അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം; കൽപന ചൗള
ഓര്‍മയായിട്ട് 20 വര്‍ഷം

അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം; കൽപന ചൗള ഓര്‍മയായിട്ട് 20 വര്‍ഷം

ബഹിരാകാശ പഠനത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു കല്പനയ്ക്ക്
Updated on
2 min read

2003 ഫെബ്രുവരി ഒന്ന്, രാവിലെ ഒൻപത് മണിയോടെ നടുക്കുന്ന ആ വാർത്തയെത്തി. എസ് ടി എസ് 107 കൊളംബിയ തകർന്നുവീണു. കൽപന ചൗളയുൾപ്പെടെ ഏഴ് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. പതിനേഴ് ദിവസം നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം, 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊളംബിയ എന്ന ബഹിരാകാശപേടകം ടെക്‌സസിന്റെ ആകാശത്ത് ഒരു അഗ്‌നിഗോളമായി മാറി. റിക് ഹസ്‌ബന്റ്, വില്യം മക്‌കൂൽ, മൈക്കൽ ആന്റേർസൺ, കൽപന ചൗള, ഡേവിഡ് ബ്രൗൺ, ലോറൽ ക്ലാർക്, ഇലൻ രമോൻ എന്നീ ഏഴ് പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. 

ബഹിരാകാശ യാത്രകളില്‍ അനുഭവപ്പെടുന്ന ഭാരമില്ലയ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു എസ് ടി എസ് 107 കൊളംബിയ എന്ന ബഹിരാകാശ പേടകത്തിന്റെ ലക്ഷ്യം. വിക്ഷേപണ സമയത്ത് തന്നെ ഉണ്ടായ ചില പിഴവുകളായിരുന്നു ദാരുണമായ ആ ദുരന്തത്തിന് കാരണമായത്. രണ്ട് വര്‍ഷങ്ങളുടെ തയ്യാറെടുപ്പോടെ 2001 ജനുവരി 16നാണ് കൊളംബിയ വിക്ഷേപിച്ചത്. ആദ്യ എണ്‍പത് സെക്കന്‍ഡുകളില്‍ എല്ലാം കൃത്യമായി തന്നെ നടന്നു. എന്നാല്‍ അതിനുശേഷം മുകളിലേക്ക് കുതിച്ച വാഹനത്തിന്റെ ഇന്ധന ടാങ്കിനെ പൊതിഞ്ഞ പാളിയില്‍ നിന്ന് ഒരു ചെറിയ കഷണം അടര്‍ന്നുതെറിച്ച് വാഹനത്തിന്റെ ഇടത്തേ ചിറകില്‍ വന്നിടിച്ചു. ഈ പിഴവിനെ നാസ അവഗണിച്ചതാണ് ലോകത്തെ ഞെട്ടിച്ച വന്‍ ദുരന്തത്തിലേക്ക് വഴിതെളിച്ചത്.

ആകാശ കൗതുകങ്ങളോടുള്ള അടങ്ങാത്ത ആവേശം

ആകാശ കൗതുകങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് ആൺകുട്ടികളുടെ മാത്രം കുത്തകയായിരുന്ന എയറോനോട്ടിക്കൽ എഞ്ചിനീയറിങിൽ ബിരുദമെടുക്കാൻ കൽപനയെ പ്രേരിപ്പിച്ചത്. ബഹിരാകാശ പഠനത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു കല്പനയ്ക്ക്. 1962 മാര്‍ച്ച് 17ന് ഹരിയാനയിലെ കർണാലിൽ ജനിച്ച കല്പന പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ കൽപന എൺപതുകളിൽ അമേരിക്കൻ പൗരത്വം നേടി. 1988ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും. ആ വര്‍ഷം തന്നെ നാസയുടെ കാലിഫോര്‍ണിയയിലുള്ള ഗവേഷണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. അപ്പോഴേക്കും എല്ലാത്തരം വിമാനങ്ങളും പറത്താന്‍ കല്‍പന വൈദഗ്ദ്ധ്യം നേടിയിരുന്നു.

1996ലാണ് നാസ കല്‍പനയെ ബഹിരാകാശ യാത്രാ സംഘത്തില്‍ അംഗമാക്കുന്നത്. നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായായിരുന്നു കല്‍പനയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ പേടകത്തില്‍ 1981ലാണ് കൊളംബിയ ദൗത്യത്തിന്റെ ആദ്യ പറക്കല്‍ സംഭവിച്ചത്. 1997 നവംബര്‍ 19ന് അഞ്ച് സഹഗവേഷകര്‍ക്കൊപ്പം കല്പന ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. ബഹിരാകാശതെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറി. ആ ദൗത്യത്തില്‍ അവര്‍ മിഷന്‍ സ്പെഷ്യലിസ്റ്റായും പ്രൈമറി റോബോട്ടിക് ഓപ്പറേറ്ററായുമായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്. ദുരന്തത്തില്‍ കലാശിച്ച കല്‍പനയുടെ ബഹിരാകാശത്തേക്കുള്ള രണ്ടാമത്തെയും അവസാനത്തെയും യാത്ര എസ്ടിഎസ് 107ലായിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്.

ചന്ദ്രനില്‍ എത്തണമെന്ന തന്റെ സ്വപ്നങ്ങളെല്ലാം ബാക്കിവച്ചാണ് രണ്ടാം ദൗത്യത്തില്‍ കല്പന വിടപറഞ്ഞത്. പിന്നീട് നിരവധി മരണാനന്തര ബഹുമതികളാണ് കല്പനയെ തേടിയെത്തിയത്. നാസ കല്‍പന ചൗളയോടുള്ള ആദരസൂചകമായി ഒരു ബഹിരാകാശ വാഹനത്തിന് അവരുടെ പേരു നല്‍കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in