ശ്രീനാരായണ ഗുരു- രവീന്ദ്രനാഥ ടാഗോര്‍ കൂടിക്കാഴ്ച: ചരിത്ര സംഗമത്തിന് ഇന്ന് നൂറ് വയസ്സ്
ഒരു മനുഷ്യന്റെ മഹത്വം എങ്ങനെയാവും തീരുമാനിക്കപ്പെടുക? പല മാനദണ്ഡങ്ങള്‍ കാണും. ഒരു ജനതയെ ആത്മാഭിമാനത്തിലേക്ക് ഉയര്‍ത്തുകയും പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ ജനതയുടെ ചിന്തകളില്‍ എപ്പോഴും ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന വ്യക്തിയെ മഹാനാണെന്ന് ഉറപ്പായും പറയാം. അത്തരത്തില്‍ നമ്മുടെ നാട്ടില്‍ ഉണ്ടായ ഏറ്റവും മഹാനായ മനുഷ്യന്‍ ശ്രീനാരായണ ഗുരുവാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. എല്ലാതരം വിഭജനങ്ങള്‍ക്കുമെതിരെ നിലകൊണ്ട മഹാമനുഷ്യന്‍ വിദ്യ കൊണ്ട് ശക്തരാകാനും, മനുഷ്യന് ഒരു ജാതിയും മതവും മതിയെന്നും പറഞ്ഞ ഗുരു. ശ്രീനാരായണഗുരുവിനെ ഇന്ത്യയിലുള്ള പല മഹാമനുഷ്യരും അദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ദര്‍ശിച്ചിരുന്നു. അതിലൊരാളായിരുന്നു രബീന്ദ്രനാഥ ടാഗോര്‍. ദേശീയത പോലും സങ്കുചിത്വ ബോധമാണെന്ന് പറഞ്ഞ മഹാമനുഷ്യന്‍. അങ്ങനെ രണ്ട് മഹാഗുരുക്കളുടെ സംഗമം നടന്നിട്ട് ഇന്ന് നൂറ് വര്‍ഷം തികയുന്നു.
ശിവഗിരിയില്‍ 1922 നവംബര്‍ 15നായിരുന്നു ആ കൂടിക്കാഴ്ച. വര്‍ക്കലയില്‍വെച്ച് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച നാട് അപ്പോഴേക്കും ഏറെ മാറിയിരുന്നു. അതിന് നാരായണഗുരു വഹിച്ച പങ്ക് നിസ്തുലവുമായിരുന്നു. 'അധകൃത ജനതയെ ഉദ്ധരിക്കാന്‍ അങ്ങ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പറഞ്ഞായിരുന്നു ടാഗോര്‍ സംഭാഷണം തുടങ്ങിയതെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് തയ്യാറാക്കിയ ചില ലേഖനങ്ങളില്‍ പറയുന്നു. അതിന് നാം ഒന്നും ചെയ്യുന്നില്ലല്ലോ എന്ന മറുപടിയാണത്രെ ഗുരു നല്‍കിയത്. വിശ്വഭാരതി സര്‍വകലാശാലയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു മഹാകവി. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയത്. നവംബര്‍ ഒമ്പത് 1922ന് തിരുവനന്തപുരത്തെത്തിയ ടാഗോറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. തിരുവനന്തപുരത്തെത്തിയ മഹാകവി ഗുരുവിന്റെ ശിഷ്യനായ ഡോ. പല്‍പ്പുവിന്റെ ക്ഷണമനുസരിച്ചാണ് വര്‍ക്കലയിലെത്തിയത്. വര്‍ക്കലയിലും ടാഗോറിന് വലിയ സ്വീകരണമായിരുന്നു നല്‍കിയത്.
ഇംഗ്ലീഷിലുളള ടാഗോറിന്റെ സംഭാഷണം പല്‍പ്പു ഗുരുവിന് മലയാളത്തില്‍ വിശദീകരിച്ചു കൊടുത്തു. ടാഗോറിനൊപ്പം അദ്ദേഹത്തിന്റെ മകനും മഹാകവിയുടെ സെക്രട്ടറിയായികൂടി പ്രവര്‍ത്തിച്ച സി എഫ് ആന്‍ഡ്രൂസും കൂടെയുണ്ടായിരുന്നു. സംഭാഷണത്തില്‍ കവി കുമാരാനാശനും പങ്കാളിയായി. ഒടുവില്‍ പോകുമ്പോള്‍ ടാഗോര്‍ സന്ദര്‍ശക ഡയറിയില്‍ ഇങ്ങനെ എഴുതി..
''ലോകത്തിന്റെ നാനാഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ യാത്രയ്ക്കിടയില്‍ ധാരാളം മഹര്‍ഷിമാരെയും പുണ്യാത്മാക്കളെയും കണ്ടുമുട്ടാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ശ്രീ നാരായണ ഗുരുവിനെക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന് തുല്യനായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖതേജസ്സും എനിയ്ക്ക് ഒരു കാലവും വിസ്മരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്'.