ഇന്ന് ജനുവരി 30, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചരമദിനം. 1948ലെ ഇതുപോലൊരു ജനുവരി 30നാണ് ജീവിതം തന്നെ സന്ദേശമാക്കിയ മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന 78 കാരൻ ദാരുണമായി കൊല്ലപ്പെടുന്നത്. ബിർളാ മന്ദിരത്തിൽ വൈകുന്നേരം 5 മണിക്കുള്ള പ്രാർഥനാ യോഗത്തിലേക്ക് ഗാന്ധി അൽപം വൈകിയാണ് പുറപ്പെട്ടത്. സർദാർ വല്ലഭായി പട്ടേലുമായുള്ള സംഭാഷണം നീണ്ടുപോയതാണ് കാരണം.
സാവധാനം നടന്നു നീങ്ങിയ ഗാന്ധിയുടെ മുന്നിലേക്ക് നിർമൽ ചന്ദ്ര ചാറ്റർജിയുടെ ഹിന്ദു മഹാസഭയിൽ അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്സെ കടന്നുവന്നു. വണങ്ങാനെന്നവണ്ണം കുനിഞ്ഞ് നിവർന്ന ഗോഡ്സെ തൻ്റെ കയ്യിലുണ്ടായിരുന്ന തോക്കിൽ കാഞ്ചിയമർത്തി. ഇറ്റാലിയൻ നിർമിത ബെരെറ്റ പിസ്റ്റലിൽ നിന്ന് പാഞ്ഞ മൂന്ന് വെടിയുണ്ടകൾ ഗാന്ധിജിയുടെ ജീവനെടുത്തു. ബ്രിട്ടീഷ് രാജിനെതിരെ നിരന്തരം കലഹിച്ചു കൊണ്ടിരുന്ന ആ ശബ്ദം എന്നന്നേക്കുമായി നിലച്ചു.
ഗാന്ധിയുടെ പ്രാധാന്യം വരച്ചുകാട്ടുന്ന കാരണങ്ങൾ ഏറെയാണ്. തന്റെ രാജ്യത്തെയും സംസ്കാരത്തെയും അകമഴിഞ്ഞ് സ്നേഹിച്ച അദ്ദേഹം പ്രശ്നങ്ങൾ തിരിച്ചറിയുകയും അവ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചരിത്രകാരനായ സുനിൽ ഖിൽനാനി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഗാന്ധിജി ബ്രിട്ടീഷുകാരോട് മാത്രമല്ല ഇന്ത്യയോടും തന്റെ പോരാട്ടം നടത്തുകയായിരുന്നു എന്ന്. അസമത്വം നിറഞ്ഞ ഒരു സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തൊട്ടുകൂടായ്മയ്ക്കെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തിനുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടം തന്നെ ഇതിന് ഉദാഹരണമാണ്.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കാൻ വിസമ്മതിച്ച വ്യക്തിയാണ് ഗാന്ധിജി. ജാതി എന്ന ആശയം ഹിന്ദുക്കളെ വിഭജിച്ചപ്പോൾ ഇന്ത്യയെ വിഭജിച്ചത് മതമാണ്. ഹിന്ദു-മുസ്ലിം ഐക്യം മുന്നോട്ട് കൊണ്ടുപോകുക എന്നത് ഗാന്ധിജിയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. അതിനുവേണ്ടി ജീവിച്ച അദ്ദേഹം ഒടുവിൽ അതേകാരണത്താൽ തന്നെ കൊല്ലപ്പെട്ടു. ഗുജറാത്തി സംസ്കാരത്തിൽ വളർന്ന അദ്ദേഹം ഒരിക്കലും ഒരു സങ്കുചിത ചിന്താഗതിക്കാരനായിരുന്നില്ല. തന്റേതല്ലാത്ത മതത്തിലെ ആളുകളോടും, ഭാഷയോടും ഒക്കെ പ്രത്യേക ഇഷ്ടം പുലർത്തിയിരുന്ന ആളായിരുന്നു ഗാന്ധി. വർഷങ്ങൾ കടന്നുപോകും തോറും ഇന്ത്യയിലെ മതപരവും ഭാഷാപരവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് വളർന്നുകൊണ്ടേയിരുന്നു.
ഗാന്ധിയുടെ ഓർമ്മകൾ ഇന്ത്യയുടെ ആത്മാവിൽ ഇന്നും ജ്വലിച്ച് നിൽക്കുന്നു. ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ വരും തലമുറ വിശ്വസിക്കില്ല എന്ന് വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. മാർട്ടിൻ ലൂതർ കിങ് മുതൽ ബരാക് ഒബാമയെ വരെ സ്വാധീനിച്ച വ്യക്തിയാണ് ഗാന്ധിജി. ഇന്ത്യയുടെ പൗരാണിക മൂല്യങ്ങളിൽ ഉറച്ച് നിന്നുകൊണ്ട് അഹിംസയിലൂടെയും സ്വാതന്ത്ര്യം നേടാമെന്ന തത്വമായിരുന്നു മഹാത്മാ ഗാന്ധി സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ ആശയങ്ങളും സന്ദേശങ്ങളും മുൻപത്തേതിനേക്കാൾ പ്രാധാന്യം അർഹിക്കുന്നതും ഈ കാലഘട്ടത്തിലാണ്.