മേരി റോയി
മേരി റോയി

അവകാശപ്പോരാട്ടം മേരി റോയിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു

സ്ത്രീകളുടെ സ്വത്തവകാശ സംരക്ഷണം ഉറപ്പാക്കി ചരിത്രം സൃഷ്ടിച്ച മേരി റോയ്, നിയമപ്പോരാട്ടങ്ങളില്‍ തന്നോടൊപ്പം ചേര്‍ന്ന സ്ത്രീകളുടെ കാര്യങ്ങളിലും അതേ ജാഗ്രത പുലര്‍ത്തി
Updated on
2 min read

സ്ത്രീകളുടെ അവകാശത്തിനും അവകാശ സംരക്ഷണത്തിനുമായി അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ് മേരി റോയ്. സ്ത്രീകള്‍ക്കായുള്ള അവകാശപ്പോരാട്ടങ്ങള്‍ അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നുവെന്ന് പറയാം. സ്ത്രീ, ദളിത് അവകാശ പോരാട്ടങ്ങളില്‍ ആരോഗ്യമുള്ള കാലത്തിടത്തോളം അവര്‍ സജീവമായിരുന്നു. വലിയ വിഭാഗം സ്ത്രീകളുടെ സ്വത്തവകാശ സംരക്ഷണം ഉറപ്പാക്കി ചരിത്രം സൃഷ്ടിച്ച മേരി റോയ്, നിയമപ്പോരാട്ടങ്ങളില്‍ തന്നോടൊപ്പം ചേര്‍ന്ന സ്ത്രീകളുടെ കാര്യങ്ങളിലും അതേ ജാഗ്രത പുലര്‍ത്തി.

ഏറെ വിവാദമായ, സൂര്യനെല്ലി കേസിന്റെ തുടക്കം മുതല്‍ പെണ്‍കുട്ടിയുടെ നീതിക്കായി ഉറച്ചുനിന്നു. അതിനുവേണ്ടി സാമുഹ്യ ഇടപെടലുകളും നടത്തി.

സ്ത്രീ വിമോചന സംഘടനയായ സഹജയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മേരി റോയിയെ പരിചയപ്പെടുന്നത്. 1994-95 കാലഘട്ടത്തിലായിരുന്നു അത്. സഹജ കണ്‍വീനര്‍ എലിസബത്ത് ഫിലിപ്പുമായുള്ള ബന്ധമാണ് മേരി റോയിയോട് അടുപ്പിക്കുന്നത്. എലിസബത്തിന്റെ ടീച്ചര്‍ കൂടിയായിരുന്നു. അംഗമായിരുന്നില്ലെങ്കിലും സഹജയുടെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. സഹജ ഇടപ്പെട്ട വിഷയങ്ങളിലും കേസുകളിലും ശക്തികേന്ദ്രമായി നിലകൊണ്ടു. ഏറെ വിവാദമായ, സൂര്യനെല്ലി കേസിന്റെ തുടക്കം മുതല്‍ പെണ്‍കുട്ടിയുടെ നീതിക്കായി ഉറച്ചുനിന്നു. അതിനുവേണ്ടി സാമുഹ്യ ഇടപെടലുകളും നടത്തി. പ്രതിഷേധം ഉയര്‍ന്നപ്പോഴെല്ലാം സ്ത്രീപക്ഷത്ത് തന്നെയായിരുന്നു മേരിയുടെ സ്ഥാനം. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. സാമുഹിക, നിയമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരായ നിയമപോരാട്ടമാണ് മേരിയെ ശ്രദ്ധേയയാക്കിയത്. സ്ത്രീവിരുദ്ധവും നീതിരഹിതവുമായ 1916ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമത്തിനും 1921 കൊച്ചി പിന്തുടര്‍ച്ചാ നിയമത്തിനുമെതിരെയായിരുന്നു മേരിയുടെ നിയമ പോരാട്ടം. നിയമപ്രകാരം, പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗം അല്ലെങ്കില്‍ അയ്യായിരം രൂപയോ അതില്‍ കുറവോ മാത്രമായിരുന്നു സ്ത്രീകള്‍ക്കുള്ള അവകാശം. ആ നിയമത്തെയാണ് മേരി വെല്ലുവിളിച്ചത്. സഭയും സഭാനേതൃത്വും മറ്റു അനുകൂല സംഘടനകളും എതിര്‍ച്ചേരിയില്‍ നിന്നപ്പോഴും സുപ്രീംകോടതി വരെ അതിനായി പോരാടി.

പഴയ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ അസാധുവാക്കിയാണ് സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്രപ്രധാന വിധി മേരി റോയ് നേടിയെടുക്കുന്നത്.

പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ അസാധുവാക്കിയാണ് സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്രപ്രധാന വിധി മേരി റോയ് നേടിയെടുക്കുന്നത്. 1960കളില്‍ കീഴ്‌ക്കോടതികളില്‍ നിന്നാരംഭിച്ച നിയമപോരാട്ടമാണ് 1984ല്‍ സുപ്രീം കോടതിയില്‍ വിജയം കണ്ടത്. 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം മാത്രമാണ് ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും അസാധുവാണെന്നുമായിരുന്നു ആ വിധി. വില്‍പത്രം എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മാത്രമല്ല, 1951 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്നും ഉത്തരവിട്ടു.

അതേസമയം, കേരളത്തില്‍ വിവിധ ക്രിസ്ത്യന്‍ സഭകളും സഭാ നേതൃത്വവും ഉള്‍പ്പെടെ വലിയൊരു സംഘം സുപ്രീംകോടതി വിധിക്കെതിരെ രംഗത്തെത്തി. സഭകളുടെയും നേതൃത്വങ്ങളുടെയും സംയുക്ത സംഘം രൂപീകരിക്കപ്പെടുകയും ചെയ്തിരുന്നു. നിയമസഭയില്‍ നിയമം പാസാക്കുകയായിരുന്നു ലക്ഷ്യം. രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം തുടങ്ങിവെച്ച ശ്രമങ്ങള്‍ പക്ഷേ, ഫലം കണ്ടില്ല. എന്നാല്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തി നേടിയെടുത്ത സ്വത്ത് കിട്ടാന്‍ മേരി റോയിക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു.

അക്കാലത്ത് തന്നെ നിയമത്തെ അനുകൂലിച്ച് ക്രിസ്ത്യന്‍ വനിതകളുടെ ഒരു ഫോറവും രൂപീകരിക്കപ്പെട്ടു. പല സഭകളില്‍ നിന്നുള്ള സ്ത്രീകളുടെ കൂട്ടായ്മ നിയമത്തെ അനുകൂലിച്ചും മേരിക്ക് പിന്തുണയുമായി രംഗത്തെത്തി. അവരുടെ പ്രവര്‍ത്തനങ്ങളില്‍ മേരി റോയ് സജീവമായി. ദളിത് അവകാശ സമരങ്ങളിലും മേരി റോയിയുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. തൊണ്ണൂറുകളില്‍ നടന്ന ദളിത് അവകാശ പോരാട്ടങ്ങളോടൊപ്പം നിന്നു. അതിനുള്ള സഹായങ്ങളും ലഭ്യമാക്കി. പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടെ സാമുഹ്യ സേവന പ്രവര്‍ത്തനങ്ങളിലും അതീവ താല്‍പര്യത്തോടെ പങ്കെടുത്തു.

സുപ്രീം കോടതി വരെ നീണ്ട മേരി റോയിയുടെ നിയമപ്പോരാട്ടത്തില്‍ ഏതാനും പേര്‍ പങ്കുചേര്‍ന്നിരുന്നു. പിതൃസ്വത്തില്‍ അവകാശമില്ലാത്ത, തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്ന സ്ത്രീകളായിരുന്നു അത്. അവരുമായൊക്കെ അവസാന കാലത്തോളം വളരെ അടുപ്പം പുലര്‍ത്തിയിരുന്നുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിന് ഭാഷ പോലും തടസമായിരുന്നില്ല. അത്രത്തോളം, സ്ത്രീകളുടെ അവകാശവും അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടവും മേരി റോയിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.

മേരി റോയി
പറന്നകലാന്‍ അനുവദിക്കുവോളം എന്നെ സ്നേഹിച്ചതിന് ... മേരി റോയിയെക്കുറിച്ച് മകള്‍ അരുന്ധതി റോയ് പറഞ്ഞത്

സ്വന്തം സഹോദരങ്ങള്‍ക്കെതിരെ പോരടിച്ചാണ് മേരി റോയ് സ്ത്രീകളുടെ അവകാശസംരക്ഷണം ഉറപ്പാക്കിയത്. എന്നാല്‍, അത് സഹോദരങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നോ എന്ന ചോദ്യത്തിനുള്ള മേരി റോയിയുടെ മറുപടിയും ശ്രദ്ധേയമാണ്. ''നീതി തേടിയാണ് ഞാന്‍ കോടതിയില്‍ പോയത്. നിലനിന്നിരുന്ന സ്ത്രീവിരുദ്ധ നിയമത്തിനെതിരെയായിരുന്നു പോരാട്ടം. മക്കള്‍ എല്ലാവരും തുല്യരാണ്. പെണ്‍കുട്ടികള്‍ രണ്ടാം കിടക്കാരാണെന്ന ചിന്ത മാറണം. അതിനുവേണ്ടി മാത്രമായിരുന്നു നിയമപ്പോരാട്ടം'', മേരി റോയിയുടെ പ്രതികരണം, ശരിക്കുമൊരു പോരാളിയുടേതായിരുന്നു.

logo
The Fourth
www.thefourthnews.in