മനുസ്മൃതി ചുട്ടെരിച്ച ഡിസംബര്‍ 25
"ഞാന്‍ ചാതുര്‍ വര്‍ണ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നില്ല ജാതീയതയും തൊട്ടുകൂടായ്മയും ഹിന്ദുത്വത്തിന് മുകളില്‍ വീണ ശാപം ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു ഈ ശാപം ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ്" ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അംബേദ്ക്കര്‍ ജാതീയക്കെതിരെ തുറന്ന യുദ്ധം ആരംഭിച്ചത് .
1927 ല്‍, ഡിസംബര്‍ 25 ന് മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ തീരദേശ പട്ടണമായ മഹദില്‍ ഒത്തുകൂടിയ ജനങ്ങള്‍ക്കിടയില്‍ വച്ച് ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയെ അടക്കി വാഴുന്ന ജാതീയതയെ തുരത്താനുള്ള മുന്നേറ്റത്തിന് അബേദ്ക്കറും അനുയായികളും തുടക്കമിടുകയായിരുന്നു.ഒരു വലിയ ജനതയെ സാക്ഷിയാക്കി ഹൈന്ദവ നിയമങ്ങള്‍ക്ക് അടിസ്ഥാനമായ മനുസ്മൃതി ചുട്ടെരിച്ചു. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിയെ അടക്കി വാഴുന്ന ജാതീയതയെ തുരത്താനുള്ള ഒരു സാമൂഹിക മുന്നേറ്റത്തിന്റെ ആരംഭം കുറിക്കലായിരുന്നു ആ സംഭവം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും 20 വര്‍ഷം മുന്‍പ്, 1927 ലാണ് പിന്നോക്ക സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് മഹദ് സത്യാഗ്രഹത്തിന് അംബേദ്കര്‍ തുടക്കം കുറിക്കുന്നത്. മനുഷ്യരായി പോലും പരിഗണിക്കാത്ത ദളിത് സമൂഹത്തിന് സാമൂഹിവും രാഷ്ട്രീയവുമായ എല്ലാ അവകാശങ്ങള്‍ക്കും വേണ്ടി ഉള്ള സമരം ആയിരുന്നു മഹദ് സത്യാഗ്രഹം. പൊതുകിണര്‍ ഉപയോഗിക്കാനോ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ സാധിക്കാത്ത ഒരു ജനതയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടമായി ചരിത്രം ആ ദിവസത്തെ അടയാളപ്പെടുത്തി.
ബ്രിട്ടീഷ് ഭരണകൂടം ഇടപെട്ട് ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനാനുമതിയും പൊതു കിണര്‍ ഉപയോഗിക്കാനുള്ള അവകാശവും നല്‍കിയിരുന്നിട്ടും അതിന് വഴങ്ങാതിരുന്ന ഒരു സവര്‍ണ്ണ സമൂഹം ഇവിടെ നിലനിന്നിരുന്നു. കളക്ടറുടെ ഓര്‍ഡറിന് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി അവര്‍ ഈ മുന്നേറ്റത്തെ പ്രതിരോധിച്ചു.
അംബേദ്കറുടെ നേതൃത്വത്തില്‍ ദളിത് സമൂഹമടക്കം അണിനിരന്ന മഹദ് സത്യാഗ്രഹത്തെ ഭയന്നിരുന്ന സവര്‍ണ വിഭാഗക്കാര്‍ പലതരത്തില്‍ വഴിമുടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനെയെല്ലാം മറികടന്നാണ് ആ മുന്നേറ്റം മഹാരാഷ്ട്രയുടെ മണ്ണില്‍ അരങ്ങേറിയത്.
അംബേദ്കര്‍ക്കൊപ്പം മഹദില്‍ ഒത്തുകൂടിയ ജനക്കൂട്ടം ജാതീയതക്കെതിരെ പോരാടാന്‍ പ്രതിജ്ഞ ചെയ്തു. പിന്നാലെ ജനക്കൂട്ടത്തിന് നടുവിലായി ഒരുക്കിയ ചിതയിലേക്ക് മനുസ്മൃതിയെന്ന പ്രാചീന ഗ്രന്ഥം വലിച്ചെറിഞ്ഞു. ഇന്ത്യന്‍ ജാതി വ്യവസ്ഥ ഊട്ടിയുറപ്പിക്കാന്‍ കാരണമായ ആ പുസ്തകത്തെ തീ വിഴുങ്ങുന്നത് അവര്‍ ആസ്വദിച്ചു.
ജാതീയത തുലയട്ടെ എന്നും ബ്രാഹ്‌മണ മേധാവിത്വം ഇല്ലാതാകട്ടെയെന്നും തൊട്ടുകൂടായ്മ നശിക്കട്ടെയെന്നും ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി. മനുസ്മൃതിയുടെ ശ്മശാനം എന്ന ബാനറുകള്‍ അവിടെ ഉയര്‍ന്നു.
പ്രാചീന ഇന്ത്യയിലെ ധര്‍മ്മശാസ്ത്രമായാണ് മനുസമൃതി അറിയപ്പെടുന്നത്. മാനവ ധര്‍മ്മശാസ്ത്രം എന്നാണ് മനുസ്മൃതിയുടെ യഥാര്‍ത്ഥ നാമം. രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിൽ രചിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. ബ്രാഹ്‌മണ്യത്തിന് കീഴിൽ ജനങ്ങള്‍ ജീവിക്കേണ്ട സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുള്ള നിയമ പുസ്തകം കൂടിയാണ് മനുസ്മൃതി. ഈ കാലഘട്ടത്തിലും കരടായി അവശേഷിക്കുന്ന ജാതിയതയുടെ അടിവേരുകള്‍ ഈ പുസ്തകത്തിലാണ് പരാമര്‍ശിക്കപ്പെടുന്നത്.
ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യർ,ശൂദ്രര്‍ എന്നിങ്ങനെ ജനങ്ങളെ തരംതിരിച്ച് ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്ക് ആധാരമായ ഗ്രന്ഥമാണ് മനുസ്മൃതി . 12 അധ്യായങ്ങള്‍ ആയി രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ അഞ്ചാം അധ്യായത്തില്‍ സ്ത്രീകള്‍ എങ്ങനെ ജീവിക്കണം എന്നും വ്യക്തമാക്കുന്നുണ്ട്. ബാല്യകാലം പിതാവിന്റെയും യൗവനത്തില്‍ ഭര്‍ത്താവിന്റെയും വാർദ്ധക്യത്തിൽ മകന്റെയും കീഴിൽ ജീവിക്കേണ്ടവളാണ് സ്ത്രീ എന്നാണ് മനുസ്മതി അടയാളപ്പെടുത്തിയത്.
ഇങ്ങനെയൊരു പുസ്തകം കത്തിച്ചു കളയേണ്ടത് തന്നെയാണെന്ന് ഡോക്ടര്‍ അംബേദ്കറിനു തോന്നിയിട്ടുണ്ടാകും. ഏതൊരു ഇന്ത്യന്‍ പൗരനും ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന, ജാതി മത വര്‍ഗ ലിംഗഭേദമന്യേ എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയാണ് അദ്ദേഹം ഇന്ത്യൻ ജനതയ്ക്ക് തിരിച്ചു നൽകിയ്ത്. എന്നാല്‍ മനുസ്മൃതിക്കാധാരമായാണ് ഇന്ത്യന്‍ ഭരണഘടന രചിക്കേണ്ടതെന്നായിരുന്നു സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ പല ഹിന്ദു സംഘടനകളുടേയും ആവശ്യം .
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി അബേദ്ക്കര്‍ കത്തിച്ചു കളഞ്ഞ മനുസ്മൃതിക്ക് ഇന്നും ചിതയൊരുക്കാന്‍ തയ്യാറാവാത്ത ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്.1927 ഡിസംബര്‍ 25ന് അബേദ്ക്കര്‍ കത്തിച്ചു കളഞ്ഞ പുസ്തകം ഇന്നും പലരുടെയും മനസ്സില്‍ അടിയുറച്ചു കിടക്കുന്നുണ്ട്.
ദുരഭിമാന കൊലപാതകവും ആള്‍ക്കൂട്ട കൊലപാതകവും ജാതിയുടെ പേരില്‍ നടക്കുന്ന സമൂഹത്തിലാണ് നാമോരോരുത്തരും ഇപ്പോഴും ജീവിക്കുന്നത്.സമകാലിക കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന കെ ആര്‍ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാടമ്പിത്തരവും ആരോഗ്യ സര്‍വകലാശാലയിലെ അവകാശ സമരങ്ങളും നമ്മളോട് സംസാരിക്കുന്നതും മനു സ്മൃതിയുടെ സത്തയാണ്.