TODAY IN HISTORY- രക്തസാക്ഷിത്വത്തിന് 34 വര്‍ഷം; സഫ്ദര്‍ ഹാഷ്മിയെയും അയാളുടെ നാടകങ്ങളേയും ഭയന്നതാര്?
ആസാദിയും ഈങ്ക്വിലാബ് പോലെ ഇന്ത്യന്‍ തെരുവീഥികളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം 'ഹല്ലാ ബോല്‍' (നിങ്ങള്‍ ശബ്ദമുയര്‍ത്തു) ഇത് കേവലം രണ്ടു വാക്കുകളല്ല ഇന്ത്യന്‍ തെരുവീഥികളില്‍ നിസ്വരായ അരികുവത്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടി ഒരാള്‍ നിലകൊണ്ടതിന്റെ അടയാളമാണ്. തെരുവ് നാടകമെന്ന കലയിലൂടെ പോരാട്ടത്തിന്റെ പുതു വഴി സൃഷ്ടിച്ച സഫ്ദര്‍ ഹാഷ്മിയെന്ന വിപ്ലവകാരിയുടെ ഓര്‍മപ്പെടുത്തല്‍കൂടിയാണ്. ഇന്ത്യന്‍ തെരുവുകള്‍ക്ക് പ്രിയപ്പെട്ട സഫ്ദര്‍ ഹാഷ്മി രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേയ്ക്ക് 34 വര്‍ഷം.
തന്റെ ജീവിതം അടിസ്ഥാന വര്‍ഗത്തിന് സമര്‍പ്പിച്ച ഈ ചെറുപ്പക്കാരന്‍ എന്തിനാണ് കൊല്ലപ്പെടുന്നത് . ആരാണ് അയാളെയും തെരുവോരങ്ങളിലെ അയാളുടെ നാടകങ്ങളേയും ഭയന്നത്? ചോദ്യങ്ങള്‍ നിരവധിയാണ്.
1954 ഏപ്രില്‍ 12 ന് അലീഗഡിലാണ് സഫ്ദര്‍ ഹാഷ്മി ജനിക്കുന്നത്. അലിഗഡിലും പിന്നീട് ഡല്‍ഹിയിലുമായി വളര്‍ന്നു. ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തില്‍ ബുരുദ പഠനത്തിന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതുമുതലാണ് സഫ്ദര്‍ എസ്എഫ്‌ഐയിലും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനിലും സജീവമാകുന്നത്.1973 ല്‍ തന്റെ പത്തൊന്‍പതാം വയസ്സില്‍ സുഹൃത്തുക്കള്‍ക്കള്‍ക്കൊപ്പം ചേര്‍ന്ന് ജനനാട്യമഞ്ചിന് സഫ്ദര്‍ ഹാഷ്മി രൂപം നല്‍കി.
ജന നാട്യമഞ്ചിന്റെ ഇടപെടലുകള്‍ ഇന്ത്യന്‍ തിയേറ്റര്‍ മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ജനം എന്ന ചുരുക്കപേരില്‍ ജന ജനനാട്യമഞ്ച് വളര്‍ന്നു തെരുവോരങ്ങളില്‍ സഫ്ദറിന്റെ ജനസംഘം ഉറക്കെ, വളരെ ഉറക്കെ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പറഞ്ഞു. അടിസ്ഥാന വര്‍ഗത്തിനൊപ്പം നിന്ന ജനം വരേണ്യ വര്‍ഗത്തെ നിശിതമായി വിമര്‍ശിനങ്ങള്‍ക്ക് വിധേയമാക്കി. തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക് നാടകങ്ങളുമായി അദ്ദേഹം സഞ്ചരിച്ചു. ഗാവോസെ ഷഹര്‍ തക്, ഹത്യാരെ & അഫറന്‍ ഭായിചാരേ കേ, ടീന്‍ ക്രോര്‍ , ഔറത്ത് , ഡിടിസി കി ധാന്ധ്‌ലി തുടങ്ങി ജന നാട്യമഞ്ചിന്റെ ഓരോ നാടകങ്ങളും വലിയ ജന പിന്തുണ നേടി.
സഫ്ദറിന്റെ നിലപാടുകളും നാടകങ്ങളും രാഷ്ട്രീയ എതിരാളികളെ അസ്വസ്ഥരാക്കി. ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കാലയളവില്‍ കൃത്രിമം നടന്നുവെന്ന് ആരോപണമുയര്‍ന്നപ്പോള്‍ കുര്‍സി കര്‍സി കുര്‍സി എന്ന പേരില്‍ സഫ്ദര്‍ നാടകം നടത്തി അധികാര വര്‍ഗത്തിന്റെ നോട്ടപ്പുള്ളിയായി. 1989 ജനുവരി ഒന്നിന് പുതുവത്സര ദിനത്തില്‍ ജനനാട്യമഞ്ച് അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാടകത്തിന് ഉത്തര്‍പ്രദേശിലെ ജന്ധാപൂരിലെ ലേബര്‍ കോളനിയില്‍ അരങ്ങൊരുക്കി.
ഹല്ലാ ബോല്‍... (ഉറക്കെ പറയു)
അതായിരുന്നു സഫ്ദര്‍ നാടകത്തിന് നല്‍കിയ പേര്. ഗാസിയാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടക്കുന്ന സമയം. മുനിസിപ്പല്‍ വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാമാനന്ദ് ഝായുടെ പ്രചരണാര്‍ത്ഥമായിരുന്നു സഫ്ദര്‍ ഹാഷ്മിയും ജനനാട്യമഞ്ചും 'ഹല്ല ബോല്‍' എന്ന അവരുടെ തെരുവ് നാടകം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന മുകേഷ് ശര്‍മ്മക്കെതിരെയായിരുന്നു രാമാനന്ദ് ഝാ മത്സരിച്ചത്.
സഫ്ദറും കൂട്ടുകാരും അവരുടെ ഹല്ലാ ഭോല്‍ എന്ന നാടകം തുടങ്ങി, നിമിഷങ്ങള്‍ക്കകം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മുകേഷ് ശര്‍മ്മയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന പ്രകടനം നാടകം അരങ്ങേറുന്ന തെരുവിലേയ്ക്ക് പ്രവേശിച്ചു. പ്രകടനം കടന്നു പോകണമെന്ന ആവശ്യവുമായി വന്ന കോണ്‍ഗ്രസുകാരോട് കാത്തിരിക്കാനോ മറ്റൊരു വഴി സ്വീകരിക്കാനോ സഫ്ദര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇരുമ്പുവടികളും തോക്കുകളും ഉപയോഗിച്ചാണ് കോണ്‍ഗ്രസുകാരായ ഒരു കൂട്ടം പേര്‍ സംഘത്തെയും സദസ്സിനെയും ആക്രമിച്ചത്. നേപ്പാളി കുടിയേറ്റ തൊഴിലാളിയും പ്രദേശവാസിയുമായ രാം ബഹാദൂര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. സഫ്ദറിന് ഗുരുതരമായി പരിക്കേറ്റു.
കുത്തേറ്റുവീണ ആ ധീരവിപ്ലവകാരി 1989 രണ്ടാം തീയതി മരണത്തിന് കീഴടങ്ങി. അടുത്ത ദിവസം സഫ്ദറിന്റെ പങ്കാളി മൊലോയാശ്രീ, സഫ്ദറിന് മുഴുമിപ്പിക്കാന്‍ കഴിയാതെ പോയ ഹല്ലാഭോല്‍ അതേ തെരുവില്‍ വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി അഭിനയിച്ച് തീര്‍ത്തു.
സഫ്ദര്‍ ഹാഷ്മിയെ കൊലപ്പെടുത്തിയ കേസില്‍ 2003ല്‍ മുകേഷ് ശര്‍മ്മയടക്കം ഒന്‍പത് കോണ്‍ഗ്രസ്സുകാര്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.
(തെരുവു നാടകങ്ങളിലൂടെ ലോകത്തിന്റെ വേദന പകര്‍ന്ന, നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്‍കിയ മകന്‍ സഫ്ദര്‍ ഹാഷ്മിയുടെ രക്തസാക്ഷിത്വത്തില്‍ അമ്മ ഖമര്‍ ആസാദ് ഹാഷ്മി ഇങ്ങനെയെഴുതി നിന്റെ പേരും, നിന്റെ പ്രവര്‍ത്തികളും, ജനങ്ങളോട് നീ കാണിച്ച പ്രതിബദ്ധതയും ഒരിക്കലും വിസ്മൃതിയിലേക്ക് മറയപ്പെടില്ല. അന്ന് നീ കാണിച്ച നിര്‍ഭയത്വവും ഇന്ന് ഒരുപാട് കരങ്ങള്‍ക്ക് ബലമേകുന്നു. നിന്റെ സ്നേഹത്താല്‍ ആവരണം ചെയ്യപ്പെടുന്നത് കൊണ്ട് ഇപ്പോഴും എപ്പോഴും ഞങ്ങള്‍ക്ക് പ്രതീക്ഷ കൈവിടാനാവില്ല. നിന്റെ ഭൗതിക സാന്നിധ്യം ഞങ്ങളില്‍ നിന്നകന്നെങ്കിലും നിന്റെ തമാശകളും ചിരിയും പാട്ടുകളും ഞങ്ങളുടെ കണ്ഠനാളങ്ങളില്‍ നിന്നുയരും. വിപ്ലവത്തിലേക്കുള്ള പുതിയ പാതകളെ നേരിടുമ്പോള്‍ അവ ഞങ്ങള്‍ക്ക് താങ്ങും തണലുമേല്‍കും. പ്രിയ സഖാവേ നിനക്ക് വിട.)