ജാതിയാൽ കൊല ചെയ്യപ്പെട്ട രോഹിത് വെമുല

രോഹിതിന്റെ ജീവിതം പോലെ തന്നെ മരണവും ജാതിവെറിക്കെതിരായ വലിയ പോരാട്ടമായി മാറി

'ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍. എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഈ ലോകത്തെ മനസ്സിലാക്കുന്നതില്‍ ഞാനൊരു തികഞ്ഞ പരാജയം ആയിരുന്നിരിക്കാം. മനുഷ്യരില്‍ ചിലര്‍ക്ക് ജന്മം തന്നെയാണ് ശാപം. എന്റെ ജനനം തന്നെ ഒരു കൊടും തെറ്റായിരുന്നു.'

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല എന്ന ഇരുപത്തിയാറുകാരന്‍ അവസാനമായി കുറിച്ചിട്ട വാക്കുകള്‍ ആണിവ. സര്‍വകലാശാലയില്‍ നിന്ന് നേരിടേണ്ടി വന്ന കടുത്ത ജാതി വിവേചനങ്ങള്‍ക്കെതിരെ 12 ദിവസം നീണ്ടുനിന്ന രാപ്പകല്‍ സമരം നടത്തിയ രോഹിതിന് ഇത്ര മാത്രമാണ് പറയാനുണ്ടായിരുന്നത്. ' എനിക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കരുത് . ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ സന്തോഷവാനായിരിക്കുന്നതെന്ന് അറിയുക'

2016 ജനുവരി 17 , രോഹിത് വെമുലയുടെ മരണത്തിന് ഇന്ന് ഏഴുവര്‍ഷം പിന്നിടുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും രാജ്യത്തെ വിവേചനത്തില്‍ തളയ്ക്കുന്ന ജാതിചിന്തകളെ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നതാണ് രോഹിത് വെമുലയുടെ ജീവിതവും മരണവും. ദളിതനായി ജനിക്കുക എന്നതും ഒരു ഭാവി സ്വപ്നം കാണുക എന്നതും ഈ രാജ്യത്ത് നിങ്ങള്‍ ചെയ്യാവുന്ന വലിയ കുറ്റങ്ങളിലൊന്നാണ് എന്നാണ് മരണം കൊണ്ട് രോഹിത് പറഞ്ഞത്. ആ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡറിനോട്, ഒരു സംവിധാനം നടത്തിയ കൊലപാതകത്തോട് നമ്മുടെ വ്യവസ്ഥ എങ്ങനെ പ്രതികരിച്ചുവെന്നതിലുണ്ട്, ജാതി ചിന്തയുടെ അധീശത്വം.

ആന്ധ്രാപ്രദേശ്, ഗുണ്ടൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് രോഹിത് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എത്തുന്നത്. സര്‍വകലാശാലയില്‍ ആദ്യം എസ് എഫ് ഐയുടെയും പിന്നീട് അംബേദ്ക്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്റെയും മുന്‍നിര പ്രവര്‍ത്തകനായി. ഇക്കാലയളവില്‍ രോഹിതിന്റെ 25,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വൈസ് ചാന്‍സലര്‍ അന്യായമായി തടഞ്ഞ് വെച്ചതിനെ തുടര്‍ന്ന് അത് അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് രോഹിത് വി സി ക്ക് കത്തയച്ചിരുന്നു. ഫലമില്ലാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും എഴുതി. സ്‌കോളര്‍ഷിപ്പ് തരുന്നില്ലെങ്കില്‍ പകരം കുറച്ച് വിഷമോ കയറോ തരണമെന്നായിരുന്നു രോഹിത്തിന്റെ ആവശ്യം.

എബിവിപി നേതാവ് സുശീല്‍ കുമാറിനെ മർദിച്ചു എന്നാരോപിച്ച് 2015 ആഗസ്റ്റ് 5-ന് രോഹിത് അടക്കം അഞ്ചുപേര്‍ക്കെതിരെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് അടക്കമുള്ള എഎസ്എ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവെന്ന് കാട്ടി ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംപി ബന്ദാരു ദത്താത്രേയ മന്ത്രി സ്മൃതി ഇറാനിക്ക് ആഗസ്റ്റ് 17 ന് കത്തയക്കുന്നു. തുടര്‍ന്ന് 2015 സെപ്റ്റംബറില്‍ അഞ്ചുപേരെയും സസ്പെന്‍ഡ് ചെയ്തു . 2016 ജനുവരി 3-ന് വിദ്യാര്‍ഥികളെ കോളേജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സർവകലാശാല വെച്ചുപുലര്‍ത്തിയിരുന്ന സംഘപരിവാര്‍ വിധേയത്വത്തെ എതിര്‍ത്തതിന്റെ പരിണിതഫലം ആയിരുന്നു ഈ നീക്കം. പിന്നാലെ വിദ്യാര്‍ഥികള്‍ നിരാഹാരസമരം ആരംഭിച്ചു. സമരത്തിന്റെ 12ാം ദിവസം എഎസ്എയുടെ കൊടിയിൽ തൂങ്ങി രോഹിത് ജീവനൊടുക്കി. ക്ലാസ്സ് മുറികളിലും ലൈബ്രറികളിലും കാന്റീനുകളിലും തുടങ്ങി കലാലയങ്ങളുടെ മുക്കിലും മൂലയിലും എത്ര തുടച്ചു നീക്കിയാലും വീണ്ടും വീണ്ടും തെളിഞ്ഞു വരുന്ന ജാതിവെറി തന്നെയായിരുന്നു രോഹിത്തിന്റെയും ജീവനെടുത്തത്.

രോഹിതിന്റെ മരണം രാജ്യത്താകെ ഉയര്‍ത്തിവിട്ട അലയൊലികള്‍ ചെറുതായിരുന്നില്ല. ഇന്ത്യയിലെ ക്യാമ്പസുകളിലാകെ പ്രതിഷേധങ്ങള്‍ ആളിക്കത്തി. ആയിരണക്കിന് പേര്‍ തെരുവിലിറങ്ങി. രോഹിത് തെളിച്ച വഴിയെ അനേകം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവന്നു. രോഹിതിന്റെ ജീവിതം പോലെ തന്നെ മരണവും ജാതിവെറിക്കെതിരായ വലിയ പോരാട്ടമായി മാറി. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പോരാട്ടങ്ങള്‍ തുടരുകയാണ്.

ജാതി പ്രശ്‌നം ഇല്ലെന്ന അഭിമാനിച്ച കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതി വിവേചനത്തിന്റെ മനുഷ്യത്വരഹിതമായ കഥകള്‍ ആണ് ഇന്ന് നമ്മള്‍ കേൾക്കുന്നത്. ആരോപണം ഉയര്‍ന്നിട്ടും നിസംഗത നടിക്കുന്ന സര്‍ക്കാരും, സവര്‍ണ ബോധം പേറുന്ന മേധാവിയെ പിന്തുണയ്ക്കുന്നവരെയുമാണ് നാം കാണുന്നത്. ജാതി മേല്‍ക്കോയ്മ മറികടക്കാന്‍ ഇനിയും എത്ര രോഹിത് വെമുലമാരുടെ ജീവനാകും ആവശ്യമായി വരിക എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in