അതിസുരക്ഷയും മറികടന്ന് അംബാസഡര്‍ കാറില്‍ വന്നിറങ്ങിയ അക്രമികള്‍; ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് 22 വയസ്

അതിസുരക്ഷയും മറികടന്ന് അംബാസഡര്‍ കാറില്‍ വന്നിറങ്ങിയ അക്രമികള്‍; ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് 22 വയസ്

സംഭവസമയത്ത് പാര്‍ലമെന്റ് മന്ദിരത്തിനകത്തുണ്ടായിരുന്ന നൂറിലധികം മന്ത്രിമാരുടേയും എംപിമാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥർക്ക് സാധിച്ചു
Updated on
2 min read

2001 ഡിസംബര്‍ 13, സമയം രാവിലെ 11.40, ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച DL 3 CJ 1527 നമ്പര്‍ അംബാസഡര്‍ കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നു. 12-ാം നമ്പര്‍ ഗേറ്റിനെ ലക്ഷ്യം വെച്ച് കാർ നീങ്ങിയപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് പിന്നോട്ടെടുത്ത കാര്‍ ഉപമുഖ്യമന്ത്രി കൃഷ്ണകാന്തിന്റെ കാറിലിടിക്കുകയും അതില്‍ നിന്ന് അഞ്ച് പേര്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നില്ല ആ കാര്‍. കാറിലുണ്ടായിരുന്ന അഞ്ച് പേരും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ആക്രമണം നടത്താന്‍ പുറപ്പെട്ട അക്രമികളായിരുന്നു. രാജ്യത്തെ നടുക്കിയ, സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് മന്ദിരത്തിന്റെ ആക്രമണത്തിന് ഇന്ന് 22 വയസ് തികയുകയാണ്.

കാറില്‍ വന്നിറങ്ങിയ അക്രമികള്‍

സുരക്ഷാ ഉദ്യോഗസ്ഥനായ ജഗദീഷ് പ്രസാദ് യാദവിന് തോന്നിയ സംശയത്തിലാണ് അക്രമികള്‍ അവരുടെ കാർ പുറകോട്ടെടുക്കുന്നതും ഉപരാഷ്ട്രപതിയുടെ കാറിലിടിക്കുന്നതും. തുടര്‍ന്ന് അഞ്ച് പേരും കാറില്‍ നിന്നിറങ്ങി വെടിവെക്കല്‍ ആരംഭിച്ചു. ഉടന്‍ തന്നെ സുരക്ഷാ അലാം മുഴങ്ങുകയും മന്ദിരത്തിലെ മുഴുവന്‍ ഗേറ്റുകളും അടയ്ക്കുകയും ചെയ്തു. മുപ്പത് മിനിറ്റ് നീണ്ടുനിന്ന വെടിവെപ്പില്‍ അഞ്ച് അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. സംഭവസമയത്ത് പാര്‍ലമെന്റ് മന്ദിരത്തിനകത്തുണ്ടായിരുന്ന നൂറിലധികം മന്ത്രിമാരുടേയും എംപിമാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥർക്ക് സാധിച്ചു.

അതിസുരക്ഷയും മറികടന്ന് അംബാസഡര്‍ കാറില്‍ വന്നിറങ്ങിയ അക്രമികള്‍; ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് 22 വയസ്
ചന്ദ്രനിലെ അവസാന മനുഷ്യ സ്പര്‍ശത്തിന് 51 വര്‍ഷം; ചാന്ദ്ര യാത്രകളുടെ വലിയ ഇടവേളയ്ക്ക് കാരണമെന്ത്?

സംഭവത്തിന് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനി ലോക്‌സഭയില്‍ ഇതിന് പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയും ജയ്ഷ്-ഇ-മുഹമ്മദുമാണെന്ന് ആരോപിച്ചു. പാകിസ്ഥാന്‍ ഐഎസ്‌ഐയുടെ പിന്തുണ ഈ തീവ്രവാദ സംഘടനകള്‍ക്കുണ്ടെന്നും ചാവേര്‍ ആക്രമണം നടത്തിയ അഞ്ച് തീവ്രവാദികളും പാകിസ്ഥാനികളാണെന്ന് കണ്ടെത്തിയതായും അന്ന് അദ്വാനി സഭയില്‍ അറിയിച്ചു. ഇന്ത്യയിലെ പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകര പ്രവർത്തനങ്ങളുടെ ഏകദേശം രണ്ട് ദശാബ്ദക്കാലത്തെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒന്നെന്നാണ് അദ്വാനി സംഭവത്തെ വിശേഷിപ്പിച്ചത്.

സംഭവത്തില്‍ ഡിസംബര്‍ 13-ന് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തീവ്രവാദികള്‍ നടത്തിയ സംയുക്തമായ ആക്രമണമാണിതെന്ന് എഴുതുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാറും മൊബൈല്‍ ഫോണും മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അഫ്‌സല്‍ ഗുരു, അഫ്‌സാന്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍ ഗുരു, എസ്എആര്‍ ഗീലാനി എന്നിവരാണ് അറസ്റ്റിലായത്.

അതിസുരക്ഷയും മറികടന്ന് അംബാസഡര്‍ കാറില്‍ വന്നിറങ്ങിയ അക്രമികള്‍; ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് 22 വയസ്
മുംബൈയും രാജ്യവും നടുങ്ങിയ ആ ദിനം

അഫ്‌സല്‍ ഗുരു

ഡിസംബര്‍ 29-ന് അഫ്‌സല്‍ ഗുരുവിനെ പ്രത്യേക കോടതി പോലീസ് റിമാന്‍ഡിലേക്ക് വിട്ടു. വിചാരണ കോടതി അഫ്‌സാനെ വെറുതെ വിടുകയും ബാക്കിയുള്ളവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

2005-ല്‍ സുപ്രീം കോടതി അഫ്സലിന്റെ വധശിക്ഷ ശരിവെച്ചു. ഷൗക്കത്തിന്റെ ശിക്ഷ 10 വര്‍ഷത്തെ തടവായി ഇളവ് ചെയ്തു കൊടുക്കുകയും ചെയ്തു. 2006 സെപ്തംബര്‍ 26-ന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടു.

എന്നാല്‍ അതേവര്‍ഷം അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തപസ്സും ഗുരു ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം സുപ്രീം കോടതി അത് തള്ളിക്കളഞ്ഞു. 2013 ഫെബ്രുവരി മൂന്നിന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ദയാഹര്‍ജി തള്ളിക്കളയുകയും തുടര്‍ന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുകയുമായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ ഭൗതിക ശരീരം കുടുംബാംഗങ്ങള്‍ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും തിഹാര്‍ ജയിലില്‍ അടക്കം ചെയ്യുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in