നവംബര്‍ ഏഴ്; ദലിത് നായികയെ സവര്‍ണ കേരളം 'നാടുകടത്തിയ' ദിനം

മലയാളത്തിലെ ആദ്യ ചലച്ചിത്രം വിഗതകുമാരന്‍ പുറത്തിറങ്ങിയ ദിനമാണിന്ന്

1928ലെ നവംബര്‍ മാസം തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപേര്‍ ക്യാപ്പിറ്റോള്‍ തിയേറ്ററിലേക്കെത്തുന്നു. പറഞ്ഞു കേട്ട അറിവ് മാത്രമുള്ള സിനിമ എന്ന അനുഭവത്തിനായി അവര്‍ ആകാംക്ഷാഭരിതരാകുന്നു. മലയാളക്കരയില്‍ ആദ്യമായി വെള്ളിത്തിര വിരിയുന്ന ദിവസം. തിരശീലയില്‍ തന്റെ പേരെഴുതികണ്ട ഒരു ചെറുപ്പക്കാരന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുന്നു. മലയാള സിനിമയെന്ന സ്വപ്നത്തിലേക്ക് അയാള്‍ നടന്നടുക്കുകയായിരുന്നു. എന്നാല്‍ നായികയുടെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞതോടെ കാണികളില്‍ മിക്കവരുടേയും മുഖം മാറുന്നു. അവരുടെ ഉള്ളിലെ ജാതിക്കോമരങ്ങള്‍ ഉറഞ്ഞാടാന്‍ തുടങ്ങുന്നു. സവര്‍ണ കഥാപാത്രത്തെ ഒരു കീഴ് ജാതിക്കാരി പ്രതിനിധീകരിച്ചത് അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ല.

മലയാള സിനിമയുടെ ആദ്യ നായികയായ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ സവര്‍ണ കാണികള്‍ കൂവി. ചെരുപ്പുകള്‍ വലിച്ചെറിഞ്ഞു. വെള്ളിത്തിര കുത്തിക്കീറി. അങ്ങനെ ആദ്യത്തെ മലയാള സിനിമാ പ്രദര്‍ശനം തടസപ്പെട്ടു. സവര്‍ണ സ്ത്രീയായി ഒരു ദലിത് പെണ്‍കുട്ടിയെ അംഗീകരിക്കാന്‍ സാധിക്കാതെ വന്ന ജാതിഭ്രാന്തന്‍മാര്‍ ഇതുകൊണ്ടൊന്നും അവസാനിപ്പിച്ചില്ല. അവര്‍ തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്നാണ് ചരിത്രം പറയുന്നത്. അതുകൊണ്ട് തന്നെ നവംബര്‍ 7, മലയാള സിനിമയുടെ ആദ്യ നായികയെ അപമാനിച്ച ദിവസം കൂടിയാണ്.

വിഗതകുമാരന്‍

ഇന്ന് തമിഴ്നാടിന്റെ ഭാഗമായ, അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലിനടുത്ത് അഗസ്തീശ്വരം സ്വദേശിയും ദന്തവൈദ്യനും ആയിരുന്ന ജെ സി ഡാനിയല്‍ കുടുംബസ്വത്ത് കടപ്പെടുത്തിയ നാല് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ആദ്യത്തെ മലയാള ചലച്ചിത്രമായ വിഗതകുമാരന്‍ നിര്‍മ്മിക്കാനിറങ്ങിയത്. നായികയ്ക്കായി നാടുമുഴുവന്‍ അലയുകയും പത്രപരസ്യം കൊടുക്കുകയും ചെയ്തു. അങ്ങനെ കിട്ടിയ ഒരു ബോംബെ നായികയെ ഇഷ്ടപ്പെടാതെ റോസി എന്ന മലയാളിയെ തന്നെ നായികയാക്കി തന്റെ സിനിമാ മോഹത്തിന് തുടക്കം കുറിക്കുന്നു.

സിനിമയില്‍ അഭിനയിക്കുന്നത് വേശ്യാവൃത്തിപോലെ അസാന്മാര്‍ഗിക പ്രവര്‍ത്തനമായി കണ്ടിരുന്ന കാലത്താണ് റോസി നായികയാകാനൊരുങ്ങിയത്. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് ആരംഭിച്ചാണ് ജെ സി ഡാനിയേല്‍ തന്റെ ചലച്ചിത്രമോഹം ആവിഷ്‌ക്കരിച്ചത്. മലയാളത്തിലെ ആദ്യത്തെ സിനിമ വിഗതകുമാരന്‍ ഈ സ്റ്റുഡിയോയില്‍ വച്ചാണ് പൂര്‍ത്തിയാക്കിയത്. പലവിധ പ്രതിസന്ധികള്‍ക്കിടയിലും വിഗതകുമാരന്‍ പുറത്തിറക്കാന്‍ ഡാനിയലിന് സാധിച്ചു. എങ്കിലും സാമ്പത്തിക ബാധ്യത കാരണം അദ്ദേഹത്തിന് അതോടെ സിനിമാരംഗം വിടേണ്ടി വന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മലയാള സിനിമയുടെ പിതാവിനായുളള അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ കണ്ടെത്തി. എന്നാല്‍ വിഗതകുമാരന്റെ യാതൊരവശേഷിപ്പുകളും അന്നദ്ദേഹത്തിന് കൈവശമുണ്ടായിരുന്നില്ല. 1992 മുതല്‍ മലയാള ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജെ സി ഡാനിയലിന്റെ പേരില്‍ ഒരു ലക്ഷം രൂപയുടെ പുരസ്‌ക്കാരം ഏര്‍പ്പെടുത്തി. എന്നാല്‍ മലയാള സിനിമയുടെ ആദ്യ നായികയ്ക്ക് പിന്നീടെന്താണ് സംഭവിച്ചത്?

മലയാളത്തിലെ ആദ്യ നായിക

സിനിമയില്‍ അഭിനയിക്കാന്‍ സ്ത്രീകളാരും തയ്യാറല്ലാതിരുന്ന അക്കാലത്ത് നായികയായി അഭിനയിച്ച റോസി തിരുവനന്തപുരം തൈക്കാട്ടെ ഒരു കൂലിപ്പണിക്കാരിയായിരുന്നു. ഈ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ റോസിയുടെ കുടില്‍ യാഥാസ്ഥിതികര്‍ തീയിട്ടു. അവരെ ഭീഷണിപ്പെടുത്തി. റോസി പിന്നീട് നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ കുടുംബവുമായി നാടുവിട്ടു. ഒരു ഡ്രൈവറെ വിവാഹം കഴിച്ച് തമിഴ്‌നാട്ടില്‍ എവിടെയോ ശിഷ്ടകാലം ജീവിച്ച് മരിച്ചു. റോസിയുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു വിഗതകുമാരന്‍. റോസിയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലായിരുന്നു.

പി കെ റോസിയോട് കേരളം ഒരിക്കല്‍ കൂടി താല്‍പര്യം കാണിക്കാന്‍ ഏകദേശം നാല് പതിറ്റാണ്ടെടുത്തു. അറുപതുകളുടെ അവസാനത്തിലാണ് വിഗതകുമാരനെക്കുറിച്ചും അതിന്റെ ദാരുണമായ വിധിയെക്കുറിച്ചും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. ജെ സി ഡാനിയലിനെ നാഗര്‍കോവിലില്‍ നിന്ന് കണ്ടെത്തിയ കുന്നുകുഴി എസ് മണി 1971ല്‍ റോസിയെക്കുറിച്ചുള്ള തന്റെ ആദ്യ ലേഖനം കലാപ്രേമിയില്‍ പ്രസിദ്ധീകരിച്ചു.

റോസിയും ഭര്‍ത്താവും തന്റെ ഭൂതകാലം ആരോടും പറഞ്ഞിട്ടില്ലെന്നാണ് കുന്നുകുഴിയുടെ പുസ്തകത്തില്‍ പറയുന്നത്. ചില കാര്യങ്ങളെല്ലാം റോസിയുടെ മക്കള്‍ക്ക് അറിയാമെങ്കിലും അവരുടെ അമ്മയുടെ കഥ അംഗീകരിക്കാന്‍ വിമുഖത കാണിച്ചു. കാരണം അവര്‍ ഇപ്പോള്‍ ജീവിക്കുന്നത് അച്ഛന്റെ ജാതിപേരിലാണ് .

2013ല്‍ ഏഷ്യാനെറ്റ് നടത്തിയ അന്വേഷണത്തില്‍ പി കെ റോസിയെന്ന രാജമ്മയുടെ മകളെ മധുരയിലെ ഗോരിപാളയത്ത് കണ്ടുമുട്ടിയിരുന്നു. എന്നാല്‍ അമ്മയുടെ ഭൂതകാലത്തെകുറിച്ച സംസാരിക്കാന്‍ അവര്‍ തയ്യാറായില്ല. കാരണം മലയാളത്തിന്റ ആദ്യ നായികയെ അവര്‍ക്കാര്‍ക്കും അറിയില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിത്തതില്‍ റോസിയുടെ കൈപിടിച്ച കേശവപ്പിളള ഇവരുടെ കഥകളില്‍ ഹീറോയാണ്. ജാതിയുടെ പേരില്‍ നാടുകടത്തപ്പെട്ട അവരെ ജാതി നോക്കാതെ വിവാഹം കഴിച്ച വിപ്ലവകാരിയായിരുന്നു അയാള്‍.

റോസി ഒരു തുടക്കം മാത്രം

1920 കാലഘട്ടത്തില്‍ റോസിയും ഡാനിയലും ചേര്‍ന്ന് നടത്തിയത് ഒരു വിപ്ലവമായിരുന്നു. അന്ന് റോസിയുടെ കഥാപാത്രം സരോജിനിയെന്ന നായര്‍ സ്ത്രീയായിരുന്നു. അതായിരുന്നു സവര്‍ണരെ പ്രകോപിപ്പിച്ചത്. കാലം മാറി ജനങ്ങളുടെ സാമൂഹ്യ ബോധവും മാറി. എന്നാല്‍ മലയാള സിനിമയില്‍ എത്ര ദലിത് സ്ത്രീകള്‍ നായികയായെത്തിയിട്ടുണ്ടെന്ന ചോദ്യം അവശേഷിക്കുന്നു. ഉറൂബിന്റെ കറുത്ത് തടിച്ച രാച്ചിയമ്മയെ മലയാള സിനിമ അനുകല്‍പ്പനം ചെയ്തത് വെളുത്ത പാര്‍വതി തിരുവോത്തിലൂടെയാണ്.

ദലിതനായ കലാഭവന്‍ മണിയെ മലയാള സിനിമയില്‍ ഉയര്‍ന്നുവന്നെങ്കിലും അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാനാവില്ലെന്ന് പറഞ്ഞ അഭിനേത്രികളും നമ്മുടെ നാട്ടിലുണ്ടായിരുന്നു. ജാതി മരിക്കാന്‍ കൂട്ടാക്കിയിട്ടില്ല സിനിമകളില്‍ പോലും.

സംവരണം കൊണ്ട് പൊറുതിമുട്ടിയ സവര്‍ണരെ ചിത്രീകരിച്ചുകൊണ്ടേയിരുന്ന മലയാള സിനിമ അടുത്ത കാലത്തായി മാറ്റങ്ങളെ ഉള്‍ക്കൊണ്ടു തുടങ്ങി. ഇത്ര നാളും ചെയ്തു കൂട്ടിയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങിയ മലയാള സിനിമയുടെ പുതിയ മുഖമായിരുന്നു നവാഗതയായ റത്തീനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം 'പുഴു'. പതിവ് നായക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിയുന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി. കുട്ടപ്പനെന്ന നായക കഥാപാത്രം നായികയുടെ കൈപിടിച്ച നടന്നുവരുന്ന സീനുകള്‍ കൈയടി നേടിയപ്പോഴും എവിടുന്നു കിട്ടി ഇങ്ങനെയൊരു നായകനെ എന്ന ചോദ്യമുന്നയിച്ചവരും നമ്മുക്കിടയില്‍ ധാരാളമായിരുന്നു.

മാറാത്ത ജാതി ഭ്രാന്ത് ഇന്നും തുടരുന്നതിന്റെ അടയാളമായുരുന്നു ആ കമന്റുകള്‍. നിറമില്ലാത്ത നായകനേയും നായികയേയും വെള്ളിത്തിരയില്‍ കാണുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ ഉള്‍പ്പെട്ടതാണ് നമ്മുടെ സമൂഹം. അതുകൊണ്ട് പി കെ റോസിയുടെ കഥ ഓര്‍മ്മപ്പെടുത്തുക തന്നെ വേണം. ഓര്‍മ്മപ്പെടുത്തലും ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനം ആണെന്നത് കൊണ്ട് തന്നെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in