ബോൾഷെവിക് വിപ്ലവത്തിൽ പ്രചോദനം കൊളളുകയും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ രീതിയിൽ ഇന്ത്യയിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നു ചിന്തിക്കുകയും ലെനിനെ ഏറെ ഇഷ്ടപ്പെടുകയും ചെയ്ത വിപ്ലവകാരി, വിപ്ലവ പ്രസ്ഥാനത്തിന്റെ പുരോഗതിയെക്കുറിച്ച് പഠിച്ചിരുന്ന മാർക്‌സിസ്റ്റ്, 'വൈ അയാം ആൻ എത്തീസ്റ്റ്' എന്ന ലേഖനത്തിലൂടെ നിലപാട് വ്യക്തമാക്കിയ നിരീശ്വരവാദി, തൊഴിലാളികൾക്ക് അധികാരം കിട്ടിയാലെ ഇന്ത്യയിലെ പാവപ്പെട്ടവരുടെ സാമൂഹികസാമ്പത്തിക അവസ്ഥയിൽ മാറ്റം വരൂവെന്ന് ചിന്തിച്ച പോരാളി, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പിറന്ന വിപ്ലവവീര്യം, ബ്രിട്ടനോട് മാപ്പിരക്കാതെ ധീരതയോടെ തൂക്കുമരത്തിന് മുന്നിൽ നിന്ന് ഇങ്ക്വിലാബ് വിളിച്ച വിപ്ലവകാരി. ഭഗത് സിങ്ങിനെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കി കൊലപ്പെടുത്തിയതിന്റെ വാർഷിക ദിനമാണിന്ന്.
1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഭഗത് സിങിന് പ്രായം 12. ജാലിയൻ വാലാബാഗിൽ നിന്നും എടുത്ത ചോരപുരണ്ട മണ്ണുമായി അയാൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാനുളള തീരുമാനമെടുത്തു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോൾ പ്രായം 13.
നാഷണൽ കോളേജിലെ ലാലാ ലജ്പത് റായുടെ ക്ലാസ്സുകളാണ് ഭഗത് സിങ്ങിനെ സ്വാതന്ത്ര്യ സമരത്തിലേക്ക് അടുപ്പിച്ചത്. അതേസമയം, ലാലാ ലജ്പത് റായിയുടെ ഹിന്ദുത്വവാദത്തെ ഒരിക്കൽപ്പോലും ഭഗത് സിങ് അംഗീകരിച്ചിരുന്നില്ല. 1922ലെ ചൗരിചൗരാ സംഭവത്തോടെ അദ്ദേഹം ഗാന്ധിയുടെ ആദർശങ്ങളിൽനിന്ന് അകലാൻ തുടങ്ങി. ആയുധം കൊണ്ട് പോരാടുന്ന ബ്രിട്ടനെതിരെ സായുധകലാപം മാത്രമേ ഭഗത് സിങിന് വഴിയായി മുന്നിലുണ്ടായിരുന്നുളളൂ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയും ചൗരിചൗരാ സംഭവും അദ്ദേഹത്തിന്റെ ഉളളിലെ വിപ്ലവകാരിക്ക് തിരതെളിച്ചു.
1924-ൽ കാൺപൂരിൽ വച്ച് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടനയിൽ ഭഗത് സിങ് അംഗമായി. 1928ൽ ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഭഗത് സിങും ചന്ദ്രശേഖർ ആസാദും എത്തിയപ്പോൾ സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന് മാറ്റി.
ലാലാ ലജ്പത് റായിയുടെ കൊലപാതകമാണ് ഭഗത് സിങ്ങിനെയും കൂട്ടരെയും വിപ്ലവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. ജോൺ സൗണ്ടേഴ്‌സ് വധക്കേസും അസംബ്ലിയിൽ ബോംബെറിഞ്ഞ കേസും ഭഗത് സിങ്ങിനെയും കൂട്ടരെയും കോടതി വിചാരണയിലേക്ക് നയിച്ചു. റഷ്യയിലേക്കുളള യാത്ര മാറ്റി വച്ചാണ് ഭഗത് സിങ് ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടന്ന കൃത്യത്തിൽ പങ്കെടുത്തത്.
ജയിലിൽ ഭൂരിഭാഗം സമയവും സോഷ്യലിസ്റ്റ് സാഹിത്യം പഠിക്കാനാണ് ഭഗത് സിങ് ചെലവഴിച്ചത്. ലെനിന്റെ ജീവിതവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും പഠിക്കാനാണ് അദ്ദേഹം സമയം കണ്ടെത്തിയത്. ലെഫ്റ്റ് വിങ് കമ്മ്യൂണിസം, ലെനിൻ എഴുതിയ രണ്ടാം ഇന്റർനാഷണലിന്റെ തകർച്ച തുടങ്ങിയ പുസ്തകങ്ങൾ അയച്ചുതരണമെന്ന് അദ്ദേഹം സുഹൃത്ത് ജോയ്ദേബിന് കത്തെഴുതിയതും ഇതേ കാലത്താണ്.
മരണത്തിന് ഏതാനും ദിവസം മുൻപ്, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അഭിഭാഷകനായിരുന്ന അഡ്വ.പ്രാൺ നാഥ് മെഹ്ത 'ദി റവല്യൂഷണറി ലെനിൻ' എന്ന പുസ്തകം നൽകിയിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു ഭഗത് സിങ് അത് വായിക്കാൻ തുടങ്ങിയത്.
സാമ്രാജ്യത്വം തുലയട്ടെ, ഇൻക്വിലാബ് സിന്ദാബാദ് - വിപ്ലവം വിജയിക്കട്ടെ ഇതായിരുന്നു അവസാനമായി ഭഗത് സിങിന് ലോകത്തോട് പറയാനുണ്ടായിരുന്ന സന്ദേശം. ഭഗത് സിങ്ങിനെയും കൂട്ടരെയും വധശിക്ഷയ്ക്ക് വിധിക്കുമ്പോൾ അവരുടെ മോചനത്തിനായി രാജ്യം ഒന്നടങ്കം ശബ്ദമുയർത്തി. ഗാന്ധി ഉറ്റ സുഹൃത്തായ ഇർവിൻ പ്രഭുവുമായി നടത്തുന്ന വട്ടമേശ സമ്മേളനത്തിലായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. ഗാന്ധി-ഇർവിൻ കരാർ പ്രകാരം ഏതാണ്ട് 90,000 രാഷ്ട്രീയ തടവുകാരുടെ മോചനം സാധ്യമായിരുന്നു.
സുഭാഷ് ചന്ദ്ര ബോസ് അടക്കം ചർച്ചയിൽ സഖാക്കളുടെ മോചനം ആവശ്യപ്പെടണമെന്ന നിലപാട് കൈക്കൊണ്ടു. എന്നാൽ ഗാന്ധി അവരെ വിട്ടയക്കണമെന്നൊരു അഭ്യർഥന മാത്രമാണ് ചർച്ചയിൽ നടത്തിയത്. ' രാജ്ഗുരുവും സുഖ്‌ദേവും ഭഗത് സിങും ജീവിക്കാൻ ആഗ്രഹിച്ചിരുന്നില്ല, അവർ മാപ്പു പറയാൻ തയ്യാറായില്ല. ഒരു അപ്പീൽ പോലും നൽകാൻ അവർ തയ്യാറായില്ല' എന്നായിരുന്നു ഭഗത് സിങ്ങിന്റെ വധശിക്ഷയ്ക്ക് ശേഷം ഗാന്ധിജിയുടെ പ്രതികരണം.
ജനരോഷം ഭയന്ന സർക്കാർ 1931 മാർച്ച് 23 ന് വൈകിട്ട് ഏഴിനാണ് വധശിക്ഷ നടപ്പാക്കിയത്. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതും രാജ്യമാകെ കലാപം പൊട്ടിപ്പുറപ്പെട്ടു.
ജാതി ഉൾപ്പെടെ അസമത്വത്തെ ശാശ്വതീകരിക്കുന്ന എല്ലാറ്റിനെയും രാഷ്ട്രീയമായി തിരിച്ചറിഞ്ഞ വിപ്ലവകാരിയായിരുന്നു ഭഗത് സിങ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് നിരവധി മാപ്പപേക്ഷ നടത്തി പുറത്തിറങ്ങിയവർ ആരാധിക്കപ്പെടുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം നാട് ഭരിക്കുമ്പോൾ ഭഗത് സിങ്ങിന്റെയും സഹ വിപ്ലവകാരികളുടെയും ഓർമകൾ പോലും നീതിക്ക് വേണ്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമാണ്.