Today In History: ചുവന്ന സൂര്യോദയം, ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റിട്ട് 67 വർഷം
1957, ഏപ്രില്‍ 5. ഏഷ്യയില്‍ ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റ ദിനം. രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കേരളം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ചരിത്ര ദിനത്തിന് 67 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.
രാജ്യം രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അനുകൂലമായി വിധിയെഴുതിയ അതേ വോട്ടെടുപ്പിലാണ് ഐക്യ കേരളം കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നെഞ്ചേറ്റുന്നത്. കേരള നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) തിരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കി.
പിന്നാലെ, ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി ഇ എം എസ് നമ്പൂതിരിപ്പാട് അധികാരമേറ്റു.
കമ്യൂണിസത്തിന് ഒപ്പം നടന്ന കേരളം
ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിനോളം പഴക്കമുണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് ധാരയ്ക്ക്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന രീതിയിൽ തന്നെ '57ലെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആ തിരഞ്ഞെടുപ്പിലെ വിജയം കേരളത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് എന്നത് അതിലേറെ പ്രധാനപ്പെട്ടതായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം രാജ്യം മുഴുവനും വാർത്തയായി. 126 നിയമസഭാ മണ്ഡലങ്ങളിൽ 60 ഇടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിച്ചു. ചരിത്രമായി മാറുകയായിരുന്നു ആ വിജയം. ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ തന്നെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കൂടിയായിരുന്നു കേരളത്തിൽ 1957ൽ രൂപീകരിക്കപ്പെട്ട സർക്കാർ. സമാനമായ മറ്റൊരുസാഹചര്യം ഉണ്ടായിട്ടുള്ളത് 1945ൽ സാൻ മറിനോയിലാണ്. സോഷ്യലിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്ന് സാൻ മറിനോയിലാണ് ഇതിനു മുമ്പ് ഇത്തരത്തിൽ ഒരു സർക്കാർ രൂപീകരിക്കപ്പെടുന്നത്.
ഏപ്രിൽ അഞ്ചിന് ഇഎംഎസ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞയെടുക്കുന്ന സമയത്ത് ലോകം മുഴുവനും ആ കാഴ്ച കൗതുകത്തോടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകൾക്ക് ഒരു സംസ്ഥാനത്ത് ഭരണം ലഭിക്കുന്നതിൽ അന്ന് അമേരിക്ക അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ജവഹർലാൽ നെഹ്‌റു ജനാധിപത്യത്തെ അംഗീകരിച്ച് ഇടതു സർക്കാരിന് അവസരം നൽകണമെന്ന നിലപാടാണ് സ്വീകരിച്ചത്. സർക്കാരിന് നേതൃത്വം നൽകുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തിരിച്ച് നെഹ്റുവിനും ഉറപ്പ് നൽകിയിരുന്നു. അത് ഭരണഘടനയെ അനുസരിച്ച്, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കും എന്ന ഉറപ്പായിരുന്നു. കമ്മ്യൂണിസ്റ്റ് സമൂഹമാക്കി കേരളത്തെ മാറ്റില്ല എന്ന ഉറപ്പുകൂടിയായിരുന്നു അത്. അന്ന് അധികാരത്തിൽ വന്നാൽ ഉടൻ ഭൂപരിഷ്കരണം നടപ്പിലാക്കുമെന്ന് ഉറപ്പാണ് ഇഎംഎസ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ വാദ്ഗാനം. സർക്കാർ അധികാരത്തിൽ വന്നയുടൻ ആ ഉറപ്പ് പാലിക്കാനാണ് ശ്രമിച്ചതും. ആ ശ്രമമാണ് പിന്നീട് സർക്കാരിന്റെ തന്നെ തകർച്ചയിലേക്ക് നയിച്ചത്.
എന്തായിരുന്നു ഇഎംഎസ് സർക്കാരിന്റെ പ്രസക്തി?
ജനാധിപത്യരീതിയിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് ഭരണത്തിൽ വന്ന സംഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. കോൺഗ്രസിന് ബദലായാണ് കമ്മ്യൂണിസ്റ്റുകൾ പ്രചാരണം നയിച്ചത്. അത് ജനങ്ങൾ ഏറ്റെടുത്തതിനാലാണ് ഇഎംഎസ് സർക്കാർ അധികാരത്തിൽ വന്നത്. കേന്ദ്രത്തിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്നിറക്കാനുള്ള കരുത്തില്ലായിരിക്കും എന്നാൽ ഭൂപരിഷ്കരണം നടത്തി കാണിച്ചുകൊടുക്കാൻ മാത്രം പാർട്ടി കേരളത്തിൽ ശക്തമായിരുന്നു എന്നാണ് ഇഎംഎസ് പിന്നീട് ഫ്രണ്ട് ലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതിനൊപ്പം വിദ്യാഭ്യാസ പരിഷ്കരണവും, ത്രിതല പഞ്ചായത്തുകളിലേക്ക് അധികാരം വികേന്ദ്രീകരിക്കുന്നതിനും ഇടതു സർക്കാരിന് സാധിച്ചെന്നും ഇഎംഎസ് പറയുന്നുണ്ട്. ഇതിൽ പലതും കോൺഗ്രസ് പാർട്ടി തന്നെ ദേശീയ തലത്തിൽ അവതരിപ്പിക്കുകയും പിന്നീട് അതിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്ത് കമ്മ്യൂണിസ്റ്റുകൾക്കെ ഉണ്ടായിരുന്നുള്ളു എന്നും ഇഎംഎസ് വ്യക്തമാക്കിയിരുന്നു.
സോഷ്യലിസ്റ്റുകളുടെയും ഇടത് ജനാധിപത്യവാദികളുടെയും പിന്തുണയോടെ കമ്യൂണിസത്തിന് ഇന്ത്യയിൽമുന്നേറാൻ സാധിച്ചിട്ടുണ്ടെന്നും, അത് പതുക്കെ കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരിനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വളരുമെന്ന് അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ വിവിധതലങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ ആത്മവിശ്വാസം പിന്നീട് ബംഗാളിലുൾപ്പെടെ ഇടതുപക്ഷ സർക്കാരുകൾ രൂപീകരിക്കാനുള്ള ഊർജമാണ് കമ്മ്യൂണിസ്റ്റുകൾക്ക് നൽകിയത്.
തിരഞ്ഞെടുപ്പ് വിജയം
സ്വാതന്ത്ര്യ സമരത്തിനൊപ്പം കേരളത്തില്‍ അരങ്ങേറിയ തൊഴിലാളി സമരങ്ങളും കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുമായിരുന്നു കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കേരളത്തെ വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ ഇല്ലാതാക്കൽ, അഴിമതി നിര്‍മാര്‍ജനം തുടങ്ങി വിഷയങ്ങളായിരുന്നു തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍. 60 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയെങ്കിലും കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകള്‍ സിപിഐയേക്കാള്‍ കൂടുതലായിരുന്നു.
കോണ്‍ഗ്രസിന് ബദലായി ജനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കണ്ടു എന്നായിരുന്നു ഈ കണക്കുകളിലെ വ്യത്യാസത്തോട് ഇ എംഎസ് പിന്നീട് പ്രതികരിച്ചത്. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ സോഷ്യലിസ്റ്റുകളും ഇടതുപക്ഷ ജനാധിപത്യവാദികളെയും ഒന്നിപ്പിക്കുന്നതിലും കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കാരണമായെന്നും ഇ എംസ് ചൂണ്ടിക്കാട്ടിയിരുന്നു.
പിരിച്ചുവിടൽ
അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ ഇഎംഎസ് സർക്കാർ അവരുടെ കാഴ്ചപ്പാടിലേക്കുള്ള ആദ്യ പടി വച്ചിരുന്നു. അത് ഭൂപരിഷ്കരണ ബില്ലായിരുന്നു. ആദ്യം ഒരു ഓർഡിനൻസായി അവതരിപ്പിച്ചു, പിന്നീട് നിയമമാക്കി. താമസിക്കുന്ന സ്ഥലത്ത് നിന്നും കീഴ്ജാതിയിൽ പെടുന്ന മനുഷ്യരെ പുറത്തതാക്കാൻ അനുവദിക്കില്ലെന്നും, കീഴ്ജാതിയിലുള്ളവർക്ക് ആ ഭൂമിയിൽ അവകാശമുണ്ടെന്നും പറയുന്നതായിരുന്നു നിയമം.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് ദേശീയപ്രസ്ഥാനം ജനങ്ങൾക്ക് നൽകിയ ഉറപ്പാണ് ഭൂപരിഷ്കരണം എന്നും അത് കാലതാമസം കൂടാതെ നടപ്പിലാക്കുന്നത് പിന്നീട് കമ്മ്യൂണിസ്റ്റുകളാണെന്നും ആദ്യ മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്ന, മുൻസുപ്രീംകോടതി ജഡ്ജ് വിആർ കൃഷ്ണയ്യർ പറയുന്നു. ഒരുപാട് തൊഴിലാളി സമരങ്ങളുടെ ചരിത്രവും കൂടി ചേരുന്നതാണ് ഭൂപരിഷ്കരണ നിയമമെന്നും വി ആർ കൃഷ്ണയ്യർ പറയുന്നു.
എൻഎസ്എസ്, കത്തോലിക്കാസഭ, മുസ്ലിം ലീഗ് എന്നിവരുടെ കൈവശമുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനം ഒതുങ്ങുമ്പോഴാണ് വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുമായി കമ്മ്യൂണിസ്റ്റ് സർക്കാർ രംഗത്തെത്തുന്നത്. ഭൂപരിഷ്കരണത്തിനൊപ്പം ഇതുംകൂടിയയായപ്പോൾ കോൺഗ്രസും എൻഎസ്എസ് ഉൾപ്പെടെ സാമുദായിക സംഘടനകളും ചേർന്നു വിമോചന സമരം അസൂത്രണം ചെയ്തു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമരം സർക്കാരിന് വലിയ വെല്ലുവിളിയായി. വി കെ കൃഷ്ണമേനോൻ ഉൾപ്പെടെയുള്ളവർ സമരത്തിന് എതിരായിരുന്നു. ഒടുവിൽ സമരത്തെ കുറിച്ച് നെഹ്‌റുവിനെ ബോധിപ്പിക്കാൻ വിആർ കൃഷ്ണയ്യർ ഊട്ടിയിലേക്ക് പോയി. കാര്യങ്ങൾ ബോധിപ്പിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഈ സമരം ശരിയല്ല എന്ന് ധരിപ്പിക്കാൻ ശ്രമിച്ചു. ഇന്ദിരാഗാന്ധിയായിരുന്നു അന്നത്തെ കോൺഗ്രസ് അധ്യക്ഷ. ഇന്ദിര ഗാന്ധിയുമായി സംസാരിക്കാം എന്നായിരുന്നു നെഹ്‌റു നൽകിയ മറുപടി.
വിമോചനസമരം ശക്തമാവുകയും ഒരു ഗർഭിണിയായ മത്സ്യത്തൊഴിലാളി സ്ത്രീ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതോടെ, സമരത്തിന്റെ സ്വഭാവം മാറി. അതൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭമായി മാറി. പ്രക്ഷോഭങ്ങൾ ഒടുവിൽ 1959 ജൂലൈ 31ന് ആദ്യകമ്മ്യൂണിസ്റ്റ് സർക്കാർ പിരിച്ചുവിടുന്നതിലേക്കാണ് നയിച്ചത്. രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതിഭരണം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് 1960ൽ നടന്ന തിരഞ്ഞെടുപ്പിൽ 63 സീറ്റുകൾ നേടി കോൺഗ്രസ് സർക്കാർ അധികാരത്തിലേറി. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നേടാനായത് 29 സീറ്റുകളായിരുന്നു.