അത്തപ്പൂക്കളത്തിലെ രാജാവെന്നാണ് വിനയത്തിന്റെ പ്രതീകമായ തുമ്പപ്പൂവ് അറിയപ്പെടുന്നത്. ഓണത്തപ്പനെ സ്വാഗതം ചെയ്ത് ഓണപ്പൂക്കളത്തിനു നടുവില്‍ വയ്ക്കുന്ന തൃക്കാക്കര അപ്പനും (ഓണത്തപ്പന്‍) ഏറ്റവും പ്രിയപ്പെട്ട പൂവാണിതെന്നാണ് വിശ്വാസം. സ്തൂപാകൃതിയില്‍ നാലുമുഖങ്ങളുള്ള ഓണത്തപ്പന്‍ രൂപം മാവേലിയുടെയും വാമനന്റെയും സംയുക്ത പ്രതീകമാണെന്നും വിശ്വസിക്കുന്നവരുണ്ട്. പൂക്കളത്തില്‍ ഒരിതള്‍ തുമ്പപ്പൂവെങ്കിലും ഉണ്ടാകണമെന്നത് നിര്‍ബന്ധമാണ്. കര്‍ക്കിടകത്തില്‍ നന്നായി വളര്‍ന്ന് ചിങ്ങത്തില്‍ പൂവിടുന്ന സ്വഭാവമാണ് തുമ്പയ്ക്ക്. തുമ്പപ്പൂ കൊണ്ട് അടയുണ്ടാക്കി ഓണരാത്രിയില്‍ ഓണത്തപ്പന് അത് നിവേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലുണ്ട്. ദ്രോണപുഷ്പി എന്ന് സംസ്‌കൃതത്തില്‍ അറിയപ്പെടുന്ന തുമ്പ ചേര്‍ത്ത് പായസവും ദോശയുമുണ്ടാക്കിയാല്‍ രുചി ഒന്ന് വേറെയാണ്.
തുമ്പപ്പൂവ് പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് കുട്ടികള്‍ക്കു നല്‍കിയാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കുമെന്ന് ആയുര്‍വേദം
തുമ്പയുടെ ഔഷധഗുണങ്ങള്‍
തുമ്പ ഇലയും വേരും പൂവും ഒറ്റമൂലിയായി ഉപയോഗിക്കുന്നു. ദിവസവും തുമ്പപ്പൂവ് പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് കുട്ടികള്‍ക്കു നല്‍കിയാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും. വിരശല്യവും ശമിക്കും. തുമ്പപ്പൂ നീരൊഴിച്ചാല്‍ കണ്ണിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താം. ജീരകവും തുമ്പപ്പൂവും പാലില്‍ തിളപ്പിച്ചു കുടിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണ്. തുമ്പപ്പൂവും കുരുമുളകും കഷായം വച്ചുകുടിച്ചാല്‍ പനി മാറും. വിഷജീവികള്‍ കടിച്ചാല്‍ തുമ്പയില അരച്ച് മുറിവില്‍ പുരട്ടുന്നത് നല്ലതാണ്