അദാനി നേരിടുന്ന പരീക്ഷണം 40 വര്‍ഷം മുന്‍പ് ധിരുഭായ് അംബാനി നേരിട്ടതിന് സമാനം

അദാനി നേരിടുന്ന പരീക്ഷണം 40 വര്‍ഷം മുന്‍പ് ധിരുഭായ് അംബാനി നേരിട്ടതിന് സമാനം

1982നും 1983 നും ഇടയിൽ പേര് വെളിപ്പെടുത്താത്ത എൻആർഐകൾ റിലയൻസിൽ 220 മില്യൺ രൂപ നിക്ഷേപിച്ചിരുന്നു. ഇന്നും അജ്ഞാതനായ ഷാ എന്ന ആളായിരുന്നു നിക്ഷേപകരിൽ പ്രധാനി
Updated on
4 min read

ഈ മാസം എട്ടിന് ഗൗതം അദാനി ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ റോള്‍ മോഡല്‍ ധിരുഭായ് അംബാനി ആണെന്നാണ് അന്നദ്ദേഹം പറഞ്ഞത്. ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ കമ്പനിയുടെ റിപ്പോര്‍ട്ടും അവര്‍ അദാനി എന്റര്‍പ്രൈസസിലെ തങ്ങളുടെ ഷോര്‍ട്ട് പൊസിഷന്‍ വെളിപ്പെടുത്തിയതും ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്നുണ്ട്. കൗതുകകരമായ ഒരു വസ്തുത അദാനി തന്റെ റോള്‍ മോഡല്‍ എന്ന് പറഞ്ഞ സാക്ഷാല്‍ ധിരുഭായ് അംബാനിക്കും സമാനമായ ഒരു അനുഭവം 1980കളില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് അദ്ദേഹം വളരെ കൗശലത്തോടെ അത് നേരിട്ടു എന്ന് മാത്രമല്ല, പിന്നീടൊരിക്കലും ഷോര്‍ട്ട് സെല്ലേഴ്‌സ് അദ്ദേഹത്തോട് മത്സരിക്കാന്‍ ധൈര്യപ്പെട്ടിട്ടുമില്ല.

1978ല്‍ ആദ്യം വര്‍ഷം തന്നെ ലിസ്റ്റ് ചെയ്ത വിലയുടെ അഞ്ചിരട്ടിയായ 50 രൂപ വരെ ഉയര്‍ന്നിരുന്നു ഓഹരിയുടെ മൂല്യം. അന്നത്തെ കാലത്തു 50 രൂപ എന്നത് വളരെ ഉയര്‍ന്ന പ്രീമിയം ആയിരുന്നു. 1980-ല്‍ അത് 104 രൂപയിലെത്തി; രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വില 186 രൂപയായി.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

1977 ഒക്ടോബറില്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തു. 10 രൂപ വീതമുള്ള 2.8 ദശലക്ഷം ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കി. അതിനുശേഷം കമ്പനി ഇടയ്ക്കിടെ റൈറ്റ്‌സ്, ബോണസ് എന്നിവ ഇഷ്യൂ ചെയ്യുക വഴിയും Convertible Debentures വഴിയും പണം സ്വരൂപിച്ചുകൊണ്ടിരുന്നു. Convertible Debentures വഴിയുളള ധനശേഖരണം ഓഹരി വിപണിയില്‍ റിലയന്‍സിന് വലിയ മുന്നേറ്റം ഉണ്ടാക്കി. ഐപിഒയ്ക്ക് ശേഷം റിലയന്‍സിന്റെ ഓഹരി വില കുതിച്ചുയര്‍ന്നുകൊണ്ടിരുന്നു. 1978ല്‍ ആദ്യം വര്‍ഷം തന്നെ ലിസ്റ്റ് ചെയ്ത വിലയുടെ അഞ്ചിരട്ടിയായ 50 രൂപ വരെ ഉയര്‍ന്നിരുന്നു ഓഹരിയുടെ മൂല്യം. അന്നത്തെ കാലത്തു 50 രൂപ എന്നത് വളരെ ഉയര്‍ന്ന പ്രീമിയം ആയിരുന്നു. 1980-ല്‍ അത് 104 രൂപയിലെത്തി; രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വില 186 രൂപയായി.

1982-ന്റെ തുടക്കത്തില്‍ റിലയന്‍സ് കൂടുതല്‍ ധനസമാഹരണത്തിനു വേണ്ടി Partially Convertible Debentures പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ പണം ശേഖരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. നിക്ഷേപകരുടെ കയ്യില്‍ നിന്ന് ശേഖരിക്കുന്ന തുകയ്ക്ക് ഒരു നിശ്ചിത പലിശ കുറച്ചു കാലത്തേക്ക് നല്‍കുകയും അത് കഴിഞ്ഞാല്‍ ഇഷ്യൂ ചെയ്യപ്പെട്ട debentureകളിൽ കുറച്ചുഭാഗം കമ്പനിയുടെ ഓഹരികളായി മാറ്റി നല്‍കുകയും ചെയ്യുന്ന രീതിയാണിത്.

ആരാണീ ഓഹരികള്‍ ഒക്കെ വാങ്ങിക്കൂട്ടുന്നത് എന്നത് എല്ലാരേയും അമ്പരപ്പിച്ചു. 10 കോടിയിലധികം ചെലവഴിച്ചാണ് ഈ ഓഹരികള്‍ വാങ്ങപ്പെട്ടത്. അന്നത്തെ 10 കോടി എന്നത് എത്ര വലുതാണെന്നോര്‍ക്കണം !

എസ് കെ ബറുവയും ജെ ആര്‍ വര്‍മയും ചേര്‍ന്നെഴുതിയ സ്റ്റോറി ഓഫ് ദി മിസ്സിംഗ് 4000 ക്രോര്‍സ് എന്ന പുസ്തകത്തില്‍ ഈ സംഭവങ്ങള്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. Partially Convertible Debentures ഇഷ്യൂ ചെയ്യുന്നതിന് തൊട്ടു മുന്‍പേ റൈറ്റ്സ് ഇഷ്യൂ വിജയിക്കാന്‍ വേണ്ടി റിലയന്‍സ് ഓഹരികളുടെ വില കമ്പനി മാനേജ്‌മെന്റ് കൃത്രിമമായി ഉയര്‍ത്തി നിര്‍ത്തുന്നുവെന്ന് ചിലര്‍ മനസിലാക്കി. കല്‍ക്കട്ടയില്‍ നിന്നാണെന്നു കരുതപ്പെടുന്ന ബെയര്‍ ഓപ്പറേറ്റര്‍മാരുടെ ഒരു കൂട്ടം, റിലയന്‍സിന്റെ ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാന്‍ ആരംഭിച്ചു. തങ്ങളുടെ കയ്യില്‍ ഇല്ലാത്ത ഓഹരികള്‍, വില കുറയും എന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ വില്‍ക്കുന്നതിനെയാണ് ഷോര്‍ട്ട് സെല്ലിങ് എന്ന് പറയുന്നത്. ഒരു ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നു. പിന്നീട് വില കുറയുമ്പോള്‍ തിരിച്ചു വാങ്ങിക്കുന്നു. ഓഹരി വിപണിയില്‍ അന്ന് വില്‍പ്പന സമ്മര്‍ദം തീവ്രമായിരുന്നു. മാര്‍ച്ച് 18-ന് വ്യാപാരം അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പേ പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് 3,50,000 റിലയന്‍സ് ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്യപ്പെട്ടു (വില്‍ക്കപ്പെട്ടു). മണിക്കൂറുകള്‍ കൊണ്ട് ഓഹരി വില 131 രൂപയില്‍ നിന്ന് കുത്തനെ ഇടിഞ്ഞു 121 രൂപ ആയി .

എന്നാല്‍ പിന്നീട് നടന്നത് വളരെ വിചിത്രമായിരുന്നു. ഷോര്‍ട്ട് സെല്ലേഴ്‌സ് 1.1 ദശലക്ഷം ഓഹരികള്‍ വരെ വിറ്റു. പക്ഷെ പൊടുന്നനെ എത്ര കൂടുതല്‍ ഓഹരികള്‍ വില്‍ക്കപ്പെടുന്നോ അതിനേക്കാള്‍ വളരെ അധികം ഓഹരികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ വാങ്ങാന്‍ തുടങ്ങി. ഒടുവില്‍ എത്ര ഓഹരികള്‍ വില്‍ക്കപ്പെട്ടോ അതിനേക്കാള്‍ എട്ട് ലക്ഷത്തോളം കൂടുതല്‍ ഓഹരികള്‍ വാങ്ങപ്പെട്ടു. ആരാണീ ഓഹരികള്‍ ഒക്കെ വാങ്ങിക്കൂട്ടുന്നത് എന്നത് എല്ലാരേയും അമ്പരപ്പിച്ചു. 10 കോടിയിലധികം ചെലവഴിച്ചാണ് ഈ ഓഹരികള്‍ വാങ്ങപ്പെട്ടത്. അന്നത്തെ 10 കോടി എന്നത് എത്ര വലുതാണെന്നോര്‍ക്കണം !

റിലയന്‍സ് ഓഹരികള്‍ വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകത ഓഹരികളുടെ വില ഉറപ്പാക്കി. വരും ദിവസങ്ങളില്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. അന്ന് ഷോര്‍ട്ട് ചെയ്തവര്‍ക്ക് തിരിച്ചു വാങ്ങാന്‍ ഉള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്തത് ധിരുഭായ് അംബാനി തന്നെ ആയിരുന്നു എന്ന കിംവദന്തി ശക്തമായിരുന്നു.

അന്നത്തെ സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഓഹരി വിപണിയില്‍ നടക്കുന്ന എല്ലാ ഇടപാടുകളുടെയും സെറ്റില്‍മെന്റ് നടക്കുന്നത് രണ്ടാമത്തെ വെള്ളിയാഴ്ചകളിലാണ്. അപ്പോഴാണ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്ത തുകകള്‍ സെറ്റില്‍ ചെയ്യുന്നത്. റിലയന്‍സ് ഓഹരികള്‍ വന്‍തോതില്‍ വാങ്ങപ്പെട്ടതോടെ ഓഹരി വില ഉയര്‍ത്തി. ഷോര്‍ട്ട് സെല്‍ ചെയ്തവര്‍ പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്വന്തം കയ്യില്‍ ഇല്ലാത്ത ഓഹരികളാണ് അവര്‍ വിറ്റത്. സെറ്റില്‍മെന്റ് ദിവസം ഒന്നുകില്‍ തങ്ങളുടെ കയ്യിലുള്ള റിലയന്‍സ് ഓഹരികള്‍ നല്‍കുക അല്ലെങ്കില്‍ അന്ധ ബദ്‌ലാ എന്ന പേരിൽ അറിയപ്പെട്ട ചാർജ്  അടയ്ക്കുക. അതേ അവര്‍ക്ക് വഴിയുള്ളു.

ഏപ്രില്‍ 30നു റിലയന്‍സ് ഓഹരികള്‍ വാങ്ങിയ പാശ്ചാത്യ നിക്ഷേപകര്‍ ഷോര്‍ട്ട് ചെയ്തവരോട് തങ്ങള്‍ വാങ്ങിയ ഓഹരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ഷോര്‍ട്ട് സെല്ലേഴ്സിന്റെ പക്കല്‍ ഓഹരികള്‍ ഉണ്ടായിരുന്നില്ല, നിക്ഷേപകര്‍ ഒരു ഷെയറിന് 25 രൂപ അന്ധ ബദ്‌ലാ ആവശ്യപ്പെട്ടു. കരടികള്‍ ഞെട്ടി - എക്സ്ചേഞ്ച് പ്രതിസന്ധിയിലായി. അടുത്ത ബുധനാഴ്ച വരെ എക്‌സ്‌ചേഞ്ച് അടച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റിലയന്‍സ് ഓഹരികളുടെ വില ഉയര്‍ന്നു. ഷോര്‍ട്ട് ബ്രോക്കര്‍മാര്‍ ഓഹരികള്‍ കണ്ടെത്തിയതിനാല്‍ 201 രൂപ വരെ റിലൈന്‍സ് ഓഹരികള്‍ കുതിച്ചുയര്‍ന്നു. റിലയന്‍സ് ഓഹരികള്‍ വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകത ഓഹരികളുടെ വില ഉറപ്പാക്കി. വരും ദിവസങ്ങളില്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. അന്ന് ഷോര്‍ട്ട് ചെയ്തവര്‍ക്ക് തിരിച്ചു വാങ്ങാന്‍ ഉള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്തത് ധിരുഭായ് അംബാനി തന്നെ ആയിരുന്നു എന്ന കിംവദന്തി ശക്തമായിരുന്നു.

ഐല്‍ ഓഫ് മാന്‍ എന്ന ടാക്‌സ് ഹെവന്‍ രാജ്യത്താണ് ഇവ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ ഷെല്‍ കമ്പനികളില്‍ പലതും 'ഷാ' എന്നറിയപ്പെടുന്ന ഒരു നിഗൂഢ മനുഷ്യന്റെ ഉടമസ്ഥതയിലായിരുന്നു

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച ചോദ്യം ഇത്രയധികം റിലയന്‍സ് ഓഹരികള്‍ വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍ ആരായിരുന്നു എന്നതാണ്. അതിന്റെ ഉത്തരം പ്രണബ് മുഖര്‍ജി ഒരിക്കല്‍ പാര്‍ലമെന്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. 1982 നും 1983 നും ഇടയില്‍ പേര് വെളിപ്പെടുത്താത്ത എന്‍ആര്‍ഐകള്‍ റിലയന്‍സില്‍ 220 മില്യണ്‍ രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുഖര്‍ജി വെളിപ്പെടുത്തി. ഫിയാസ്‌കോ, ലോട്ട തുടങ്ങിയ ഷെല്‍ കമ്പനികള്‍ വഴിയാണ് പണം വഴിതിരിച്ചുവിട്ടതെന്ന് പിന്നീട് കണ്ടെത്തി. ഐല്‍ ഓഫ് മാന്‍ എന്ന ടാക്‌സ് ഹെവന്‍ രാജ്യത്താണ് ഇവ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ ഷെല്‍ കമ്പനികളില്‍ പലതും 'ഷാ' എന്നറിയപ്പെടുന്ന ഒരു നിഗൂഢ മനുഷ്യന്റെ ഉടമസ്ഥതയിലായിരുന്നു. എന്നാല്‍ ഷാ ആരായിരുന്നു? ആര്‍ബിഐ അന്വേഷണം റിലയന്‍സ് ഏതെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയിട്ടില്ലെങ്കിലും ഈ ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല.

ഇപ്പോള്‍ അദാനിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗും ഒരു ഷോര്‍ട്ട് സെല്ലിങ് കമ്പനി ആണ്. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തന്നെ അദാനി ഓഹരികള്‍ തങ്ങള്‍ ഷോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് അവര്‍ വെളിപ്പെടുത്തുന്നു. അദാനി എന്റര്‍പ്രൈസസ് എഫ്പിഒ പുറത്തു വരുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ് ഷോര്‍ട്ട് പൊസിഷന്‍ വെളിപ്പെടുത്തുന്നതും റിപ്പോര്‍ട്ട് പുറത്തു വിടുന്നതും പണ്ട് ധിരുഭായ് അംബാനിയും കൊല്‍ക്കത്ത ബെയര്‍ കാര്‍ട്ടലും തമ്മിലുണ്ടായ പ്രശ്‌നത്തിന് വളരെ സമാനമായ ഒന്നാണ്.

ഈ ഒരു റിപ്പോര്‍ട്ട് കൊണ്ട് അദാനി തകരുമോ? അതിന് സാധ്യത കുറവാണ്. നിലവിലെ ഭരണകക്ഷിയും അദാനിയുമായുള്ള അടുപ്പം ഗ്രൂപ്പിനുള്ള ശക്തമായ ഒരു ഗ്യാരന്റിയാണ്

അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും ശക്തമായ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്ന് തന്നെയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വരും മുന്‍പെ അതിലെ ഉള്ളടക്കത്തില്‍ മിക്കതും നിക്ഷേപകര്‍ക്ക് അറിയുന്നവ തന്നെയായിരുന്നു. അദാനി ഓഹരികളില്‍ എല്ലാം തന്നെ വളരെ ഉയര്‍ന്ന valuationനില്‍ ആയിരുന്നു. കുറച്ചു കാലം മുന്‍പേ ജിയോയിലേക്കു വന്‍ നിക്ഷേപങ്ങള്‍ നടത്തി നഷ്ടം ഉണ്ടാക്കിയപ്പോള്‍ റിലയന്‍സ് തകരും എന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ ആ പടുകൂറ്റന്‍ നഷ്ടത്തില്‍ നിന്ന് വളരെ സമര്‍ഥമായി റിലയന്‍സ് കരകയറി. ഇന്ന് ഇന്ത്യയിലെ നിരവധി പോര്‍ട്ടുകള്‍, എയര്‍ പോര്‍ട്ടുകള്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജെക്ടുകള്‍, ഗ്യാസ് പൈപ്പ്ലൈന്‍, ഇന്ത്യക്കകത്തും പുറത്തും ഉള്ള മൈനിങ് / എനര്‍ജി പ്രൊജെക്ടുകള്‍ ഒക്കെ അദാനി ചെയ്യുന്നുണ്ട്. പക്ഷെ, അവരുടെ ശരിയായ മൂല്യത്തിനേക്കാള്‍ വളരെ വലിയ വിലയാണ് ഓഹരികള്‍ക്ക് ഉള്ളത് എന്നത് വാസ്തവമാണ്.

ഈ ഒരു റിപ്പോർട്ടുകൊണ്ടു അദാനി തകരുമോ? അതിന് സാധ്യത കുറവാണ്. നിലവിലെ ഭരണകക്ഷിയും അദാനിയുമായുള്ള അടുപ്പം ഗ്രൂപ്പിനുള്ള ശക്തമായ ഒരു ഗ്യാരന്റിയാണ്. രാജ്യത്തെ ഒരുവിധം എല്ലാ ബാങ്കുകളും എൽ ഐ സിയും ഒക്കെ വലിയ തുകകളാണ് അദാനിയിൽ നിക്ഷേപിച്ചിരിക്കുന്നത് . അദാനി ഏറ്റെടുത്തിരിക്കുന്ന വലിയ ഗവണ്മെന്റ് പ്രൊജെക്ടുകൾ വേറെയും. അവയൊക്കെ തകരാതെ നോക്കേണ്ടത് ഇവരുടെ ഒക്കെ കൂടി ആവശ്യമാണ്.  

ഓഹരി വില ഇപ്പോൾ കുറഞ്ഞിട്ടു പോലും FPOയിൽ നിരവധി വലിയ നിക്ഷേപകർ പണം നിക്ഷേപിക്കുന്നുണ്ട്. അത് കൂടാതെ ഒരുപാട് ആസ്തികളും അദാനിക്കുണ്ട് . ഈ ഒരൊറ്റ റിപ്പോർട്ട് ഒരു തകർച്ചക്ക് കാരണമാവണം എന്നില്ല. പക്ഷെ സുസ്ഥിരമായ ഒരു ബിസിനസ് മോഡലും കൂടുതൽ ലാഭശതമാനവും കുറച്ചു കാലത്തിനിടെഉണ്ടാക്കിയെടുത്ത് നിലവിലുള്ള കടത്തിന്റെ തോത് കുറച്ചാൽ മാത്രമേ മുന്നിലേക്കുള്ള വഴി സുഗമമാകൂ. 

logo
The Fourth
www.thefourthnews.in