കാണ്ഡഹാര്‍ വിമാന റാഞ്ചലിന് 23 വര്‍ഷം,7 നാൾ നീണ്ട ആകാശനാടകത്തിന്റെ കഥകൾ
നയതന്ത്രമോ, കീഴടങ്ങലോ ?
179 യാത്രക്കാരേയും 11 ജീവനക്കാരേയും ബന്ദികളാക്കി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തോട് തീവ്രവാദികള്‍ വിലപേശിയ കാണ്ഡഹാര്‍ വിമാന റാഞ്ചലിന് 23 വര്‍ഷം.
ലോകം ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്ന സമയം, 1999 ഡിസംബര്‍ 24 നായിരുന്നു അഞ്ചംഗ ഭീകര സംഘം ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം റാഞ്ചുന്നത്. ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രചാരണം എല്ലാ കാലവും ഏറ്റെടുത്തിട്ടുള്ള ബിജെപിയുടെ ഭരണത്തിന് കീഴിലാണ് ഭീകരരോടുള്ള ഈ സന്ധിചെയ്യൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം. രണ്ട് മാസം മുന്‍പ് മൂന്നാമൂഴത്തില്‍ ഭരണം നേടിയ വാജ്പേയ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു ഏഴ് നാള്‍ നീണ്ട ഈ ആകാശനാടകം അരങ്ങേറിയത്.
നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന്, ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചിയതിന് പിന്നില്‍ അര്‍ക്കത്തുല്‍ മുജാഹിദിന്റെ തീവ്രവാദികളായിരുന്നു. വിമാനം പാകിസ്താനിലെ ലാഹോറിലേക്ക് പറത്താനായിരുന്നു തീവ്രവാദികളുടെ തീരുമാനം. ഇന്ധനമില്ലെന്ന് പറഞ്ഞ് ക്യാപ്റ്റൻ വിമാനം അമൃത്സറില്‍ ഇറക്കി. ഇവിടെ വച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ആ നീക്കത്തിന് പിന്നില്‍, പക്ഷെ, പ്രതീക്ഷകള്‍ വിഫലമായി.
അമൃതസറില്‍ നിന്നും വിമാനം വീണ്ടും പറന്ന് പാകിസ്താനിലെ ലാഹോറിലിറങ്ങി. ഇന്ധനം നിറച്ച് വീണ്ടും പറന്നുയര്‍ന്നു. ഇതിനിടെ അന്താരാഷ്ട്ര ഇടപെടലും വിഷയത്തിലുണ്ടായി. അമേരിക്കയുടെ ഇടപെടലുണ്ടായതോടെ വിമാനത്തിന് യുഎഇ സര്‍ക്കാര്‍ ദുബായില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കി. ഇതിനിടെ ദുബായ് വിമാനത്താവളത്തില്‍ കമാന്‍ഡോ ഓപ്പറേഷന് ഇന്ത്യ പദ്ധതിയിട്ടു. എന്നാല്‍ അതിന് യുഎഇ സര്‍ക്കാറിന്റെ അനുമതി ലഭിച്ചില്ല. വിമാനത്തില്‍ ബന്ദികളാക്കപ്പെട്ട 26 യാത്രക്കാരെ ദുബായില്‍ മോചിപ്പിച്ചു. ഇതിനിടെ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി.
ദുബായില്‍ നിന്നും അഫ്ഗാനിലെ കാണ്ഡഹാറിലേക്കാണ് പിന്നീട് വിമാനം തിരിച്ചുവിട്ടത്. അവിടെ താലിബാന്‍ സേനാംഗങ്ങള്‍ വിമാനത്തിന് കാവല്‍ നിന്നു. ബന്ദികളെ വിട്ടയക്കണമെങ്കില്‍ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍ അല്‍വി, അല്‍ഖ്വയ്ദ നേതാവ് സെയ്ദ് ഒമര്‍ ഷെയ്ഖ്, അല്‍ ഉമര്‍ മുജാഹിദീന്‍ നേതാവ് മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരുള്‍പ്പെടെയുള്ള 35 തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ബന്ദികളുടെ ഉറ്റവരുടെ പ്രതിഷേധം ശക്തിപ്പെട്ടതോടെ, സര്‍ക്കാരിന് വേറെ വഴിയില്ലാതെയായി. ജമ്മു ജയിലില്‍ ഉണ്ടായിരുന്ന മൗലാനാ അസര്‍ ഉള്‍പ്പെടെയുള്ള മൂന്ന് കുറ്റവാളികളെ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാന മന്ത്രിയോട് പോലും ചോദിക്കാതെ, മന്ത്രി ജസ്വന്ദ് സിംഗ് കാണ്ഡഹാറിലെത്തി. 2000 പുതുവര്‍ഷം പിറക്കുന്നതിന്റെ തലേദിവസം ബന്ദികള്‍ മോചിപ്പിക്കപ്പെട്ടു.
തീവ്രവാദികളെ വിട്ടുനല്‍കിയതിനപ്പുറം മോചനദ്രവ്യമായി സര്‍ക്കാര്‍ എന്ത് നല്‍കിയെന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നു.