പൂക്കളത്തില്‍ നീലിമ പടര്‍ത്താന്‍ ശംഖുപുഷ്പം
ഓണത്തിന് ധാരാളം പൂഷ്പിക്കുന്ന ഔഷധച്ചെടിയാണ് ശംഖുപുഷ്പം. ഇതളുകള്‍ക്ക് നീലയും ഉള്‍ഭാഗത്ത് മഞ്ഞയും നിറമുള്ള ശംഖുപുഷ്പം പൂക്കളത്തിലെ താരമാണ്. വെള്ളയും നീലയും പൂക്കളുള്ള ശംഖുപുഷ്പങ്ങളുണ്ടെങ്കിലും അത്തപ്പൂക്കളത്തില്‍ നീലശംഖുപുഷ്പമാണ് ഉപയോഗിക്കുന്നത്.
നീലച്ചായയും ശംഖുപുഷ്പവും
ഉണങ്ങിയ നീലശംഖുപുഷ്പം കൊണ്ടുണ്ടാക്കുന്ന നീലച്ചായ ഒരു ആരോഗ്യപാനീയമാണ്. വിഷാദ, ആകാംഷ രോഗങ്ങള്‍ക്ക് പ്രതിവിധി ഇത് ഉപയോഗിക്കപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ക്ഷീണമകറ്റാന്‍ പര്യാപ്തമാണ്. ചൂടോടെ കഴിക്കുന്ന നീലച്ചായ ആസ്തമ, ജലദോഷം, ചുമ എന്നിവയെ ശമിപ്പിക്കും. അള്‍സറിനു ഔഷധമായും പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ശംഖുപുഷ്പം സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഒരു കപ്പ് നീലച്ചായ കുടിച്ചാല്‍ സുഖനിദ്ര ലഭിക്കും. ശംഖുപുഷ്പത്തിന്റെ വേരും മറ്റുഭാഗങ്ങളും ഔഷധയോഗ്യമാണ്. ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള കഴിവുള്ള ശംഖുപുഷ്പം തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനാല്‍ ബ്രെയിന്‍ ടോണിക്കായും ഉപയോഗിക്കുന്നു.