ശ്രീകുമാരന്‍ തമ്പി
ശ്രീകുമാരന്‍ തമ്പി

ശ്രീകുമാരന്‍ തമ്പിയുടെ പൂക്കളം

കഥാപശ്ചാത്തലവും സന്ദര്‍ഭവും ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ മാത്രമേ പാട്ടുകളില്‍ പൂക്കളെ കൊണ്ടുവന്നിട്ടുള്ളൂ എന്ന് തമ്പി; എഴുതുന്നത് ഈണത്തിനനുസരിച്ചെങ്കില്‍ കൂടി
Updated on
3 min read

ഓരോ പൂവിനും ഓരോ ദൗത്യമുണ്ട് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളില്‍. വെറുതെ വിരിയുന്നതല്ല അവയൊന്നും. അതുകൊണ്ടുതന്നെ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുഷ്പങ്ങള്‍ മലയാളിയുടെ സംഗീത മനസ്സില്‍ സുഗന്ധം ചൊരിഞ്ഞു നില്‍ക്കുന്നു.

ശ്രീകുമാരന്‍ തമ്പി
ശ്രീകുമാരന്‍ തമ്പി

പൂക്കളുടെ റാണിയായ താമര മുതല്‍ അത്ര സുലഭമല്ലാത്ത നന്ത്യാര്‍വട്ടം വരെ പൂത്തുവിടര്‍ന്നു നില്‍ക്കുന്നുണ്ട് തമ്പിയുടെ ഗാനങ്ങളില്‍. സിനിമക്ക് വേണ്ടി തമ്പി രചിച്ച ആദ്യഗാനം തന്നെ ``താമരത്തോണിയില്‍ താലോലമാടി'' (കാട്ടുമല്ലിക) ആണെന്നോര്‍ക്കുക. തുടര്‍ന്ന് എത്രയെത്ര പുഷ്പസുരഭില രചനകള്‍: ഏഴിലംപാല പൂത്തു (കാട്), ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു ( അയല്‍ക്കാരി), ചെമ്പകത്തൈകള്‍ പൂത്ത (കാത്തിരുന്ന നിമിഷം), താമരപ്പൂ നാണിച്ചു (ടാക്‌സി കാര്‍), നന്ത്യാര്‍വട്ട പൂ ചിരിച്ചു (പൂന്തേനരുവി), മല്ലികപ്പൂവിന്‍ മധുരഗന്ധം (ഹണിമൂണ്‍) , ഇലവംഗപ്പൂവുകള്‍ (ഭക്തഹനുമാന്‍), കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍, പനിനീര്‍ കാറ്റിന്‍ (വെളുത്ത കത്രീന), കാശിത്തെറ്റി പൂവിനൊരു കല്യാണാലോചന (രക്തപുഷ്പം), ചെമ്പകമല്ല നീ ഓമലേ (കതിര്‍മണ്ഡപം), ചെമ്പരത്തിക്കാട് പൂക്കും (അമൃതവാഹിനി), പനിനീര്‍ പൂവിന്റെ പട്ടുതാളില്‍ (അഞ്ജലി), ജാതിമല്ലി പൂമഴയില്‍, കണിക്കൊന്നയല്ല ഞാന്‍ കണികാണുന്നതെന്‍ (ലക്ഷ്മി), താമരമലരിന്‍ തങ്കദളത്തില്‍ (ആരാധിക), താഴമ്പൂ മുല്ലപ്പൂ താമരപ്പൂ (അജ്ഞാതവാസം), നീലാംബുജങ്ങള്‍ വിടര്‍ന്നു, കസ്തൂരി മല്ലിക പുടവ ചുറ്റി (സത്യവാന്‍ സാവിത്രി), പവിഴമല്ലി പൂവിനിപ്പോള്‍ പിണക്കം (അജയനും വിജയനും), പാതിവിടര്‍ന്നൊരു പാരിജാതം (അനാഥ ശില്‍പ്പങ്ങള്‍), രാജമല്ലികള്‍ പൂമഴ തുടങ്ങി (പഞ്ചതന്ത്രം), സൂര്യകാന്തി പൂ ചിരിച്ചു (ലൈറ്റ് ഹൗസ്), ഓമന താമര പൂത്തതാണോ (യോഗമുള്ളവള്‍)..... .

മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളേയും വികാരങ്ങളേയും അടയാളപ്പെടുത്തുന്നുണ്ട് ഈ പാട്ടുകളോരോന്നും. കഥാപശ്ചാത്തലവും സന്ദര്‍ഭവും ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ മാത്രമേ പാട്ടുകളില്‍ പൂക്കളെ കൊണ്ടുവന്നിട്ടുള്ളൂ എന്ന് തമ്പി; എഴുതുന്നത് ഈണത്തിനനുസരിച്ചെങ്കില്‍ കൂടി.

ശ്രീകുമാരന്‍ തമ്പിയും യേശുദാസും
ശ്രീകുമാരന്‍ തമ്പിയും യേശുദാസുംMadhav V

വനപശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ടു മാത്രമല്ല ``കാടി''ലെ പ്രശസ്തഗാനത്തില്‍ തമ്പി ഏഴിലംപാല എന്ന് പ്രയോഗിച്ചത്. ``ഏഴിലംപാലയെ യക്ഷി സങ്കല്‍പ്പവുമായാണ് നമ്മുടെ സാഹിത്യലോകം എക്കാലവും ചേര്‍ത്തുവെച്ചിട്ടുള്ളത്. എന്നാല്‍ എന്റെ പാട്ടില്‍ പൂത്തുനില്‍ക്കുന്ന ഏഴിലംപാല പ്രണയത്തിന്റെയും രതിയുടെയും പ്രതീകമാണ്. കാമലോലമായ പ്രണയത്തിന്റെ സൗരഭ്യമാണ് അതിന്.'' യേശുദാസും പി സുശീലയും ചേര്‍ന്ന് പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഡ്യൂയറ്റ് ആയി മാറിയതിന് പിന്നില്‍ വേദ്പാല്‍ വര്‍മ്മയുടെ ഹൃദയഹാരിയായ ഈണത്തോളം തന്നെ പങ്കുണ്ട് തമ്പിയുടെ ഔചിത്യമാര്‍ന്ന രചനക്കും.

പലരും ശ്രീകുമാരന്‍ തമ്പിയോട് ചോദിച്ചിട്ടുണ്ട്, ആര്‍ദ്രമായ ഒരു പ്രണയഗാനത്തിന് എന്തുകൊണ്ട് ഇലഞ്ഞിപ്പൂമണം നല്‍കി എന്ന്. പ്രണയഭരിതമായ മനസ്സിന്റെ അവസ്ഥയോട് ചേര്‍ത്തുവെക്കാനാണെങ്കില്‍ എത്രയെത്ര സുന്ദരസുരഭില പുഷ്പങ്ങളുണ്ട് നമുക്ക് ചുറ്റും? പനിനീര്‍പ്പൂ മുതല്‍ പാരിജാതം വരെ, മുല്ല മുതല്‍ മല്ലികപ്പൂ വരെയുള്ള റൊമാന്റിക് പുഷ്പജാലത്തെ മുഴുവന്‍ അവഗണിച്ച് ഒട്ടും ആകര്‍ഷകമല്ലാത്ത ഇലഞ്ഞിയുടെ ഗന്ധം തേടി പോയതെന്തിന് എന്നായിരുന്നു അടുത്തിടെ പരിചയപ്പെട്ട ഒരു സ്ത്രീയുടെ നിഷ്‌കളങ്കമായ ചോദ്യം.

ശ്രീകുമാരന്‍ തമ്പിയും ലേഖകനും
ശ്രീകുമാരന്‍ തമ്പിയും ലേഖകനും

``നമ്മുടെ പുരാണങ്ങളിലും ചരിത്രത്തിലും ഇലഞ്ഞിക്കുള്ള സ്ഥാനം അറിയാത്തതുകൊണ്ടാണ് അത്തരത്തിലുള്ള സന്ദേഹങ്ങള്‍'' -- തമ്പി പറയുന്നു. ``ഇത്രയും കാമോദ്ദീപകമായ ഗന്ധമുള്ള പുഷ്പങ്ങള്‍ അധികമില്ല. അയല്‍ക്കാരി എന്ന സിനിമയിലെ ഗാനസന്ദര്‍ഭം ഓര്‍മ്മയില്ലേ? നിലാവുള്ള രാത്രിയില്‍ വിന്‍സന്റിന്റെ കാമുക കഥാപാത്രം കാമുകിയായ ജയഭാരതിയെ ഓര്‍ത്ത് പാടുകയാണ്. ഇരുവരും ഒരു പോലെ വികാരവിവശര്‍. പാട്ടു കേട്ട് വീടിന്റെ മട്ടുപ്പാവില്‍ നിശാവസ്ത്രമണിഞ്ഞു നില്‍ക്കുന്ന ജയഭാരതിയുടെ ശരീരഭാഷയില്‍ തന്നെയുണ്ട് തീവ്ര പ്രണയദാഹം. നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായ പ്രേമാഭ്യര്‍ത്ഥനക്ക് പ്രസക്തിയില്ല അവിടെ. ശൃംഗാര കല്‍പ്പനകള്‍ നിറഞ്ഞ, ആസക്തി നിറഞ്ഞ ഗാനമാണ് വേണ്ടത്.''

എഴുതിക്കൊടുത്ത പാട്ടിന്റെ വരികളിലൂടെ കണ്ണോടിച്ച ശേഷം സംഗീതസംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ ചോദിച്ച ചോദ്യം ഇന്നുമുണ്ട് കവിയുടെ കാതുകളില്‍: ``ഇത് മുഴുവന്‍ സെക്സാണല്ലോ തമ്പീ. ഞാന്‍ കുറച്ചു കുഴയും..'' സാഹിത്യബോധമുള്ള സംഗീതജ്ഞനായതുകൊണ്ടാണ് രചനയുടെ സൂക്ഷ്മ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു തമ്പി. അതിലടങ്ങിയ സെക്‌സിന്റെ അംശം ആദ്യവായനയില്‍ സാധാരണക്കാരന് തിരിച്ചറിയാന്‍ കഴിയണം എന്നില്ല. മനോഹരമായ ഒരു ഈണത്തിന്റെ തലോടലേറ്റപ്പോഴാണ് ഇലഞ്ഞിപ്പൂമണം ശരിക്കും കാമസുഗന്ധിയായത് എന്നര്‍ത്ഥം.

കേരളീയരുടെ വിശ്വാസങ്ങളിലും സങ്കല്‍പ്പങ്ങളിലും ഇലഞ്ഞി എന്നും രതികാമനകളുടെ ഭാഗമായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു തമ്പി. ``ഒരു കാലത്ത് കാവുകളുടെ നാടായിരുന്നു കേരളം. തറവാടുകളുടെയും അമ്പലങ്ങളുടെയും പരിസരത്ത് കാവുകള്‍ നിര്‍ബന്ധം. പ്രകൃതിയുമായി മനുഷ്യനെ കൂട്ടിയിണക്കിയിരുന്ന ഏറ്റവും ദൃഢമായ കണ്ണിയായിരുന്നു കാവ്. വര്‍ഷം തോറും അവിടെ പൂജ നടക്കും. ഭൂമിയുടെ ഉര്‍വരത വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് കാവിലെ പൂജ. മണ്ണ് ഫലഭൂയിഷ്ഠമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇത്തരം പൂജകളില്‍ ഒരൊറ്റ പൂവേ ഉപയോഗിക്കാറുള്ളൂ -- ഇലഞ്ഞിപ്പൂ. ഇലഞ്ഞിക്ക് ലൈംഗികോത്തേജക ശക്തിയുണ്ട് എന്ന വിശ്വാസമാണ് അതിനു പിന്നില്‍.

``കന്യകമാര്‍ ഇലഞ്ഞിമരച്ചോട്ടില്‍ നില്‍ക്കുന്നത് വിലക്കുമായിരുന്നു പഴയ കാലത്തെ തറവാട്ടു കാരണവന്മാര്‍. അയല്‍ക്കാരിയിലെ ഗാനസന്ദര്‍ഭം വിവരിച്ചുകേട്ടപ്പോള്‍ ആദ്യം മനസ്സില്‍ കടന്നുവന്നത് ഇലഞ്ഞിയുടെ ഗന്ധം തന്നെ. ബോധപൂര്‍വമാണ് അത് പാട്ടില്‍ ഉപയോഗിച്ചതും. അല്ലാതെ സുഗന്ധവാഹികളായ മറ്റു പുഷ്പങ്ങളുടെ കാര്യം ഓര്‍മ്മവരാത്തതുകൊണ്ടല്ല..''

logo
The Fourth
www.thefourthnews.in