടിയെടുക്കുകയായിരുന്നു. ബോട്ട് തകരാറിലായെന്ന വ്യാജേന അവര്‍ മുംബൈ തീരത്തിറങ്ങി. എംവി കൂബറിന്റെ ക്യാപ്റ്റന്‍ അമര്‍ചന്ദ് സോളങ്കിയെ വധിച്ചാണ് അവര്‍ ഇന്ത്യയിലേക്ക് കടക്കുന്നത്. ഭീകരര്‍ സമുദ്രമാര്‍ഗം എത്തി നടത്തിയ ആക്രമണത്തോടെയാണ് ഇന്ത്യയുടെ സുരക്ഷ സംവിധാനം ഏറെ വിമര്‍ശിക്കപ്പെട്ടത്.

മുംബൈ പോലീസ് ആസ്ഥാനത്തിനടുത്തുള്ള ലിയോപോള്‍ കഫെയായിരുന്നു ഭീകരര്‍ ആദ്യം ലക്ഷ്യമിട്ടത്. അഞ്ച് തീവ്രവാദികള്‍ കഫെയെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. നിമിഷങ്ങള്‍ക്കകം തന്നെ നരിമാന്‍ ഹൗസിനടുത്തുള്ള കൊളാബയിലെ പ്രെട്രോള്‍ പമ്പിന് നേരെയും ആക്രമണം നടന്നു. പെട്രോള്‍ പമ്പ് പൊട്ടിത്തെറിപ്പിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം എന്നാല്‍ അത് പരാജയപ്പെട്ടു. തുടര്‍ന്ന് ജൂതന്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള നരിമാന്‍ ഹൗസിലും ആക്രമണം അഴിച്ചുവിട്ടു. നരിമാന്‍ ഹൗസ് ആക്രമണത്തില്‍ ആറ് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും ബേബി മോഷെ എന്ന രണ്ടുവയസുകാരനായ ഇസ്രായേലി ബാലന്‍ അനാഥനാക്കപ്പെടുകയും ചെയ്തു. ബേബി മോഷെ പിന്നീട് മുംബൈ ആക്രമണത്തെ അതിജീവിച്ചവരുടെ പ്രധാന മുഖമായി മാറി.

നിമിഷങ്ങള്‍കൊണ്ട് ഭീകരര്‍ ഹോട്ടലുകളിലും വെടിയുതിര്‍ത്തു. താജ് ഹോട്ടലിനകത്ത് പ്രവേശിച്ച അക്രമികള്‍ ആളുകള്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വിഐപികളും ടൂറിസ്റ്റുകളുമടക്കം നിരവധിപേരാണ് ഹോട്ടലിനകത്ത് ബന്ദികളാക്കപ്പെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ട്രൈഡന്റിലും ആക്രമണമുണ്ടായി. ഹോട്ടല്‍ ഒബ്രോയിലും ഭീകരര്‍ കടന്നുകയറി. താജ് ഹോട്ടലില്‍ നിന്ന് ഉയര്‍ന്ന തീയും പുകയും ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി.

ആക്രമമം നടന്ന താജ് ഹോട്ടല്‍
ആക്രമമം നടന്ന താജ് ഹോട്ടല്‍

സിഎസ്ടി റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ ജനത്തിന് നേരെ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു. റിസര്‍വേഷന്‍ കൗണ്ടറിനടുത്തുവച്ചാണ് ഹാന്‍ഡ് ഗ്രനേഡുകളും എകെ 47 തോകത്കുകളും ഉപയോഗിച്ച് അവര്‍ ജനങ്ങളെ കൊന്നൊടുക്കിയത്. മുംബൈ നഗരത്തിന് ഈ ദിവസങ്ങളില്‍ ചോരയുടെ മണം മാത്രമായിരുന്നു. തെരുവുകളില്‍ മുഴങ്ങിക്കേട്ടത് വെടിയൊച്ചകള്‍ മാത്രം.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍

പിന്നിടങ്ങോട്ട് ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തിന്റെയും തിരിച്ചുപിടിക്കലിന്റെയും ദൈര്‍ഘ്യമേറിയ മണിക്കൂറുകളായിരുന്നു കടന്നുപോയത്. പുറത്ത് ഭയത്തോടെയും പ്രാര്‍ഥനയോടെയും രാജ്യം കാത്തുനിന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒമ്പത് തീവ്രവാദികളെയും ഇന്ത്യന്‍ സേനയുടെ കമാന്‍ഡോ ഓപ്പറേഷനിലൂടെ വധിക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെയും മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും പോരാട്ടത്തില്‍ മരിച്ചു.

അജ്മല്‍ കസബ്
അജ്മല്‍ കസബ്

അജ്മല്‍ കസബ് എന്ന ഭീകരനെ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടി. കസബ് പാക് പൗരനാണെന്ന് പാകിസ്ഥാന്‍ സമ്മതിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റി.

logo
The Fourth
www.thefourthnews.in