2007 മാര്‍ച്ച് 14 - നന്ദിഗ്രാം ; ഇടതിന് മുറിവേറ്റ വികസനത്തിന്റെ വെടിയുണ്ടകള്‍
2007 മാര്‍ച്ച് 14, ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചും സിപിഎമ്മിന്റെ ചരിത്രം മാറ്റി മറിച്ച ദിനമായിരുന്നു അന്ന്. കൃഷി ഭൂമിയേറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരെ സിപിഎം സര്‍ക്കാര്‍ വെടിവെച്ച് വീഴ്ത്തിയ ദിവസം. ആ സംഭവത്തിന് ശേഷം ബംഗാളില്‍ പിന്നീട് പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ ആയിട്ടില്ല. ബദല്‍ നയത്തെക്കുറിച്ച് പറയുന്ന സിപിഎമ്മിന്റെ രാഷ്ട്രീയത്തെ സംശയത്തോടെ നോക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകരെ പോലും പ്രേരിപ്പിച്ച സംഭവമായും ഇത് മാറി.
തുടര്‍ച്ചയായ 34 വര്‍ഷം ഭരിച്ച സിപിഎമ്മിന് പശ്ചിമ ബംഗാള്‍ നഷ്ടമാകാന്‍ കാരണമായ സംഭവത്തിന്റെ പേരുകൂടിയാണ് നന്ദിഗ്രാം വെടിവയ്പ്പ്. വ്യവസായ വികസനമാണ് മുഖ്യമെന്നും ഇതിനായി സ്വകാര്യ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ആവശ്യമായ എന്തും ചെയ്യണമെന്ന നവലിബറല്‍ നയത്തിന്റെ വക്താവായിരുന്നു അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. തൊഴിലാളി സമരങ്ങളെയും ഹര്‍ത്താലുകളെയും പോലും അദ്ദേഹം ഇതിനായി പരസ്യമായി തള്ളി പറഞ്ഞു. ബംഗാളിന്റെ വികസന പ്രതിസന്ധിയ്ക്ക് പരിഹാരം വ്യവസായ വത്കരണമാണെന്നും അദ്ദേഹം നിലപാടെടുത്തു.
ഇതിന്റെ ഭാഗമായി ഇന്തോനേഷ്യന്‍ ബിസിനസ് ഭീമന്മാരായ സാലിം ഗ്രൂപ്പുമായി അദ്ദേഹം ചര്‍ച്ച നടത്തി. കമ്പനിയുടെ നിക്ഷേപത്തില്‍ സംസ്ഥാനത്ത് ഒരു കെമിക്കല്‍ ഹബ്ബ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറായി. നന്ദിഗ്രാമിലെ കൃഷിഭൂമി പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് നിക്ഷേപങ്ങള്‍ നടത്താന്‍ ധാരണയായി. എന്നാല്‍ നന്ദിഗ്രാമിലെ 10,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കര്‍ഷകര്‍ രംഗത്ത് വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. 2007 ജനുവരി മാസം മുതല്‍ ജനകീയ പ്രതിഷേധങ്ങള്‍ ആരംഭിച്ചു.
പദ്ധതി നടപ്പാക്കാനുള്ള സ്ഥലം അളന്ന് തിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ എത്താന്‍ തുടങ്ങിയതോടെ ഭൂമി ഉച്ചഡ് പ്രതിരോധ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സംഘടിച്ച് തുടങ്ങുന്നു. ജനുവരി ആറിന് സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ ആദ്യത്തെ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പിന്നാലെ പ്രതിഷേധങ്ങള്‍ ആളിക്കത്തി. സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടുകൊണ്ടിരുന്നു. മാര്‍ച്ച് 12 ന് നന്ദിഗ്രാമില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പിറ്റേന്ന് വൈകുന്നേരം പ്രദേശത്തെത്തിയ അയ്യായിരത്തോളം പോലീസ് ഗ്രാമത്തിന് ചുറ്റും നിലയുറപ്പിച്ചു.
മമത ബാനര്‍ജി എന്ന രാഷ്ട്രീയ നേതാവിന്റെ മുന്നേറ്റം രക്തക്കറയുണങ്ങാത്ത നന്ദിഗ്രാമിന്റെ മണ്ണില്‍ നിന്ന് തന്നെയായിരുന്നു
മാര്‍ച്ച് 14 ന് ഗ്രാമത്തിലേക്ക് കടന്ന പൊലീസുകാരെ വരവേറ്റത് കര്‍ഷകര്‍ തീര്‍ത്ത മനുഷ്യ മതിലുകളാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരും വരെ ഇതിന്റെ ഭാഗമായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ആദ്യം കണ്ണീര്‍വാതകവും പിന്നീട് റബ്ബര്‍ ബുള്ളെറ്റുകളും ഉപയോഗിച്ചു . സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിവെച്ചു. നന്ദിഗ്രാമിന്റെ മണ്ണില്‍ കര്‍ഷകരുടെ രക്തമൊഴുകി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 14 പേരാണ് ആ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ജനുവരി മുതല്‍ തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ ആകെ കൊല്ലപ്പെട്ടത് 27 ഗ്രാമവാസികളാണ്. പോലീസ് നന്ദിഗ്രാമില്‍ നടത്തിയ നരനായാട്ടിന്റെ ഭീകരതയില്‍ പലരും ഗ്രാമം വിട്ട് പോയി. സമാനമായി സിംഗൂരില്‍ ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ് പദ്ധതികള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളും അക്രമങ്ങളില്‍ ചെന്നവസാനിച്ചു.
ഇതോടെ സര്‍ക്കാരിന് കണക്കുകള്‍ പിഴച്ചു തുടങ്ങി. അധികം വൈകാതെ തന്നെ പദ്ധതി പിന്‍വലിച്ചു. ചെങ്കൊടിയുടെ നിറം മങ്ങിയിടത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പതുക്കെ കാല്‍ വെച്ച് തുടങ്ങി. മമത ബാനര്‍ജി എന്ന രാഷ്ട്രീയ നേതാവിന്റെ മുന്നേറ്റം രക്തക്കറയുണങ്ങാത്ത നന്ദിഗ്രാമിന്റെ മണ്ണില്‍ നിന്ന് തന്നെയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പോടെ തന്നെ മൂന്ന് പതിറ്റാണ്ടായി ഭരണം കൈയാളിയ സിപിഎം അധികാരത്തില്‍നിന്ന് പുറത്തായി. ഇപ്പോള്‍ സിപിഎമ്മിന് ബംഗാളില്‍ ഒരു നിയമസഭാ അംഗം പോലും ഇല്ലാത്ത സ്ഥിതിയാണ്.
നന്ദിഗ്രം ഇപ്പോഴും ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷത്തിന് പേടിപ്പിക്കുന്ന ഓര്‍മയായി തുടരുകയാണ്
പ്രയോജനവാദപരമായ സമീപനങ്ങളിലേക്ക് സിപിഎം മാറിയതാണ് തിരിച്ചടിയ്ക്ക് കാരണമായതെന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ തന്നെ അഭിപ്രായപ്പെട്ടു. നവലിബറല്‍ വികസന സമീപനത്തെ പുല്‍കിയതിന്റെ ഫലമാണ് സിംഗൂരിലും നന്ദിഗ്രാമിലും കണ്ടതെന്നും അവര്‍ കുറ്റപ്പെടുത്തി. നന്ദിഗ്രാം കൈകാര്യം ചെയ്തത് തെറ്റായി എന്ന് നിഗമനത്തില്‍ പാര്‍ട്ടി എത്തിയെങ്കിലും സിപിഎം ഭരിക്കുന്ന പ്രദേശങ്ങളിലെ വികസന സമീപനത്തെ സംബന്ധിച്ചുള്ള അവ്യക്തതകള്‍ പിന്നീടും പലപ്പോഴായി പുറത്തുവന്നുകൊണ്ടിരുന്നു. എന്തായാലും നന്ദിഗ്രം ഇപ്പോഴും ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷത്തിന് പേടിപ്പിക്കുന്ന ഓര്‍മ്മയായി തുടരുകയാണ്. സിപിഎം ഇല്ലാത്ത ബംഗാള്‍ നിയമസഭ അതിന്റെ തെളിവുമാകുന്നു