കടൽ പേടിപ്പെടുത്തിയ 2004

സുനാമി ദുരന്തത്തിന് ഇന്ന് 18 വര്‍ഷം

2004 ഡിസംബര്‍ 26നാണ് ലോക ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പത്തിന് ഇന്റോനേഷ്യയിലെ സുമാത്ര ദ്വീപ് സാക്ഷിയായ ദിനം. സുമാത്ര തീരത്തെ കടലിന്റെ അടിത്തട്ടിലുണ്ടായ ഭൂകമ്പം, വലിയ തിരമാലകളായി രൂപം പ്രാപിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഉണ്ടായ ആ ദുരന്തം 15 ഓളം രാജ്യങ്ങളെയാണ് പിടിച്ചുലച്ചത്. ആ നീറുന്ന ഓര്‍മകള്‍ക്ക് ഇന്ന് 18 വര്‍ഷം തികയുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ഏകദേശം 10 മിനിട്ടോളം നീണ്ടു നിന്നു. കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ഭീമന്‍ തിരമാലകളുടെ രൂപത്തില്‍ സുനാമി കരയിലേക്ക് ആഞ്ഞടിച്ചു. രണ്ടേകാല്‍ ലക്ഷം പേരുടെ ജീവനാണ് അന്ന് സുനാമി കവര്‍ന്നത്.

ആന്തമാന്‍ ദ്വീപുകള്‍ക്കും സുമാത്രക്കിടയിലുമുള്ള ഇന്ത്യന്‍ മഹാ സമുദ്രത്തിലാണ് സുനാമി രൂപം കൊണ്ടത്. ഇന്തോനേഷ്യയ്ക്ക് പുറമേ ശ്രീലങ്ക, ഇന്ത്യ, തായ്ലൻൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഭീമന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി കഴിഞ്ഞിരുന്നു.

ഇന്തോനേഷ്യയില്‍ മാത്രം 1.68 ലക്ഷം പേരുടെ ജീവനാണ് പൊലിഞ്ഞത്. ശ്രീലങ്കയില്‍ 35000 പേരുടെയും, തായ്‌ലന്റില്‍ 8000 പേരുടെയും ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറുകണക്കിനാളുകളുടെ ജീവനും കടലെടുത്തു. ഇന്ത്യയില്‍ മാത്രം പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തം ചരിത്രത്തിലെ തന്നെ പ്രകൃതി ദുരന്തങ്ങളുടെ കണക്കുകളിലെ ഏറ്റവും വലിയ നിരക്കാണ് തീര്‍ത്തത്. ഇന്ത്യയില്‍ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ തെക്കന്‍ തീരങ്ങളിലായിരുന്നു സുനാമി ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചത്.

തമിഴ്‌നാട്ടില്‍ മാത്രം ഏഴായിരത്തിലധികം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. പ്രാഥമിക സര്‍വേ കണക്കുകള്‍ അനുസരിച്ച് 5000ത്തിലധികം പേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ആകെ 36 ലക്ഷം പേരെ സുനാമി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിലും എത്രയോ പേര്‍ ദുരന്തത്തിന്റെ ഇരകളായിട്ടുണ്ടെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ നൂറ്റാണ്ട് കണ്ട എക്കാലത്തെയും ദുരന്തമായ സുനാമി മൂലം കേരളത്തില്‍ 168 പേര്‍ മരിയ്ക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്‍ മാത്രം 131 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇതിലുമധികം എത്രയോ പേര്‍ സുനാമി ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു വസ്തുത.

സുനാമി നാശം വിതച്ചിട്ട് 18 വര്‍ഷം തികയുമ്പോഴും പ്രസക്തമാകുന്ന വലിയൊരു ചോദ്യമുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവരെല്ലാം പുനരധിക്കപ്പെട്ടോ? അവരുടെ ഇപ്പോഴത്തെ സാഹചര്യമെന്താണ്? സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം എല്ലാവരും പുനരധിവസിക്കപ്പെട്ടു. പക്ഷെ, പല കാരണങ്ങളും മത്സ്യത്തൊഴിലാളികളെ ആ വീടുകളില്‍ നിന്ന് അകറ്റിയെന്നതാണ് യാഥാര്‍ഥ്യം. പല വീടുകളും വാസയോ?ഗ്യമല്ലാതായി മാറിയെന്നാണ് പുനരധിവസിക്കപ്പെട്ടവര്‍ പറയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in