കൂട്ടമറവിക്കൊരു 
തിരുത്ത്: പി കെ റോസിയെ ഗൂഗിൾ ആദരിക്കുമ്പോൾ

കൂട്ടമറവിക്കൊരു തിരുത്ത്: പി കെ റോസിയെ ഗൂഗിൾ ആദരിക്കുമ്പോൾ

പതിറ്റാണ്ടുകൾ അദൃശ്യതയിലാണ്ട റോസിയുടെ നൂറ്റി ഇരുപതാം ജന്മദിനം ഗൂഗിൾ ആഘോഷമാക്കുന്ന വേളയിൽ തന്നെയാണ് തൊഴിലിടത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ആറ് വയസ്സ് തികയുന്നതും
Updated on
3 min read

മലയാള സിനിമയുടെ രാഷ്ട്രമാതാവ് പി കെ റോസിക്ക് അവരുടെ നൂറ്റി ഇരുപതാം ജന്മദിനത്തോടനുബന്ധിച്ച് ഗൂഗിൾ നൽകിയ ആദരവ് ഇന്നാരും കാണാതെ പോകില്ല. മാതൃശൂന്യമായ ചലച്ചിത്ര ചരിത്രത്തിന്റെ പോരാട്ട ചരിത്രമാണ് പി കെ റോസി എന്ന സ്മരണയിലൂടെ ആദരിക്കപ്പെടുന്നത്. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുമായിരുന്ന അവസ്ഥയിൽ നിന്നും ഗൂഗിൾ ആദരിക്കുന്ന നിലയിലേക്കുള്ള ഈ മാറ്റം എണ്ണപ്പെടേണ്ടത് തന്നെ. ചരിത്രത്തിലെ ഏറ്റവും നീണ്ട കൂട്ടമറവിയുടെ തിരുത്താണ് നാടുകടത്തപ്പെട്ട റോസിയുടെ മലയാളക്കരയിലേക്കുള്ള തിരിച്ചു വരവ്. അതിന്നും പൂർണ്ണമല്ല; ഒരു തുടർ പോരാട്ടമാണ്. അതിന്റെ ഒരു കണ്ണിയിൽ പങ്കുചേരാനായതിന്റെ ചാരിതാർത്ഥ്യം ഈ ഗൂഗിൾ ആദരവ് കാണുമ്പോൾ മനസ്സിൽ നിറയുന്നു.

2004 ൽ മാതൃഭൂമിയുടെ ചിത്രഭൂമി ചലച്ചിത്ര വാരികയുടെ ചുമതല വഹിക്കുന്ന കാലത്താണ് റോസി ഒരോർമ്മയായി ജീവിതത്തിലേക്ക് വരുന്നത്. "വെളളിത്തിരയ്ക്ക് അകത്തും പുറത്തുമുള്ള സ്ത്രീ " എന്ന വിഷയത്തിൽ ദീദി നടത്തി വരുന്ന ഗവേഷണമായിരുന്നു എനിക്ക് ചിത്രഭൂമി പെൺപതിപ്പിന് പ്രചോദനമായിരുന്നത്. അങ്ങനെയൊരു ചരിത്രരേഖ എവിടെയുമുണ്ടായിരുന്നില്ല.

അതിന്റെ പണിയുമായി മുന്നോട്ട് പോകുന്ന വേളയിലാണ് ചലച്ചിത്ര ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ പി കെ റോസിയെ ഓർമ്മപ്പെടുത്തി ചിത്രഭൂമിയിലേക്കയച്ച ഒരു കത്ത് കയ്യിൽ കിട്ടുന്നത്. പെൺപതിപ്പിന്റെ കവർ സ്റ്റോറി എന്തെന്ന് അതോടെ തീരുമാനമായി. ചരിത്രത്തിന്റെ അദൃശ്യത തന്നെയായിരുന്നു പ്രചോദനമായി മാറിയത് . റോസിക്ക് അപ്പോൾ ഒരു മുഖമുണ്ടായിരുന്നില്ല. ആ ശൂന്യതയിൽ ചേലങ്ങാടന്റെ കത്തുമായി ഇരുന്ന് ആർട്ടിസ്റ്റ് പ്രദീപ് കുമാർ വരച്ച ഛായാപടമാണ് ചരിത്രത്തിലെ ആദ്യ റോസി ഭാവന.

വെള്ളിത്തിരയിലെ തിളങ്ങുന്ന താരങ്ങളൊന്നുമല്ലാതെ റോസിയുടെ ഭാവനയിലുള്ള ഒരു ഛായാപടം ഒരു മുഖ്യധാരാ സിനിമാ വാരികയുടെ കവർ ചിത്രമാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ അന്നത്തെ കമ്പോളയുക്തിയോട് മല്ലിട്ട് എഡിറ്റോറിയൽ ടീം തോറ്റുപോവുകയാണുണ്ടായത്. പണമിറക്കി ചെയ്യുന്ന ഒരു പ്രത്യേക പതിപ്പ് വിറ്റുപോകാതെ പോയാൽ ചിത്രഭൂമിക്ക് അതൊരു തിരിച്ചടിയാകും എന്നായിരുന്നു സർക്കുലേഷൻ, പരസ്യ വിഭാഗങ്ങളിൽ നിന്നുള്ള ഫീഡ്ബാക്ക്. കമ്പോളം എഡിറ്റോറിയൽ തീരുമാനങ്ങളിൽ പണിയെടുക്കുന്നത് വില്പനയുടെ സൗന്ദര്യശാസ്ത്രം പറഞ്ഞാണ്. അതാണ് എഡിറ്റോറിയലിന് മുകളിലെ യുക്തിയുടെ അധികാരം . അങ്ങനെ പെൺപതിപ്പിന്റെ കവർ റോസിക്ക് പകരം മഞ്ജുവാര്യരായി. കറുത്ത നായികയ്ക്ക് പകരം വെളുത്ത നായിക തന്നെ എങ്ങനെ ആവർത്തിക്കുന്നു എന്ന ജാതിയുടെ അധികാരപാഠം ഇതിൽ വായിക്കാം.

മഞ്ജു അപ്പോൾ വിവാഹത്തോടെ സിനിമ വിട്ട് വീട്ടിൽ അദൃശ്യയായി കഴിയുന്ന കാലമായിരുന്നു. സിനിമയിൽ നിന്നും വിട പറയുന്നതിന് തൊട്ടു മുൻപ് ജമേഷ് കോട്ടക്കൽ നടത്തിയ അവസാനത്തെ അപ്രകാശിത ഫോട്ടോഷൂട്ട് അങ്ങനെ പി കെ റോസിക്ക് വച്ച ഇടം കവർന്നു. വിവാഹത്തോടെ അപ്രത്യക്ഷമാകുന്ന നായികാജീവിതത്തിൻ്റെ പ്രതീകമായിരുന്നു അന്ന് മഞ്ജുവാര്യർ. ആ ശൂന്യതയിൽ ആ കവർ, റോസിക്കും ഒരു "കവറാ"യി നിന്നു.

കവർ ആയില്ലെങ്കിലും 2004 ലെ ചിത്രഭൂമി പെൺപതിപ്പിൽ ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കിയതും ചർച്ചകൾക്കും തിരുത്തലുകൾക്കും വഴിയൊരുക്കിയതും "ആദ്യനായിക- ദുരന്ത നായിക " എന്ന റോസിയെക്കുറിച്ചുള്ള ചേലങ്ങാടന്റെ കവർ സ്റ്റോറി തന്നെയായിരുന്നു.

ജെ സി ഡാനിയേലിൻ്റെ മകൻ ഹാരിസ് ഡാനിയേൽ നമ്പർ തേടിപ്പിടിച്ച് വിളിച്ചു. ചിത്രഭൂമി ലക്കം ആവശ്യപ്പെട്ട് ആ കാലം ഓർമ്മിച്ച് കത്തെഴുതി. കുന്നുകുഴി മണി എന്ന ദളിത് ചരിത്രകാരൻ റോസിയെക്കുറിച്ച് നിരവധി തുടർ വിവരങ്ങൾ വിളിച്ചു പറഞ്ഞു. കുരീപ്പുഴ ശ്രീകുമാർ "നടിയുടെ രാത്രികൾ " എന്ന കവിത എഴുതി ചിത്രഭൂമിക്ക് അയച്ചു തന്നു. ഒരു പക്ഷേ ചലച്ചിത്ര വാരിക അച്ചടിച്ച ആദ്യത്തെ കവിതയാകാമത്. റോസിയുടെ ജീവിതം വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ഈ ഇടപെടലുകൾ വഴിയൊരുക്കി .

കുന്നുകുഴി മണിയാണ് ആദ്യം അതിന് തുടർചരിത്രം എഴുതിയത്. പിന്നീട് ചിത്രഭൂമി സബ് എഡിറ്റർ ജി ജ്യോതിലാൽ, മണി നിർദ്ദേശിച്ച വഴികളിലൂടെ തിരുവനന്തപുരം മുതൽ ചെന്നൈയുടെ ഉൾപ്രദേശങ്ങളിലൂടെയെല്ലാം അലഞ്ഞ് റോസി കടന്നു പോയ വഴികളിൽ ബാക്കി നിൽക്കുന്ന ചരിത്രത്തിൻ്റെ അംശങ്ങൾ തേടിപ്പിടിച്ചു ദീർഘ പരമ്പര എഴുതി. കൂട്ടമറവിയിൽ നിന്നും ചരിത്രം ഖനനം ചെയ്തെടുക്കുന്ന പണിയായിരുന്നു അത്. അതിന് ഫലവുമുണ്ടായി.

തൊട്ടടുത്ത വർഷം 2005 ൽ തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുമ്പോൾ റോസിയുടെ ഓർമ്മക്ക് റോസി ഫൗണ്ടേഷൻ ഒരു നോട്ടീസടിച്ച് വിതരണം ചെയ്ത് ആദ്യനായികയുടെ ആദൃശ്യത ഫെസ്റ്റിവലിനെ ഓർമ്മപ്പെടുത്തി. അതിൽ കുരീപ്പുഴയുടെ കവിതയുമുണ്ടായിരുന്നു.

2004-2008 കാലത്ത് റോസിയുടെ ജീവിതം പല നിലയ്ക്കും പ്രചോദനമായിട്ടുണ്ട്. കുരീപ്പുഴ ശ്രീകുമാറിന്റെ "നടിയുടെ രാത്രികൾ " ആണ് സാഹിത്യത്തിലെ ആദ്യ രചന. 2008 ൽ അന്ന് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന സജിത മഠത്തിൽ ക്യൂറേറ്റ് ചെയ്ത "വെള്ളിത്തിരയിലെ സ്ത്രീ " എന്ന സ്മൃതിചിത്ര പരമ്പരയുടെ ഭാഗമായി പി കെ റോസി അക്കാദമിക് ചരിത്രത്തിന്റെ ഭാഗമായി അടയാളപ്പെടുത്തപ്പെട്ടു. ചിത്രഭൂമിക്കായി ആർട്ടിസ്റ്റ് പ്രദീപ് കുമാർ വരച്ച റോസിയുടെ പെയിൻ്റിങ് ആയിരുന്നു സ്മൃതിചിത്രമായി ഉപയോഗിച്ചത്. തൊട്ടു പിറകെ വിനു എബ്രഹാമിൻ്റെ "നഷ്ടനായിക " എന്ന നോവലും അതിനെ അവലംബിച്ച് കമലിൻ്റെ "സെല്ലുലോയിഡും'' (2013) പുറത്തു വന്നു.

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ വിട പറഞ്ഞതിന് ശേഷം അദ്ദേഹത്തിൻ്റെ പാത പിൻതുടർന്ന് മകൻ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ ഒരു പഴയ ഫോട്ടോഗ്രാഫ് റോസിയുടേതാണ് എന്ന സങ്കല്പത്തിൽ മാതൃഭൂമി 2010 ൽ പ്രസിദ്ധീകരിച്ച വാർത്ത വീണ്ടും റോസിയിലേക്ക് ചർച്ചകളെ കൊണ്ടുവന്നു. തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയിൽ റോസിയുടേതെന്ന് പറഞ്ഞ് പ്രദർശിപ്പിച്ചിരുന്ന പടം കണ്ടിട്ടുണ്ട് എന്ന് ചിത്രഭൂമിയിൽ എഴുതിയിരുന്ന കുന്നുകുഴി മണിയെ കാണിച്ചാണ് അത് റോസിയുടേത് തന്നെ എന്ന് ഉറപ്പു വരുത്തിയതെങ്കിലും അത് റോസി ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട്. ഓർമ്മ എപ്പോഴും സത്യം പറഞ്ഞു കൊള്ളണമെന്നില്ല. എന്തായാലും ചേലങ്ങാടിന്റെയും കുന്നുകുഴി മണിയുടെയും ഓർമ്മകളോട് കേരളം കടപ്പെട്ടിരിക്കുന്നു; നീണ്ട ശൂന്യത നികത്തി ആ ഇരുളിലേക്ക് വെളിച്ചം വീശിയതിന് ജെ സി ഡാനിയേലിനെയും പി കെ റോസിയെയും ഓർമ്മയിൽ നിലനിർത്തിയതിന്.

റോസിക്ക് അവകാശപ്പെട്ട മരണാനന്തര നീതി മലയാള സിനിമ ഇനിയും നൽകി എന്നു പറയാനായിട്ടില്ല. റോസിയുടെ കരിയർ ഇല്ലായ്മ ചെയ്ത ശക്തികൾ ഇന്ന് നൂറു മടങ്ങ് കരുത്തരാണ്. സുപ്രീം കോടതി പാസ്സാക്കിയ നിയമമുണ്ടായിട്ടും ഒരു തൊഴിലിടമെന്ന നിലയിൽ പരാതി പരിഹാര സമിതി ഇനിയും മലയാള സിനിമയിൽ സാധ്യമായിട്ടില്ല. അത് ഉണ്ടായേ തീരൂ.

മലയാള സിനിമയ്ക്ക് പിതാവ് മാത്രം പോര. അത് ജെ സി ഡാനിയേലിന് അർഹതപ്പെട്ടത് തന്നെ. മാതാവായി പി കെ റോസിയും അംഗീകരിക്കപ്പെട്ടേ തീരൂ. മാതൃശൂന്യതയുടെ ചരിത്രത്തിൽ റോസി റോസിയുടെ മരണാനന്തരപോരാട്ടങ്ങൾ അങ്ങനെ തുടരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടവും നീതി എങ്ങുമെത്താതെ തുടരുകയാണ്. ഈ ഫെബ്രുവരി 17ന് അതിന് ആറ് വയസ്സ് തികയും. മലയാള സിനിമ, കണ്ടില്ല എന്ന് നടിച്ചു കൊണ്ട് നടത്തുന്ന എല്ലാ ആഘോഷങ്ങൾക്കും മേലുള്ള കരിനിഴലായി ആ അധ്യായം നിലനിൽക്കുകയാണ്.

logo
The Fourth
www.thefourthnews.in