സമരം അവസാനിച്ചാലും തീരാത്ത പ്രശ്നങ്ങൾ, തീരദേശ ജനതയുടെ ദുരിതത്തിന് കാരണം അദാനിതന്നെ, സർക്കാരിനും അതറിയാം
വിഴിഞ്ഞം തുറമുഖത്തിനെതിരെ 140 ദിവസം നീണ്ടു നിന്ന സമരം മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെയാണ് ഒത്തുതീര്‍പ്പാക്കിയതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. ഏഴ് ആവശ്യങ്ങളില്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്ന ആവശ്യം അംഗീകരിക്കാതെയാണ് സമരസമിതി പ്രക്ഷോഭം അവസാനിപ്പിച്ചിരിക്കുന്നത്. അതായത് ആദ്യഘട്ടത്തില്‍ സ്വീകരിച്ചിരുന്ന സമീപനത്തില്‍ വലിയ മാറ്റങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല.
വിഴിഞ്ഞത്തെ ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ക്ക് തുറമുഖമാണോ കാരണം എന്ന് മനസ്സിലാക്കാനായി ഒരു പഠനം നടത്താന്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ആ സമിതിയില്‍ സമരക്കാർ നിര്‍ദേശിക്കുന്ന ഒരാളെ ഉള്‍പ്പെടുത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഈ ആവശ്യത്തെ അവഗണിച്ചു കൊണ്ടാണ് സമവായമുണ്ടായിരിക്കുന്നത്. തീരശോഷണത്തിന് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണമാണോ കാരണം എന്ന് കണ്ടെത്താന്‍ പഠനം നടത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. ആ സമിതിയില്‍ സമരസമിതി നിര്‍ദേശിക്കുന്ന ഒരാളെ ഉള്‍പ്പെടുത്തണമെന്നതും പ്രധാന ആവശ്യമായിരുന്നു.
തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെല്ലാം പിന്നില്‍ അദാനിയുടെ വിഴിഞ്ഞം തുറമുഖമാണെന്നുള്ള സ്ഥിരീകരണം പഠനത്തിലൂടെ ലഭിക്കുമെന്ന് സര്‍ക്കാരിന് ഉറപ്പാണ്
എന്നാല്‍ ഈ ആവശ്യത്തെ അവഗണിച്ചു കൊണ്ടാണ് സമവായമുണ്ടായിരിക്കുന്നത്. അതായത് തീരശോഷണത്തിനും കടലാക്രമണത്തിനും തുറമുഖ നിര്‍മാണമാണ് കാരണമെന്ന് സര്‍ക്കാരിന് വ്യക്തമായ അറിവുള്ളത് കൊണ്ടാണ് ഈ ആവശ്യം അവഗണിച്ചത്. തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. താല്‍ക്കാലികമായി നിര്‍ത്തിവെച്ച് പഠനം നടത്തണമെന്നായിരുന്നു ആവശ്യം. ഇന്ന് തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെല്ലാം പിന്നില്‍ അദാനിയുടെ വിഴിഞ്ഞം തുറമുഖമാണെന്നുള്ള സ്ഥിരീകരണം പഠനത്തിലൂടെ ലഭിക്കുമെന്ന് സര്‍ക്കാരിന് ഉറപ്പാണ്. ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ള ആവശ്യങ്ങളെല്ലാം എത്രത്തോളം പാലിക്കപ്പെടുമെന്ന കാര്യത്തിലും സമരസമിതിയിക്ക് ആശങ്കയുണ്ട്.
തിരുവനന്തപുരം പ്രദേശത്ത് വാടകയ്ക്ക് താമസിക്കണമെങ്കില്‍ മിനിമം ഒരു 10000 രൂപയെങ്കിലും വേണം
മണ്ണെണ്ണ വില വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തമിഴ്‌നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കണമെന്നുമായിരുന്നു സമര സമിതിയുടെ മറ്റൊരു ആവശ്യം. മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി കേന്ദ്രം പൂര്‍ണമായി ഒഴിവാക്കിയതിനാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന കാര്യം സമ്മതിക്കാം. അതിനാല്‍ നിലവിലുള്ള മണ്ണെണ്ണ എന്‍ജിനുകള്‍ക്ക് പകരം ഡീസല്‍ പെട്രോള്‍ ഗ്യാസ് എന്‍ജിനുകളായി മാറ്റുമെന്നാണ് വാഗ്ദാനം. മറ്റൊന്ന് വാടകയുടെ കാര്യമാണ്. തിരുവനന്തപുരം പ്രദേശത്ത് വാടകയ്ക്ക് താമസിക്കണമെങ്കില്‍ മിനിമം ഒരു 10000 രൂപയെങ്കിലും വേണം. ആദ്യ ഘട്ടത്തില്‍ വാഗ്ദാനം ചെയ്ത തുക ഇതിന്റെ പകുതി പോലുമാകില്ല. അതായത് മിച്ചം തുക കണ്ടെത്താന്‍ തീരദേശക്കാര്‍ വീണ്ടും വേറെ വഴി നോക്കണം. സ്ഥിരമായി വരുമാനമില്ലാത്ത ഒരു ദിവസത്തെ ഭക്ഷണം കണ്ടെത്താന്‍ വേണ്ടി ബുദ്ധിമുട്ടുന്ന അവര്‍ എങ്ങനെയാണ് അത് കണ്ടെത്തുക. ഇപ്പോള്‍ വാടക നല്‍കാമെന്ന് പറയുന്നു. ഒന്നരക്കൊല്ലം കൊണ്ട് ഫ്‌ളാറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ ഇവരെന്ത് ചെയ്യും. ഇതിനൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല.
സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് അവര്‍ മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്ന കാരണങ്ങളാണ് ഇവയൊക്കെ. സമരക്കാരാണ് ഇവിടെ താഴ്ന്നു കൊടുത്തത്. സമരത്തില്‍ പങ്കെടുത്ത 3000 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അതിലുണ്ട്. അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന അവര്‍ക്ക് വിദേശത്ത് പോകണമെങ്കിലോ മറ്റ് ആവശ്യങ്ങള്‍ക്കെല്ലാം ഈ കേസ് ഇനി തടസ്സമാകും. വിഴിഞ്ഞത്തുണ്ടായ പ്രശ്‌നങ്ങളോടെ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും തീരദേശവാസികളോടുള്ള മനോഭാവത്തിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് കൊണ്ട് വീട് വയ്ക്കുകയും സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതി കൊണ്ട് വീട് കടലെടുക്കുകയും ചെയ്ത് തെരുവിലായവരാണ് അവര്‍
തീരദേശത്തെ വല്ല പ്രശ്‌നങ്ങളുമായോ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് വേണ്ടി പോയാലോ നിങ്ങള്‍ക്കൊന്നും ചെയ്ത് തരാന്‍ പറ്റില്ല എന്ന മനോഭാവമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. നിങ്ങള്‍ പോലീസിന്റെ ദേഹത്ത് കൈവെച്ചു ഇനി നിങ്ങളുടെ ഒരാവശ്യവും ഇവിടെ നടക്കില്ല എന്ന് പരസ്യമായി വിളിച്ചു പറയുകയാണ്. കാഞ്ഞിരംകുളം സ്‌റ്റേഷനില്‍ ഫോണ്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കേസ് നല്‍കാന്‍ പോയ സ്ത്രീയോട് മേടയില്‍ പോയി പരാതി നല്‍കാനാണ് പോലീസ് പറഞ്ഞത്. കേരളത്തിലെ പോലീസുകാര്‍ക്ക് തീരദേശക്കാരോടുള്ള മനോഭാവം ഇങ്ങനെയാണെങ്കില്‍ കേന്ദ്ര സേനയെ സുരക്ഷക്കായി നിയോഗിച്ചാലുള്ള സ്ഥിതിയെന്താകും എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ഒരു വെടിവെയ്പ് നടത്തി ക്രമസമാധാനം നഷ്ടപ്പെടുത്താന്‍ എളുപ്പത്തില്‍ സാധിക്കും. നഷ്ടപ്പെടുന്നത് തീരദേശത്തെ ജനങ്ങളുടെ ജീവനായത് കൊണ്ട് ആരും പ്രതികരിക്കാനും വരില്ല.
ഇതെല്ലാം കണക്കിലെടുത്ത് അനന്തമായ സമരത്തിലേയ്ക്ക് നീങ്ങണമെന്ന് ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ സമരത്തിനെത്തുന്ന എല്ലാവരും ദിവസക്കൂലിക്ക് ജോലി എടുക്കുന്നവരാണ്. ജോലിയ്ക്ക് പോകാതെയാണ് പലരും സമരത്തിനെത്തുന്നത്. കേരളത്തിലെ ജനകീയ സമരങ്ങളില്‍ പലതും അനന്തമായി നീണ്ടു പോയ ചരിത്രം നമുക്ക് മുന്നിലുണ്ട്
ഇതെല്ലാം കണക്കിലെടുത്ത് അനന്തമായ സമരത്തിലേയ്ക്ക് നീങ്ങണമെന്ന് ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ സമരത്തിനെത്തുന്ന എല്ലാവരും ദിവസക്കൂലിക്ക് ജോലി എടുക്കുന്നവരാണ്. ജോലിയ്ക്ക് പോകാതെയാണ് പലരും സമരത്തിനെത്തുന്നത്. കേരളത്തിലെ ജനകീയ സമരങ്ങളില്‍ പലതും അനന്തമായി നീണ്ടു പോയ ചരിത്രം നമുക്ക് മുന്നിലുണ്ട്. ആലപ്പുഴ പല്ലന ഭാഗത്ത് തോട്ടപ്പള്ളി ഹാര്‍ബറിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് സമരം നടക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു. അത് പോലെയായിരിക്കുമോ ഈ സമരം എന്ന ആശങ്കയൊക്കെ ഉണ്ടായിരുന്നു.
ഇത്തരത്തില്‍ അധികാരികളുടെ മുന്നില്‍ നിലനില്‍പിന് വേണ്ടി കേരളത്തില്‍ ഏതൊക്കെ സമുദായക്കാര്‍ക്കാണ് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സമരം ചെയ്യേണ്ടി വരുന്നതെന്ന് ആലോചിച്ച് നോക്കൂ. ആദിവാസികള്‍, ദളിതര്‍, മത്സ്യതൊഴിലാളികള്‍ അങ്ങനെ സര്‍ക്കാരിനും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടാത്തവരാണ് തെരുവില്‍ തല്ല് കൊണ്ടും , പരിഹാസ്യരായും സമരം ചെയ്യുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും ഈ രാജ്യത്ത് സമരം ചെയ്തിരുന്നോ? അവര്‍ അവരുടെ ആവശ്യം ഉന്നയിക്കേണ്ട താമസം നിമിഷങ്ങള്‍ക്കകം അത് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്ത് ചെയ്ത് കൊടുത്തു. അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎം ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്.
സര്‍ക്കാരിന്റെ പദ്ധതിയായ പുനര്‍ഗേഹത്തിലൂടെ കുറച്ച് തീരദേശനിവാസികളെ പൊഴിയൂര്‍ ഭാഗത്ത് നിന്നും മറ്റുമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. താമസിക്കാന്‍ കെട്ടിടമായി എന്നല്ലാതെ അവര്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് താക്കോല്‍ കൈമാറിയ കെട്ടിടത്തില്‍ ഇപ്പോഴും വൈദ്യുതി ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. അവര്‍ക്കും അടിസ്ഥാനപരമായി ആവശ്യങ്ങളുണ്ട്. കുറച്ച് കാലം തീരദേശത്ത് താമസിച്ചു ഇനി ഒരു മാറ്റത്തിനായി കുറച്ച് കാലം ഫ്‌ളാറ്റില്‍ താമസിക്കാം എന്ന് പറഞ്ഞ് പോയവരല്ല അവര്‍.
കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് കൊണ്ട് വീട് വയ്ക്കുകയും സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതി കൊണ്ട് വീട് കടലെടുക്കുകയും ചെയ്ത് തെരുവിലായവരാണ് അവര്‍. വേറെ വഴിയില്ലാത്തത് കൊണ്ട് മാത്രമാണ് ക്യാമ്പിലും സര്‍ക്കാര്‍ പണിത് കൊടുത്ത വീടുകളിലേയ്ക്കും അവര്‍ മാറുന്നത്. അതില്‍ അവര്‍ ആരും സംതൃപ്തരല്ല. കടലില്‍ നിന്ന് അധികം ദൂരമില്ലാത്ത സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് അവരുടെ തൊഴിലും മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുകയുള്ളു. അല്ലെങ്കില്‍ കടപ്പുറം പോലെ ഒരു പത്തോ ഇരുപതോ വര്‍ഷത്തിനുള്ളില്‍ ഈ തൊഴില്‍ തന്നെ നാമവശേഷമായി പോകും.
അവര്‍ക്കും സ്വത്വവും ആത്മാഭിമാനമുണ്ട്. ഇതെല്ലാം നഷ്ടപ്പെടുത്തിയാണ് ആ ജനത ക്യാമ്പില്‍ കഴിയുന്നത്. അടിസ്ഥാന വിദ്യാഭ്യാസം നേടാന്‍ പോലും അവര്‍ കഷ്ടപ്പെടുകയാണ്. ഒരു ആഴ്ചയോ കൂടി പോയാല്‍ ഒരു മാസമോ ക്യാമ്പില്‍ കഴിയേണ്ടി വരുമെന്ന നിഗമനത്തിലാണ് ഓരോരുത്തരും ക്യാമ്പിലെത്തിയത്. എന്നാല്‍ കൊല്ലങ്ങളായി ക്യാമ്പില്‍ കഴിയേണ്ടി വരുന്നവരുടെ മാനസികാവസ്ഥ ഒരു പക്ഷേ കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരിനും മനസ്സിലാകണമെന്നില്ല. അതിനായി സമരത്തിനിറങ്ങിയാല്‍ അധികാരികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ നിങ്ങള്‍ തീവ്രവാദ ബന്ധമുള്ളവരാണ്.
പാര്‍ട്ടി പത്രത്തില്‍ മുന്‍ പേജില്‍ വന്ന ആ ഒന്‍പത് പേരും രഹസ്യ കേന്ദ്രത്തില്‍ വെച്ച് ഗൂഢാലോചന നടത്തിയവരല്ല. എല്ലാവരും പൊതുമധ്യത്തിലുള്ളവരും ജനങ്ങളുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഈ ഒന്‍പത് പേരെ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലില്‍ അടച്ചാലും ആരും ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഉണ്ടാകില്ല. ദേശാഭിമാനിയുടെ രാഷ്ട്ട്രീയ അജണ്ടയെല്ലാം മാറ്റി നിര്‍ത്തിയാല്‍ ഒരു പത്രമെന്ന നിലയില്‍ ഒരു അന്വേഷണവും നടത്താതെയാണ് ആ ഒന്‍പത് പേരുടെയും ചിത്രങ്ങള്‍ മുന്‍ പേജില്‍ അച്ചടിച്ചത്. അവരുടെ പലരുടെയും പേരുകളിലും അവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുമെല്ലാം തെറ്റായിട്ടാണ് പത്രം നല്‍കിയിരിക്കുന്നത്. വസ്തുനിഷ്ഠമായ ഒരു വാര്‍ത്ത പോലും കൈകാര്യം ചെയ്യാനറിയാത്തവരാണ് ദേശാഭിമാനിയില്‍ ജോലി ചെയ്യുന്നതെന്ന കാര്യത്തില്‍ ഏറെ സഹതാപവുമുണ്ട്.