ഇന്ന് നവംബര്‍ 25- കൂത്തുപറമ്പ് രക്തസാക്ഷി ദിനം, നിത്യനോവായി അഞ്ച് രക്തസാക്ഷികളും പുഷ്പനും
കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച, അമിതാധികാര പ്രയോഗത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട ദിവസത്തിന്റെ വാര്‍ഷികം. കൂത്തുപറമ്പ് വെടിവെയ്പ്പ് 1994 നവംബര്‍ 25. സംസ്ഥാനത്ത് 1991 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 91 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവത്ക്കരണ ഉദാരവത്ക്കരണനയത്തിന് അനുസരിച്ച് കേരളത്തിലും നയപരിപാടികള്‍ നടപ്പിലാക്കിയ തുടങ്ങിയ ഘട്ടം.
സിപിഎമ്മില്‍ നിന്ന് പുറത്തായ എം വി രാഘവനും കരുണാകരന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. സിപിഎം എം വി രാഘവനെ ലക്ഷ്യമിട്ട കാലം കൂടിയായിരുന്നു അത്.സര്‍ക്കാര്‍ ഭൂമിയും സഹകരണ മേഖലയുടെ പണവുമുപയോഗിച്ച് 1993 ല്‍ എം വി രാഘവന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളജ് സ്വകാര്യ സ്ഥാപനമാക്കുന്നതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വത്കരണത്തിനെതിരെ ഡിവൈഎഫ്‌ഐ സമരം പ്രഖ്യാപിച്ചു.
1994 നവംബര്‍ 25 ന് കൂത്തുപറമ്പ് സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തിയ എംവി രാഘവനെ സമരത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കരിങ്കൊടി കാണിക്കാനെത്തി. മന്ത്രിയെ തടഞ്ഞ യുവാക്കള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ കെ രാജീവന്‍, ഷിബുലാല്‍, ബാബു, മധു, റോഷന്‍ എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചു പ്രേതിഷേധങ്ങളുടെ പെരുമ്പട എം വി രാഘവന്റെ വീടിനടക്കം തീയിട്ടു.
കൂത്തുപറമ്പ് വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു അനാവശ്യമായി നടത്തിയ വെടിവെയ്പ്പിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ജൂഡിഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കി. 1997 ല്‍ ഇടത് സര്‍ക്കാര്‍ നിയമിച്ച പത്മനാഭന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് എം വി രാഘവന്‍, ഡെപ്യൂട്ടി കളക്ടര്‍ ടിടി ആന്റണി, ഡിവൈഎസ്പി അബ്ദുള്‍ ഹക്കീം ബത്തേരി, എസ്പി രവത ചന്ദ്രശേഖര്‍ അടക്കം പ്രതികളായി. 1997ല്‍ എം വി രാഘവന്‍ അറസ്റ്റിലായി സുപ്രീം കോടതി വരെ എത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും പിന്നീട് വിട്ടയച്ചു.
കാലം പിന്നീട് ഒരുപാട് മുന്നോട്ട് പോയി- 2019 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തു. അതും കഴിഞ്ഞു, വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്ക്കരണത്തെ എതിര്‍ത്ത സിപിഎം, ഇപ്പോള്‍ സ്വകാര്യ- വിദേശ സര്‍വകാലശാലകള്‍ക്ക് വേണ്ടി വാദിക്കുന്ന രീതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. എങ്കിലും ഇപ്പോഴും അഞ്ച് രക്തസാക്ഷികളും, വെടിയേറ്റ് ശരീരം തളര്‍ന്ന് കിടപ്പിലായ പുഷ്പനും നിത്യനോവായി തുടരുന്നു.