” മാർക്സിനു തെറ്റിയാലും മത്തായിക്ക് തെറ്റില്ല; കാരണം മത്തായിക്ക് മസ്തിഷകമുണ്ട് ”
ഇന്ന്, ഒക്ടോബര്‍ 13, മത്തായി മാഞ്ഞൂരാന്റെ നൂറ്റിപ്പത്താം ജന്മവാര്‍ഷികമാണ്. പ്രഗത്ഭനായ സ്വാതന്ത്ര്യസമര സേനാനി, മികച്ച സംഘാടകന്‍ , ശക്തനായ തൊഴിലാളി നേതാവ്, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ്, സാഹസികനായ പ്രക്ഷോഭകാരി, വാഗ്മി, പത്രപ്രവര്‍ത്തകന്‍, അങ്ങനെ സകലകലാ വല്ലഭനായിട്ടുള്ള, മത്തായി മാഞ്ഞൂരാനെപ്പോലെയൊരു ഓള്‍റൗണ്ടര്‍ കേരള രാഷ്ട്രീയത്തിലുണ്ടായിട്ടില്ല.
1955-ല്‍ തിരു-കൊച്ചിയില്‍ നിന്ന് രാജ്യസഭാംഗമായ അദ്ദേഹം 1967-ല്‍ മാടായിയില്‍ നിന്ന് നിയമസഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി
പുരോഗമനാശയക്കാരായ യുവാക്കളുടെ ആവേശമായിരുന്ന മത്തായി മാഞ്ഞൂരാന്‍ നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ് പ്രസ്ഥാനം, അമ്പതുകളിലും അറുപതുകളിലും കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായിരുന്നു. രാഷ്ട്രീയ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട് ഒളിവില്‍ കഴിഞ്ഞ മത്തായി മാഞ്ഞൂരാന് നേരിടേണ്ടിവന്നത് എതാണ്ട് നാല്‍പ്പതോളം കേസുകളായിരുന്നു. വടക്കെ ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും കള്ളപ്പേരില്‍ ജോലി ചെയ്യുകയായിരുന്ന ഒളിവുകാലം അവിടെയുള്ള ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുവാനായിരുന്നു അദ്ദേഹം ഉപയോഗിച്ചത്.
മത്തായി മാഞ്ഞൂരാന്റെ ജീവിത കഥ ഒരു ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം പോലെ ആവേശം നിറഞ്ഞതാണ്
1955-ല്‍ തിരു-കൊച്ചിയില്‍ നിന്ന് രാജ്യസഭാംഗമായ അദ്ദേഹം 1967-ല്‍ മാടായിയില്‍ നിന്ന് നിയമസഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. 1970 ജനുവരിയില്‍ അന്തരിച്ചു.
പാര്‍ട്ടിയിലും അനുയായികളുടെ ഇടയിലും ജനങ്ങളുടെ മനസിലും 'ആശാന്‍' എന്ന് അറിയപ്പെട്ട മത്തായി മാഞ്ഞൂരാന്റെ ജീവിത കഥ ഒരു ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം പോലെ ആവേശം നിറഞ്ഞതാണ്.
സ്വാതന്ത്ര്യ സമരക്കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ നയങ്ങളില്‍ അതൃപ്തരായി പാര്‍ട്ടി വിട്ട് പുറത്ത് വന്നവര്‍ രൂപികരിച്ചതായിരുന്നു കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി. കൊച്ചിയില്‍ അതിന്റെ അനിഷേധ്യ നേതാവ് മത്തായി മാഞ്ഞൂരാനും , തിരുവിതാംകൂറില്‍ എന്‍. ശ്രീകണ്ഠന്‍ നായരുമായിരുന്നു. ആദ്യകാലത്ത് ഐക്യ കേരളത്തിന് വേണ്ടി പട പൊരുതിയ മാഞ്ഞൂരാന്‍ പിന്നീട് കെഎസ്പിക്കൊരു പുതിയ സിദ്ധാന്തവുമായി രംഗത്ത് വന്നു. ഇന്ത്യാ ഗവണ്‍മെന്റ് ഗുജറാത്തി മാര്‍വാടി മുതലാളിത്ത ഉടമസ്ഥതയിലാണെന്നും, അവരില്‍ നിന്ന് യാതൊരു ഗുണവും കേരള സംസ്ഥാനത്തിന് കിട്ടുകയില്ലെന്നും പറഞ്ഞുവെച്ചു. അതിനാല്‍ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വിട്ട് കേരള ജനത പുതിയൊരു സ്റ്റേറ്റ് ആകണമെന്ന് വാദിച്ചു.
ഒളിവില്‍ കഴിയുന്ന ഒരാള്‍ പൊതുസമ്മേളനം നടത്തുക! മത്തായി മാഞ്ഞുരാന് മാത്രം കഴിയുന്ന ഒരു സിദ്ധിയാണത്
കൊച്ചിയിലെ രാജേന്ദ്ര മൈതാനത്ത് പൊതുയോഗത്തില്‍ പ്രസംഗിക്കവേ , തന്റെ വാദം ഉറപ്പിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: ''മാര്‍ക്‌സിന് തെറ്റു പറ്റിയാലും മത്തായിക്ക് തെറ്റ് പറ്റില്ല. കാരണം മത്തായിക്ക് മസ്തിഷ്‌കമുണ്ട് ! ലെനിനു തെറ്റുപറ്റിയാലും മത്തായിക്ക് തെറ്റ് പറ്റില്ല! - (വിരല്‍ തലയില്‍ തൊട്ട് -) കാരണം മത്തായിക്ക് മസ്തിഷകമുണ്ട്!''ഇതുകേട്ട് വന്‍ ജനാവലി ആവേശപൂര്‍വം കയ്യടിച്ചു. സര്‍ സി പി യുടെ സ്വതന്ത്ര കേരള വാദത്തിന്റെ പുതിയ പതിപ്പായിരുന്ന ആശയത്തിന് മാഞ്ഞൂരാന് കൊച്ചിയില്‍ വന്‍ പിന്‍തുണ കിട്ടിയെങ്കിലും തിരുവിതാംകൂറിലും മലബാറിലും ഇത് ഏറ്റില്ല.
ഒരു കേസില്‍ പെട്ട് ബോംബയില്‍ ഒളിവില്‍ കഴിയുമ്പോള്‍ ഒരു ദിവസം മാഞ്ഞൂരാന് ഒരു ആശയം ഉദിച്ചു. ബോംബയില്‍ പതിനായിരക്കണക്കിന് മലയാളികളുണ്ട്. അവരെ സംഘടിപ്പിച്ച് ഒരു അഖില കേരള മലയാളി സമ്മേളനം നടത്തുക ! അന്ന് ബോംബെയില്‍ ജോലി ചെയ്തിരുന്ന സാഹിത്യകാരന്‍ എസ് കെ പൊറ്റെകാട് ആയിരുന്നു കൂടെ ഉത്സാഹത്തിന്. 'ഒളിവില്‍ കഴിയുന്ന ഒരാള്‍ പൊതുസമ്മേളനം നടത്തുക!' മത്തായി മാഞ്ഞുരാന് മാത്രം കഴിയുന്ന ഒരു സിദ്ധിയാണത്. കുഴിയുണ്ടാക്കി ചാടുക, പിന്നെ സുഖമായി രക്ഷപ്പെടുക !
വെള്ള പട്ടാളക്കാരന്റെ കുത്തിന് ഒരൊറ്റ പിടി, റിസപ്ഷനിലേക്ക് കൈ ചൂണ്ടി പറഞ്ഞു.' Clear the bill and go.' സായിപ്പ് ചൂളിപ്പോയ്
കേരള സമ്മേളനം കോലാഹലത്തോടെ നടത്തി വിജയക്കൊടി പാറിച്ച മത്തായി മാഞ്ഞൂരാനെന്ന ബോംബു കേസ് പ്രതിയെ തേടി ഏറെ താമസിയാതെ പോലീസെത്തി. അവരെ വെട്ടിച്ച് രക്ഷപ്പെട്ട മാഞ്ഞൂരാന്‍ പിന്നെ പൊന്തിയത് ലക്‌നൗവിലെ റോയല്‍ ഹോട്ടലിന്റെ മാനേജരായാണ് . അതും ആ സാഹസിക ജീവിതത്തിലെ ഒരു മൈല്‍ കുറ്റി തന്നെ. ആ കഥ ഇങ്ങനെ: ബോംബെയില്‍ നിന്ന് പോലീസിനെ വെട്ടിച്ച് ലക്‌നൗവില്‍ പൊങ്ങിയ മത്തായി മാഞ്ഞൂരാന് താല്‍ക്കാലികമായി ഒരു ജോലി വേണം. ലക്‌നൗവില്‍ ഒരു ഇറ്റലിക്കാരന്റെ ഹോട്ടലില്‍ ക്ലാര്‍ക്കായ് ജോലി കിട്ടി. ആ ഹോട്ടലില്‍ അക്കാലത്ത് ബ്രിട്ടിഷ് പട്ടാളക്കാര്‍ വന്ന് താമസിച്ച് മുന്നും നാലും ദിവസം ആഘോഷമായി താമസിച്ച് ബില്ല് കൊടുക്കാതെ ഇറങ്ങിപ്പോകും. ഉടമ ഇറ്റലിക്കാരന്‍ മിഴിച്ച് നോക്കി നില്‍ക്കും. ചോദിക്കാനുള്ള ധൈര്യം ഇല്ല ബ്രിട്ടീഷുകാരാണല്ലോ ഇന്ത്യ വാഴുന്നത് ! ഇത് സ്ഥിരം പരിപാടിയായി ഹോട്ടലില്‍ നടന്നു വന്നു. കിട്ടാ കുറ്റി ബില്ലുകള്‍ പെരുകി വന്നു. ഒരു ദിവസം ഒരു ബ്രിട്ടിഷ് പട്ടാളക്കാരന്‍ കുശലായി 3 നാള്‍ താമസിച്ച് ബില്ല് കൊടുക്കാതെ, ചൂളം വിളിച്ച് കൂളായ് ഇറങ്ങി പോകുമ്പോള്‍ , റിസപ്ഷനില്‍ ഇരികുന്ന പുതിയ ക്ലര്‍ക്ക് മാത്യൂസ് എഴുന്നേറ്റ് ചെന്ന് ആ വെള്ള പട്ടാളക്കാരന്റെ കുത്തിന് ഒരൊറ്റ പിടി. റിസപ്ഷനിലേക്ക് കൈ ചൂണ്ടി പറഞ്ഞു.' Clear the bill and go.' സായിപ്പ് ചൂളിപ്പോയ് ! ആദ്യമായാണ് ഇന്ത്യയില്‍ വെച്ച് ഇങ്ങനെ ഒരു അനുഭവം. പിടിച്ച ആളുടെ ആകാരവും , ആജ്ഞാശക്തിയും കണ്ടപ്പോള്‍ (മത്തായി മാഞ്ഞൂരാന്‍ സൂമുഖനും ദീര്‍ഘകായനുമായിരുന്നു.) പട്ടാളക്കാരന്റെ ധൈര്യം ആവിയായ്. അയാള്‍ പറഞ്ഞു, 'No Money' എന്നിട്ട് കാലി പേഴ്‌സും ബാഗും കാണിച്ചു. ഉടനെ മത്തായി അയാളുടെ തോളില്‍ തൂങ്ങിയ ക്യാമറ പിടിച്ചെടുത്തു. എന്നിട്ട് പറഞ്ഞു' Then keep your camera here' എതിര്‍ക്കാന്‍ പറ്റാതെ സായിപ്പ് ആ ഉരുക്കുമുഷ്ടിയില്‍ നിന്ന് വിടുതല്‍ നേടി വേഗം സ്ഥലം കാലിയാക്കി.
ഇതൊക്കെ മാറി നിന്ന് കണ്ടിരുന്ന ഇറ്റലിക്കാരന്‍ ഉടമ, ഉടനെ തന്നെ ക്ലര്‍ക്കിന് പ്രമോഷന്‍ കൊടുത്ത് മാനേജരാക്കി. ഏറെ താമസിയാതെ ഹോട്ടലിന്റെ മേലധികാരിയായി മത്തായി മാഞ്ഞൂരാനെന്ന മാത്യൂസ്. ഹോട്ടലില്‍ നടന്നിരുന വെള്ള പട്ടാളക്കാരുടെ അഭ്യാസങ്ങളെല്ലാം അതോടെ അവസാനിച്ചു.
പിതാവ് മാത്യു മാഞ്ഞൂരാന്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കൊച്ചിയിലെ ആദ്യത്തെ പൊതുപ്രവര്‍ത്തകനാണ്
ബ്ലാക്ക് ക്യാറ്റ് എന്ന പേരാണ് മത്തായി മാഞ്ഞൂരാന്‍ ഒളിവു ജീവിതത്തില്‍ കത്തുകളെഴുതാന്‍ ഉപയോഗിച്ചിരുന്നത്. ലക്‌നൗവില്‍ സുഖകരമായ ഒളിവു ജീവിതം തുടരുമ്പോള്‍ ഒരു ദിവസം , മാനേജരുടെ മുറിയില്‍ ഒരാള്‍ വന്ന് അവിടെയിരിക്കുന്ന സൂട്ടുധാരിയോട് ചോദിച്ചു' I want to meet Mr. Mathews. Is he here?
സൂട്ട് ധരിച്ച Mr. Mathews എന്ന മത്തായി മാഞ്ഞൂരാന്‍ പറഞ്ഞു.''Yes Mr. Mathews is working here, You please take your seat. I shall call him'. കീഴിയരിയൂര്‍ ബോംബ് കേസില്‍ പ്രതിയായ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ ബോംബെ പോലീസാണെന്ന് മനസിലാക്കിയ മത്തായി മാഞ്ഞുരാന്‍ പിന്‍വാതിലൂടെ നിര്‍ഗമിച്ചു. പിന്നെ പൊങ്ങിയത് രാജസ്ഥാനിലെ ജോദ്പൂരില്‍ ഒരു മോട്ടോര്‍ കമ്പനി പ്രതിനിധിയായ് . അവിടെയും പോലീസ് എത്തുമെന്നായപ്പോള്‍ അപ്രത്യക്ഷനായി. പിന്നെ, പ്രത്യക്ഷപ്പെടുന്നത് 1946 ല്‍ ചാലക്കുടിയില്‍ നടന്ന പ്രജാമണ്ഡല സമ്മേളനത്തില്‍ ഐക്യ കേരള മുദ്രവാക്യമുയര്‍ത്തി അഭിനവ പരശുരാമനായി!
കൊച്ചിയിലെ ബഹുജന പ്രക്ഷോഭങ്ങളില്‍ സജീവമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ പിതാവ് മാത്യു മാഞ്ഞൂരാന്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കൊച്ചിയിലെ ആദ്യത്തെ പൊതുപ്രവര്‍ത്തകനാണ്. 1934-ല്‍ രാജാവിനെതിരെ പ്രസംഗിച്ചതിനു ജയിലായപ്പോള്‍ പിറകെ, പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് രണ്ട് മക്കളും ജയിലിലായ് . കുടംബത്തിലെ ,അച്ഛനും രണ്ട് മക്കളും ഒരേ സമയം തടവില്‍ !ചെറായിലെ. ചക്കര പറമ്പില്‍ 1912 ല്‍ ജനിച്ച , മത്തായി മാഞ്ഞൂരാന്‍, അവിവാഹിതനായിരുന്നു.
ലോക് സഭാംഗത്തെ തിരഞ്ഞെടുക്കാന്‍ ഒരു ഇന്ത്യന്‍ പൗരനില്‍ നിക്ഷിപ്തമായ അതേ അവകാശം തന്നെയാണ് നിയമസഭാംഗത്തെ തിരഞ്ഞെടുക്കാനുള്ളത്
ഇന്നും ചര്‍ച്ചാ വിഷയമായ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അധികാര വടംവലിയില്‍ പണ്ടേ , മത്തായി മാഞ്ഞൂരാന് ഉറച്ച തീരുമാനമുണ്ടായിരുന്നു.
കേരളത്തിനോടുള്ള കേന്ദ്ര അവഗണനയെ വിമര്‍ശിച്ചതിനെ താക്കീത് ചെയ്ത കേന്ദ്ര മന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രസ്താവനയെ തോട്ടിലെറിഞ്ഞ് പറളിയില്‍ മത്തായി മാഞ്ഞുരാന്‍ ഇങ്ങനെ പ്രസംഗിച്ചു' സംസ്ഥാന ഗവണ്‍മെന്റിനേക്കാള്‍ അധികാരം കേന്ദ്ര ഗവണ്‍മെന്റിനുണ്ടെന്ന് വാദിക്കുന്നത് ശുദ്ധഭോഷ്‌ക്കാണ്. ലോക് സഭാംഗത്തെ തിരഞ്ഞെടുക്കാന്‍ ഒരു ഇന്ത്യന്‍ പൗരനില്‍ നിക്ഷിപ്തമായ അതേ അവകാശം തന്നെയാണ് നിയമസഭാംഗത്തെ തിരഞ്ഞെടുക്കാനുള്ളത്. ഇതില്‍ വലിപ്പ ചെറുപ്പമൊന്നുമില്ല.'
ഇന്ത്യന്‍ ഭരണഘടനയോട് വലിയ മതിപ്പൊന്നും തനിക്കില്ലെന്ന് തുറന്നടിച്ചു. ''ഇന്ത്യന്‍ ഭരണഘടനക്ക് ഈ കോണ്‍ഗ്രസുകാര്‍ പറയുന്ന മഹത്വമൊന്നും ഞാന്‍ കല്‍പ്പിക്കുന്നില്ല. ഇന്ത്യക്ക് തനതായ ഭരണഘടനയൊന്നുമില്ല. ഡോ. അംബ്ദേക്കറും അല്ലാടി കൃഷ്ണസ്വാമി അയ്യരുമൊക്കെ പടച്ചുണ്ടാക്കിയ ഈ ഭരണഘടനയിലെ പേജുകളില്‍ ഭൂരിപക്ഷവും വിദേശ രാജ്യങ്ങളിലെ ഭരണഘടനയില്‍ നിന്ന് കണ്ണുമടച്ചു ചീന്തിയെടുത്തതാണ്. അതിന് പ്രത്യേക പരിശുദ്ധിയൊന്നുമില്ല. കേന്ദ്രത്തിന്റെ കയ്യില്‍ പട്ടാളമുണ്ടെന്ന ഭീഷണി കയ്യില്‍ വെച്ചാ മതി . ഇങ്ങോട്ട് വെടിവെച്ചാല്‍ അങ്ങോട്ടും വെടിവെയ്ക്കാം''.
ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടും, സമകാലീന രാഷ്ട്രീയ സാമുഹ്യ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് അനേകം ലേഖനങ്ങളും , ലഘുഗ്രന്ഥങ്ങളും മത്തായി മാഞ്ഞൂരാന്‍ എഴുതിയിട്ടുണ്ട്. 1950 കളില്‍ സോഷ്യലിസ്റ്റ് വാരികയില്‍ എഴുതിയ പരമ്പര പാശ്ചാത്യതത്വശാസ്ത്ര ദര്‍ശനങ്ങളെ കുറിച്ച് മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ട ലേഖനങ്ങളാണ്. സോക്രട്ടിസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, എപ്പിക്യൂറസ്, മാര്‍ക്ക്‌സ് ഒറിലിയസ് , തോമസ് അക്വിനാസ് , ഫ്രാന്‍സിസ് ബേക്കണ്‍ എന്നീ ദാര്‍ശിനികരെ കുറിച്ച് ലളിതമായി എഴുതപ്പെട്ട ഈ ലേഖന പരമ്പര - 'പ്രകാശത്തിലേക്ക്' - 1955 ല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് രണ്ടു പുസ്തകങ്ങള്‍ കൂടി പുറത്ത് വന്നു. ചില പദങ്ങള്‍ക്ക് മലയാളമില്ല എന്ന് വാദിക്കുന്നവര്‍ക്കുള്ള മറുപടി കുടിയായിരുന്നു അത്. ദാര്‍ശനിക ചിന്തകള്‍ക്ക് മലയാള വിവര്‍ത്തനം അതീവ ദുഷ്‌കരമായതിനാലാണ് അക്കാലത്ത് ഇതിനാരും തുനിയാഞ്ഞത്. അത് കൊണ്ടു തന്നെ മത്തായി മാഞ്ഞൂരാന്‍ മലയാളത്തില്‍ എഴുതിയതിനു സമാനമായ, തത്വചിന്തയെ കുറിച്ചുള്ള മികച്ച ലേഖനങ്ങള്‍ ഇപ്പോഴും മലയാളത്തില്‍ വിരളമാണ്.
രണ്ടാം ഇഎംഎസ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി രണ്ടുവര്‍ഷം ചെലവിട്ടുവെങ്കിലും എക്കാലത്തും കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ വിമര്‍ശകനായിരുന്നു അദ്ദേഹം. 1952-54 കാലത്ത് രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഗണ്യമായ പങ്കാണ് വഹിച്ചിരുന്നത്. ഒല്ലൂരില്‍ നിന്ന് തുടങ്ങിയ പ്രവര്‍ത്തനത്തില്‍ മത്തായി മാഞ്ഞൂരാന്‍ എത്തി ചേര്‍ന്നത് എറണാകുളത്ത് നിരവധി തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനത്തായിരുന്നു. ടാറ്റ തൊഴിലാളി യൂണിയനും ബെര്‍മാഷെല്‍(ഓയില്‍ കമ്പനി) യൂണിയനും അവയില്‍ ചിലതു മാത്രം. കേവലം ട്രേഡ് യൂണിയന്‍ പ്രസിഡന്റിനുണ്ടായിരുന്നതിനപ്പുറമുള്ള ആജ്ഞാശക്തിയും സ്വാധീനതയും തൊഴിലാളികള്‍ക്കിടയില്‍ മത്തായി മാഞ്ഞൂരാന്‍ നേടിയിരുന്നു. സോഷ്യലിസ്റ്റ് എന്ന പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ പ്രസിദ്ധീകരണത്തിലും മത്തായി മാഞ്ഞൂരാന്റെ പങ്ക് വലുതായിരുന്നു.
ഗിന്നസ് ബുക്കില്‍ കയറേണ്ട ആളാണ് മത്തായി മാഞ്ഞൂരാന്‍ എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയത്
മന്ത്രിയായതിനു ശേഷം ഉടനെ കൈകാര്യം ചെയ്യേണ്ട ഒരു തൊഴില്‍ സമരമായിരുന്നു ടി സി സി യിലേത്. നൂറ് ദിവസം പിന്നിട്ട സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മത്തായി മാഞ്ഞൂരാന്‍ വിളിച്ച യോഗത്തില്‍ വ്യവസായ മന്ത്രി ടി.വി. തോമസ് ലേബര്‍ കമ്മീഷണര്‍, ജനറല്‍ മാനേജര്‍ കെ.വി. രാമകൃഷ്ണ അയ്യര്‍ (മലയാറ്റൂര്‍ രാമകൃഷ്ണന്‍) എന്നിവരാണ് പങ്കെടുത്തത്. മത്തായി മാഞ്ഞൂരാന്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചു. ''നാളെ രാവിലെ 8 മണി ഷിഫ്റ്റിന് തൊഴിലാളികളെല്ലാം ജോലിക്ക് ഹാജരാകും. എഗ്രിമെന്റിനെപ്പറ്റി പിന്നീട് സംസാരിക്കാം.''
പണിമുടക്ക് അതോടെ അവസാനിച്ചു. പണിമുടക്ക് സെറ്റില്‍മെറ്റിന് ഏറ്റവും കുറഞ്ഞ സമയം എടുത്ത മന്ത്രിയെന്ന നിലക്ക് ഗിന്നസ് ബുക്കില്‍ കയറേണ്ട ആളാണ് മത്തായി മാഞ്ഞൂരാന്‍ എന്നാണ് പിന്നീട് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയത്.
കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു മത്തായി മാഞ്ഞൂരാന്‍. അത്യസാധാരണമായ ധീരതയും ആര്‍ജ്ജവവും ഒത്തുചേര്‍ന്ന ബഹുമുഖ പ്രതിഭ. ''കല്ലിന്റെ പരുപരുപ്പും ശക്തിയും ദ്യോതിപ്പിക്കുമായിരുന്ന അതിദൃഢമായ കൈകാലുകളും വിരിഞ്ഞ ചുമലും നെറ്റിയുടെ സമനിരപ്പിലേക്ക് തള്ളി നില്‍ക്കുന്ന കാളക്കണ്ണുകളും ഉയര്‍ന്ന് നീണ്ട് അഗ്രം വളയാതെ ചുണ്ടുകളുടെ നേരെ കൈനീട്ടുന്ന ആകൃതിയൊത്ത മൂക്കും -കൈകള്‍ പിന്നില്‍ ചുറ്റി രഘുവംശത്തിലേയോ കുമാര സംഭവത്തിലേയോ ശ്ലോകങ്ങള്‍ പറപറാ ശബ്ദത്തില്‍ ഉരുക്കഴിച്ചുകൊണ്ട് ഉലാത്തുമായിരുന്ന മത്തായി ആശാന്‍ ഒരു സിന്ധിക്കാളയുടെ രൂപം ശരിക്കും അനുസ്മരിപ്പിക്കുമായിരുന്നു,'' മത്തായി മാഞ്ഞുരാന്‍ കളരിയില്‍ പയറ്റിത്തെളിഞ്ഞ പില്‍ക്കാലത്തെ പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. കെ. ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.
(ചരിത്രാന്വേഷിയും മാധ്യമപ്രവര്‍ത്തകനുമാണ് ലേഖകന്‍)