സെപ്റ്റംബര്‍ 11- അമേരിക്കൻ സഹായത്തോടെ ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാൽവദോർ അലെൻഡെയെ കൊലപ്പെടുത്തിയ ദിവസം

സെപ്റ്റംബര്‍ 11- അമേരിക്കൻ സഹായത്തോടെ ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാൽവദോർ അലെൻഡെയെ കൊലപ്പെടുത്തിയ ദിവസം

ലാറ്റിനമേരിക്കയിലെ ഇടതുസർക്കാറിനെ അമേരിക്ക അട്ടിമറിച്ച ദിവസമാണ് സെപ്റ്റംബർ 11. അതിന്റെ 50-ാം വാർഷികമാണിന്ന്
Updated on
2 min read

ചിലിയെ സംബന്ധിച്ചും പ്രധാനമാണ് സെപ്റ്റംബര്‍ 11. അമേരിക്കയ്ക്ക്തിരെ ഭീകരാക്രമണം നടന്നുവെന്നതാണ് ഇന്ന് സെപ്റ്റംബര്‍ 11 ഓര്‍ക്കപ്പെടാന്‍ കാരണം. എന്നാല്‍ അതിനും 30 വര്‍ഷം മുൻപ് മറ്റൊരു സെപ്റ്റ്ംബര്‍ 11 ഉണ്ടായിരുന്നു. അന്നായിരുന്നു അമേരിക്കന്‍ സാമ്രാജ്യത്വം ചിലിയിലെ തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് സര്‍ക്കാരിനെ സൈനികമായി അട്ടിമറിച്ചത്. സാല്‍വദോര്‍ അലെന്‍ഡെയെ കൊലപ്പെടുത്തിയത്.

ചിലിയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് സര്ക്കാരിനെ അട്ടിമറിച്ചതിന്റെ 50-ാം വാര്‍ഷികം വലിയ പ്രകടനങ്ങളോടെയാണ് ആചരിച്ചത്. സോഷ്യലിസ്റ്റ് പ്രസിഡന്റ് ഗാബ്രിയല്‍ ബോറിക്കിന്റെ നേതൃത്വത്തില്‍ ആയിരങ്ങളാണ് അമേരിക്കന്‍ പാവ സര്‍ക്കാരിന്റെ കൂട്ടക്കൊലയ്ക്ക് വിധേയരായ ആയിരങ്ങളെ അനുസ്മരിച്ച് പ്രകടനം നടത്തിയത്.

സ്വകാര്യവത്കരണത്തിനെതിരെ നടപടി കര്‍ശനമാക്കി. വലതുപക്ഷ സര്‍ക്കാര്‍ തുറങ്കിലിടച്ച രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. ഇങ്ങനെ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടക്കുമ്പോഴാണ് അമേരിക്ക സാല്‍വദോര്‍ അലെൻഡെയെന്ന മാര്‍കിസ്റ്റിനെ അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചത്

ലാറ്റിന്‍ അമേരിക്കയിലെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സോഷ്യലിസ്റ്റ് സര്‍ക്കാരായിരുന്നു സാല്‍വദോര്‍ അലെൻഡെയുടേത്. മാര്‍ക്‌സിസ്റ്റ് എന്ന് വിശേഷിപ്പിച്ച അലെൻഡെ അമേരിക്കന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക രാഷ്ട്രീയ സമീപനങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. സ്വകാര്യവത്ക രണത്തിന് എതിരായ സമീപനവും വ്യാപകമായി നടപ്പിലാക്കിയ ദേശസാല്‍ക്കരണവും അമേരിക്കയുടെ മൂലധന താത്പര്യങ്ങളെ ബാധിച്ചു. 1970ല്‍ അലൻഡെയും അദ്ദേഹത്തിന്റെ പോപ്പുലര്‍ യൂണിറ്റി എന്ന പാര്‍ട്ടിയും വിജയിച്ചത് ചിലിയില്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കിയത്. അവിടുത്ത ഖനികളില്‍ അമേരിക്കന്‍ മൂലധനത്തിന്റെ ആധിപത്യമായിരുന്നു. അലെൻഡെ അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഇതിലൊക്കെ മാറ്റമുണ്ടായി. സ്വകാര്യവത്കരണത്തിനെതിരെ നടപടി കര്‍ശനമാക്കി. വലതുപക്ഷ സര്‍ക്കാര്‍ തുറങ്കിലിടച്ച രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. ഇങ്ങനെ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടക്കുമ്പോഴാണ് അമേരിക്ക സാല്‍വദോര്‍ അലെൻഡെയെന്ന മാര്‍കിസ്റ്റിനെ, വിഖ്യാത കവി പാബ്ലോ നെരുദയുടെ സുഹൃത്തിന്റെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചത്. ആദ്യം പട്ടാള ജനറല്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് അമേരിക്കന്‍ ഇടപെടല്‍ വിജയം കണ്ടു. 1973 ല്‍ അലെൻഡെയെ വീട്ടുതടങ്കലിലാക്കി വധിച്ചു. 30,000 ത്തോളം ആളുകളാണ് ആ ദിവസങ്ങളില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്.

അട്ടിമറിയെ തുടര്‍ന്ന് അമേരിക്കന്‍ പിന്തുണയോടെ സൈനികത്തലവനായിരുന്ന അഗസ്റ്റോ പിനോഷെ അധികാരം പിടിച്ചെടുത്തു. ചിലിയില്‍ പിന്നീട് നടന്നത് അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണമായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇക്കാലത്ത് ചിലിയില്‍ അരങ്ങേറിയത്. പീഡനം, കൊലപാതകം, ഏകപക്ഷീയമായ അറസ്റ്റുകള്‍, തുടങ്ങി കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ചിലി സാക്ഷിയായി. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പതിനായിരത്തിനും മുപ്പത്തിനായിരത്തിനുമിടക്ക് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമര്‍ത്താനായി ഇടതു പക്ഷ ചിന്താഗതിക്കാരെയെല്ലാം പിനോഷെ കൊന്നു കളഞ്ഞു.

ചിലിയെ തകര്‍ക്കാന്‍ നിക്‌സണ്‍ കിസ്സിഞ്ചര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെയും അലന്‍ഡെയുടെ സ്വാധീനം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും നിര്‍ദേശങ്ങളായി നല്‍കിയതിന്റെ വിവരങ്ങള്‍ ലോകം അറിഞ്ഞു

എന്തായിരുന്നു അമേരിക്കയ്ക്ക് ചിലിയുമായുണ്ടായിരുന്ന പ്രശ്നം? എല്ലാ സോഷ്യലിസ്റ്റ് ആശയങ്ങളോടുമുള്ള പ്രശ്നം തന്നെ. ലാറ്റിനമേരിക്കയില്‍ ക്യൂബയ്ക്ക് പുറമെ ചിലി കൂടി സോഷ്യലിസറ്റ് സമീപനങ്ങളുമായി മുന്നോട്ടുപോയാല്‍ അത് അമേരിക്കയുടെയും അമേരിക്കന്‍ കമ്പനികളുടെയും താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കും. തിരഞ്ഞെടുപ്പില്‍ അലെൻഡെയുടെ നേതൃത്വത്തിലുള്ള മുന്നണിയെ തോല്‍പ്പിക്കാന്‍ അമേരിക്ക വന്‍ തോതില്‍ പണം ഇറക്കി. അതൊക്കെ മറികടന്നാണ് സോഷ്യലിസ്റ്റ് സഖ്യം അധികാരത്തിലെത്തിയത്. അലെന്‍ഡെയെ അട്ടിമറിക്കാന്‍ പ്രസിഡന്റ് നിക്‌സനും അദ്ദേഹത്തിന്റെ ഉപദേശകന്‍ ഹെന്റി കിസ്സിഞ്ചറും തീരുമാനിച്ചു. കിസ്സിഞ്ചറുടെ നേതൃത്വത്തില്‍ ഒരു സംഘം രൂപികരിക്കപ്പെട്ടു. അമേരിക്ക ഏത് രീതിയിലാണ് ചിലിയില്‍ ഇടപെട്ട് സര്‍ക്കാരിനെ അട്ടിമറിച്ചത് എന്നതിന്റെ രേഖകളില്‍ ചിലത് ബില്‍ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെ പുറത്തുവിട്ടു. ചിലിയെ തകര്‍ക്കാന്‍ നിക്‌സണ്‍ കിസ്സിഞ്ചര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെയും അലന്‍ഡെയുടെ സ്വാധീനം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും നിര്‍ദേശങ്ങളായി നല്‍കിയതിന്റെ വിവരങ്ങള്‍ ലോകം അറിഞ്ഞു.

ലോകത്തെ നവ ഉദാരവത്കരണത്തിന്റെ തുടക്കം അട്ടിമറിക്ക് ശേഷം ചിലിയിലായിരുന്നു അരങ്ങേറിയത്. പിനോഷ നിയോ ലിബറിലസത്തിന് ചിലിയില്‍ ആരംഭം കുറിച്ചു. പിന്നീട് ലോകബാങ്ക്, ഐഎംഎഫ്, വന്‍കിട രാജ്യങ്ങള്‍ എന്നിവയുടെ സമ്മര്‍ദ്ദഫലമായി ലോകത്തെ മിക്ക അവികസിത വികസ്വര രാജ്യങ്ങളും നിയോ ലിബറല്‍ നയങ്ങളിലേക്ക് മാറി. അസമത്വം വര്‍ധിച്ചു. ഇപ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. മറ്റൊരു തരത്തില്‍. ഗാബ്രിയല്‍ ബോറിക് എന്ന ഇടതുപക്ഷക്കാരൻ പ്രസിഡന്റ് നവ ഉദാരവത്കരണം ആരംഭിച്ച ചിലിയില്‍ അതിന്റെ ശവമടക്കവും നടക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അലെന്‍ഡെയെ ഓര്‍ക്കാന്‍ പറ്റിയ കാലമാണ് ബോറിക്കിന്റെത്. അതുകൊണ്ട് തന്നെ അമേരിക്ക നടത്തിയ പട്ടാള അട്ടിമറിയും ഓര്‍ത്തെടുക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in